|    Jun 25 Mon, 2018 11:08 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കണ്ണൂര്‍ ശാന്തമാക്കാന്‍ സര്‍വകക്ഷിയോഗം

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണൂരില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണു യോഗംവിളിക്കാമെന്നു മുഖ്യമന്ത്രി ആദ്യമായി ഉറപ്പുനല്‍കിയത്.
കണ്ണൂരില്‍ സമാധാന സംഭാഷണം നടത്തുന്നതിനു സര്‍ക്കാരിന് ഒരു പ്രയാസവുമില്ല. പ്രാദേശികതലത്തിലുള്ള ആളുകളെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചയാണ് ആദ്യം വേണ്ടത്. ഇതിനായി കണ്ണൂരിലെ നേതാക്കളെ പങ്കെടുപ്പിച്ചു യോഗംവിളിക്കാം. ഇതു ഫലംകണ്ടില്ലെങ്കില്‍ അടുത്തപടിയായി സംസ്ഥാനതലത്തില്‍ പ്രമുഖ നേതാക്കളെ ഒന്നിച്ചിരുത്തി ചര്‍ച്ചനടത്താമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയ കൊലപാതകമില്ലെന്നു പ്രതിപക്ഷം പറയുന്നത് വസ്തുതകള്‍ മറച്ചുവച്ചാണ്. കണ്ണൂരിലെ പ്രവര്‍ത്തനങ്ങളില്‍ പോലിസിനു പരിമിതിയില്ല. സമാധാനസംഭാഷണങ്ങളില്‍ സഹകരിക്കാന്‍ ഒരുവിഭാഗം തയ്യാറാവാതെ അടുത്ത അക്രമത്തിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിലെ പരിമിതിയാണ് പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
പക്ഷപാതപരമായ നിലപാട് ഒരുഘട്ടത്തിലും പോലിസ് സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് രാഷ്ട്രീയക്കൊലപാതക അന്തരീക്ഷം രൂപപ്പെട്ടുവരുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ പ്രതികാരമനോഭാവം ഉണ്ടാവുന്നതാണു കൊലപാതകങ്ങളിലേക്കു നയിക്കുന്നത്. ഇതിനെ നീതീകരിക്കാനാവില്ല.
പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത ഈ നീക്കത്തെ മറികടക്കാന്‍ എല്ലാ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകര്‍ ബോധപൂര്‍വം ശ്രമിക്കണം. എതിരഭിപ്രായമുണ്ടായാല്‍ അത്തരക്കാര്‍ നാളെ നമുക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരാണെന്ന ബോധം മനസ്സിലുണ്ടാക്കിയെടുക്കണം. അത്തരമൊരു സമീപനമുണ്ടായാല്‍ പ്രതികാരചിന്ത മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവിടുത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കെ സി ജോസഫ് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലു മാസത്തിനകം 7 രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരില്‍ അരങ്ങേറി.  മുഖ്യമന്ത്രിക്ക് ദുരഭിമാനം പാടില്ലെന്നും കെ സി ജോസഫ് ചൂണ്ടിക്കാട്ടി. അതിനിടെ, ഭരണപക്ഷ അംഗങ്ങള്‍ ബഹളമുയര്‍ത്തി കെ സി ജോസഫിന്റെ പ്രസംഗം തടസ്സപ്പെടുത്തിയപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
കണ്ണൂരിലെ സമാധാനശ്രമങ്ങളോട് ബിജെപി-ആര്‍എസ്എസ് നേതൃത്വം സഹകരിക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, ഭീതിജനകമായ സാഹചര്യമുണ്ടെന്നു പ്രചരിപ്പിച്ച് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. മുന്‍സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ വച്ച രേഖകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് തിരുവനന്തപുരത്താണ്. കൊലപാതകങ്ങളുടെ എണ്ണത്തില്‍ ആറാംസ്ഥാനത്താണ് കണ്ണൂരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറാണ്. പ്രതിപക്ഷനേതാവിന്റെ കൂടി സൗകര്യം പരിഗണിച്ച് കണ്ണൂരില്‍ ഒരു സര്‍വകക്ഷിയോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
കണ്ണൂരില്‍ കുറച്ചുകാലമായി നടക്കുന്നത് യുദ്ധസമാനമായ അന്തരീക്ഷമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സഭയില്‍ നടത്തിയ സാരോപദേശം കണ്ണൂരിലെ പ്രവര്‍ത്തകര്‍ക്കാണു നല്‍കേണ്ടത്. സര്‍വകക്ഷിയോഗം വിളിച്ചാല്‍ മുഖ്യമന്ത്രിയുടെ സമയംനോക്കി പ്രതിപക്ഷവും പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss