|    Mar 22 Thu, 2018 1:44 pm
FLASH NEWS

കണ്ണൂര്‍ വീണ്ടും അശാന്തിയിലേക്ക്

Published : 12th October 2016 | Posted By: Abbasali tf

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാ ര്‍ അധികാരത്തിലെത്തിയ ദിവസം സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട ധര്‍മടം മണ്ഡലത്തില്‍ വീണ്ടുമൊരു സിപിഎം പ്രവര്‍ത്തകന്‍കൂടി കൊല്ലപ്പെട്ടതോടെ കണ്ണൂര്‍ ജില്ല വീണ്ടും അശാന്തിയില്‍. മഹാനവമി ദിനമായ തിങ്കളാഴ്ച രാവിലെ 10ഓടെയാണ് സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗവും വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയുമായ കെ മോഹന(52)നെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയതോതില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലത്ത് അപ്രതീക്ഷിതമായുണ്ടായ കൊലപാതകം മേഖലയാകെ അശാന്തിക്കു കാരണമായി. പയ്യന്നൂര്‍ കുന്നരുവില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിലേതെന്ന പോലെ ഇവിടെയും ആര്‍എസ്എസാണ് അക്രമത്തിനു തുടക്കമിട്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍  അധികാരത്തിലെത്തിയ ശേഷം ജില്ലയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരും രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. ഇതിനിടെ, ബോംബ് നിര്‍മാണത്തിനിടെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ഇയാളുടെ വീട്ടില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടുകയും ചെയ്തിരുന്നു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ പോലിസ് ചീഫ് കോറി സഞ്ജയ്കുമാര്‍ ഗുരുദിന്റെ നേതൃത്വത്തില്‍ പലയിടങ്ങളിലും റെയ്ഡ് നടത്തി വന്‍തോതില്‍ ബോംബുകളും ആയുധങ്ങള്‍ പിടികൂടിയിരുന്നു. വളപട്ടണം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ആര്‍എസ്എസ് ശാഖ നടത്തുന്ന സ്ഥലത്തു നിന്നടക്കം ആയുധശേഖരം പിടികൂടിയെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതിനിടയിലും മട്ടന്നൂര്‍, തില്ലങ്കേരി, കൂത്തുപറമ്പ്, അഞ്ചരക്കണ്ടി, പയ്യന്നൂര്‍ ഭാഗങ്ങളില്‍ സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. കണ്ണൂരിലെ സിപിഎം അക്രമങ്ങളെ ദേശീയതലത്തില്‍ ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രിമാര്‍ അടങ്ങുന്ന ബിജെപി എംപി സംഘം ജില്ലയിലെത്തുകയും ചെയ്തു. എന്നാല്‍, അക്രമത്തിനു തുടക്കമിടുന്നതു സംബന്ധിച്ചു പരസ്പരം പഴിചാരുന്നതല്ലാതെ സമാധാന യോഗങ്ങളെല്ലാം പ്രഹസനമായി മാറുകയായിരുന്നു. കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ എകെജി ഭവനിലേക്കു മാര്‍ച്ച് നടത്തിയ അന്നു തന്നെ ജില്ലയില്‍ ആര്‍എസ്എസ് സംഘം സിപിഎമ്മുകാരനെ വെട്ടിക്കൊന്നതും സിപിഎം ആയുധമാക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss