|    Nov 20 Tue, 2018 9:43 pm
FLASH NEWS

കണ്ണൂര്‍ വിമാനത്താവളം: റോഡ് വികസനം വേഗത്തിലാക്കാന്‍ തീരുമാനം

Published : 31st October 2017 | Posted By: fsq

 

കണ്ണൂര്‍: ഉത്തരമലബാറിന്റെ ചിരകാല സ്വപ്‌നമായ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ റോഡ് വികസനം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ജനങ്ങള്‍ക്ക് ഏറെ പരിക്കില്ലാത്ത വിധമായിരിക്കും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍. റോഡ് വികസനത്തിന്റെ ഭാഗമായി കടകള്‍ ഒഴിപ്പിക്കുമ്പോള്‍ കച്ചവടക്കാരുടെ പ്രശ്‌നംകൂടി കണക്കിലെടുക്കും. നഷ്ടപരിഹാരം ഉടമകള്‍ക്കാണ് നല്‍കുക. എന്നാല്‍ ഒഴിപ്പിക്കപ്പെടുന്ന കെട്ടിടങ്ങളിലെ വാടകക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവും. ഇവരെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന കാര്യംകൂടി പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തലശ്ശേരി കൊടുവള്ളി-എയര്‍പോര്‍ട്ട് റോഡ് വീതി കൂട്ടുമ്പോള്‍ വടക്കുമ്പാട്, ചമ്പാട് സ്‌കൂളുകള്‍ ഒഴിവാക്കി അലൈന്‍മെന്റ് തയ്യാറാക്കും. സ്‌കൂളുകളുടെ സ്ഥലം റോഡിന് ഏറ്റെടുത്താല്‍ പകരം സ്ഥലം ലഭ്യമാക്കുക ്രപയാസമായിരിക്കും. അതിനാല്‍ രൂപരേഖയില്‍ ഇതിനാവശ്യമായ മാറ്റംവരുത്താനാണ് നിര്‍ദേശം. പടന്നക്കര വളവില്‍ വേഗത കുറച്ച് പോവുന്ന വിധം വളവൊഴിവാക്കി ആവശ്യമായ മാറ്റം വരുത്തും.മേലെ ചൊവ്വ-മട്ടന്നൂര്‍ റോഡിന്റെ ചക്കരക്കല്ല് വരെയുള്ള ഭാഗത്ത് റോഡിന്റെ ്രപതലം പുതുക്കുന്ന പ്രവൃത്തി പൂര്‍ത്തിയായതായി പൊതുമരാമത്ത് അധികൃതര്‍  അറിയിച്ചു. ബാക്കി ഭാഗത്തെ പ്രവൃത്തി നവംബര്‍ 15നകം പൂര്‍ത്തിയാക്കും. താഴെ ചൊവ്വ-കാപ്പാട്-അഞ്ചരക്കണ്ടി-മട്ടന്നൂര്‍ നിലവിലുള്ള റോഡ് ഏഴു മീറ്ററാക്കി ടാര്‍ ചെയ്യുന്ന പ്രവൃത്തിയും 15നകം തീര്‍ക്കും. തലശ്ശേരി- വളവുപാറ കെഎസ്ടിപി റോഡിന്റെ പ്രവൃത്തി 2018 സപ്തംബറോടെ പൂര്‍ത്തിയാക്കും. ഏഴില്‍ നാല് പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. മൂന്ന് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു. കൊടുവള്ളി റെയില്‍വേ മേല്‍പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടിയായതായി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയാണ് അടിസ്ഥാന ഭൂമിവില നിശ്ചയിക്കുക. രണ്ടാഴ്ചക്കകം ഇക്കാര്യത്തില്‍ തീരുമാനമാവുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് ഭൂവുടമകളുമായി ചര്‍ച്ച ചെയ്ത് അന്തിമ വില കണക്കാക്കും. യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ രാഗേഷ് എംപി, കിയാല്‍ എംഡി പി ബാലകിരണ്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസ്, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേഷ് ഭാസ്‌ക്കര്‍, അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ യൂസഫ്, പൊതുമരാമത്ത്, ദേശീയ പാത വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ പി പ്രഭാകരന്‍, പൊതുമരാമത്ത് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ചീഫ് എന്‍ജിനീയര്‍ എം എന്‍ ജീവരാജ്, കെഎസ്ടിപി വിഭാഗം ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ ഡിക്രൂസ്, കിയാല്‍ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss