|    Dec 17 Mon, 2018 5:38 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അബൂദബി, റിയാദ്, ദോഹ സര്‍വീസുകള്‍

Published : 14th November 2018 | Posted By: kasim kzm

കണ്ണൂര്‍: അടുത്തമാസം ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഉദ്ഘാടനദിനമായ ഡിസംബര്‍ ഒമ്പതിന് കണ്ണൂരില്‍നിന്ന് നാലും തൊട്ടടുത്ത ദിവസം ആറും രാജ്യാന്തര സര്‍വീസുകളുണ്ടാവും. അബൂദബി, ഷാര്‍ജ, മസ്‌ക്കത്ത്, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍, മസ്‌ക്കത്തിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കില്ല. കൂടാതെ, ഉദ്ഘാടനത്തിന് ഏതാനും ദിവസങ്ങള്‍ക്കുശേഷമായിരിക്കും ഷാര്‍ജ സര്‍വീസ് ആരംഭിക്കുക. ദുബയിലേക്ക് ജനുവരിയോടെ പ്രതിദിന സര്‍വീസ് തുടങ്ങാനും പദ്ധതിയുണ്ട്. ഡിസംബര്‍ ഒമ്പതിന് അബൂദബിയിലേക്കും റിയാദിലേക്കുമാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുക. ഉദ്ഘാടനദിവസം രാവിലെ 10ന് കണ്ണൂരില്‍ ഫഌഗ് ഓഫ് ചെയ്യുന്ന വിമാനം യുഎഇ സമയം 12.30ന് അബൂദബിയിലെത്തും. തിരിച്ച് യുഎഇ സമയം ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് രാത്രി എട്ടോടെ കണ്ണൂരില്‍ ലാന്‍ഡ് ചെയ്യും. ഞായര്‍, ബുധന്‍, ശനി ദിവസങ്ങളിലാണ് അബൂദബി സര്‍വീസ്.
ഉദ്ഘാടനദിവസം മാത്രമായിരിക്കും അബൂദബിയിലേക്കുള്ള വിമാനം രാവിലെ 10ന് പുറപ്പെടുക. തുടര്‍ദിവസങ്ങളില്‍ രാവിലെ ഒമ്പതിന് കണ്ണൂരില്‍ നിന്നു പറക്കും. അബൂദബിയിലേക്കുള്ള യാത്രാസമയം നാലു മണിക്കൂറാണ്.
റിയാദിലേക്കുള്ള വിമാനം രാത്രി 9.05ന് പുറപ്പെട്ട് സൗദി സമയം രാത്രി 11.30ന് റിയാദിലെത്തും. 10ന് ദോഹയിലേക്കും തിരിച്ചും സര്‍വീസുകള്‍ ഉണ്ടാവും. രാത്രി 8.20ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട് ഖത്തര്‍ സമയം രാത്രി 10ന് ദോഹയിലെത്തും.
ഖത്തര്‍ സമയം രാത്രി 11ന് ദോഹയില്‍ നിന്നു പുറപ്പെട്ട് പിറ്റേന്നു പുലര്‍ച്ചെ 5.45ന് കണ്ണൂരിലെത്തും. ഞായര്‍, തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ദോഹ സര്‍വീസ്. 4.10 മണിക്കൂറാണ് ദോഹയിലേക്കുള്ള യാത്രാസമയം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss