|    Aug 20 Sun, 2017 1:35 pm
FLASH NEWS

കണ്ണൂര്‍ സമാധാനത്തിനായി കൈകോര്‍ത്ത് സിപിഎം-ബിജെപി നേതാക്കള്‍

Published : 6th August 2017 | Posted By: fsq

 

കണ്ണൂര്‍: സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ രാഷ്ട്രീയ അസ്വാരസ്യം നിലനില്‍ക്കുന്ന ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളിലേക്ക് വഴിതുറന്ന് വീണ്ടും ഉഭയകക്ഷി ചര്‍ച്ച. ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍, സമാധാനം പുനസ്ഥാപിക്കാനുള്ള ക്രിയാത്മക നടപടികള്‍ ആവിഷ്‌കരിക്കാന്‍ ധാരണയായി. ഭാവിയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിക്കും. പ്രശ്‌നങ്ങളുണ്ടായാല്‍ അതിനുമേല്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് നിര്‍ദേശം നല്‍കും. അതിനായി അണികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും. പ്രാദേശികമായി ഉണ്ടാവുന്ന ചെറിയ സംഭവങ്ങള്‍ പോലും മനസ്സിലാക്കി അതിലെ തെറ്റുകള്‍ കണ്ടെത്തി ആവശ്യമായ തിരുത്തല്‍ നടപടിയെടുക്കും. ഇതു പ്രാവര്‍ത്തികമാക്കുന്നുവെന്ന് ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനമായി. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തുറന്ന സമീപനമാണ് സമാധാനചര്‍ച്ചയില്‍ ഇരുപാര്‍ട്ടി നേതാക്കളും പ്രകടിപ്പിച്ചത്. സാധാരണഗതിയില്‍ സംഘര്‍ഷങ്ങളുണ്ടായ ശേഷം സമാധാനയോഗങ്ങള്‍ ചേരാറുണ്ടെങ്കിലും താല്‍ക്കാലികമായ സമാധാനന്തരീക്ഷം മാത്രമേ ഉണ്ടാവാറുള്ളൂ. കഴിഞ്ഞ വര്‍ഷം കൊലപാതകം ഉള്‍പ്പെടെയുള്ള അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത യോഗം ചേര്‍ന്നിരുന്നെങ്കിലും തുടര്‍ന്നും സംഘര്‍ഷങ്ങള്‍ അരങ്ങേറി. സര്‍വകക്ഷി യോഗങ്ങള്‍ക്ക് ശേഷവും അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതു പരിശോധിക്കണമെന്ന് പല കോണുകളില്‍നിന്ന് ആവശ്യം ഉയരാറുണ്ടെങ്കിലും ക്രിയാത്മക നടപടികള്‍ ഉണ്ടാവാറില്ല. എന്നാല്‍, ആറ്റിങ്ങല്‍ കൊലപാതകത്തെ തുടര്‍ന്ന് ക്രമസമാധാന പാലന വിഷയത്തില്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ടതോടെയാണ് ജില്ലാതലങ്ങളില്‍ ഉഭയകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. സംഘര്‍ഷമുണ്ടായാല്‍ ചര്‍ച്ച എന്നതിനു പകരം, കൃത്യമായ ഇടവേളകളില്‍ ഇരുവിഭാഗങ്ങളും യോഗം ചേര്‍ന്ന് സമാധാനാന്തരീക്ഷം വിലയിരുത്തണമെന്ന നിര്‍ദേശം ഇരുപാര്‍ട്ടികളും ചര്‍ച്ച ചെയ്തു. സമാധാനം നിലനിര്‍ത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ടെന്ന് ചര്‍ച്ച നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ആമുഖമായി പറഞ്ഞു. ജില്ലയില്‍ പലയിടത്തും സംഘടനാപരമായ പ്രവര്‍ത്തനസ്വാതന്ത്യം നിഷേധിക്കുന്നുവെന്ന വികാരമായിരുന്നു ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ യോഗത്തില്‍ പ്രധാനമായും പങ്കുവച്ചത്. കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെങ്കിലും എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിന് കൂച്ചുവിലങ്ങിടാന്‍ പാടില്ല. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അവരുടെ ആഘോഷ പരിപാടികള്‍ സമാധാനപരമായി നടത്താനുള്ള സാഹചര്യമൊരുക്കണം. സമാധാനശ്രമങ്ങളോട് ബിജെപി ഒരിക്കലും നിഷേധാത്മകമായ നിലപാട് സ്വീകരിക്കില്ലെന്നും നേതാക്കള്‍ ഉറപ്പുനല്‍കി. ഒരു സിപിഎം പ്രവര്‍ത്തകനും അക്രമത്തിന് മുതിരരുതന്ന നിര്‍ദേശം ഇതിനകം നല്‍കിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്‍ അറിയിച്ചു. ഒരു സിപിഎം പ്രവര്‍ത്തകന്‍ പോലും ഇനി അക്രമത്തിലേക്ക് പങ്കെടുക്കുന്ന തരത്തില്‍ പോവില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. അതേസമയം, രാഷ്ട്രീയസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ രക്തസാക്ഷി ദിനം ആചരിക്കുമ്പോള്‍ അത് മറുപക്ഷത്തെ പ്രകോപിപ്പിക്കാത്ത തരത്തില്‍ വേണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ഏറ്റവും കൂടുതല്‍ സംഘര്‍ഷങ്ങള്‍ നടന്ന തലശ്ശേരിയിലും പയ്യന്നൂരിലും പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിക്കാനും ധാരണയായി. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂധനന്‍, തലശ്ശേരി ഏരിയാ സെക്രട്ടറി എം സി പവിത്രന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി ഗോപാലന്‍കുട്ടി, സഹപ്രാന്ത സംഘചാലക് കെ കെ ബാലറാം, ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ രഞ്ജിത്ത്, ആര്‍എസ്എസ് വിഭാഗ കാര്യകാരി സദസ്യന്‍ വി ശശിധരന്‍  പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക