|    Nov 19 Mon, 2018 6:59 am
FLASH NEWS

കണ്ണൂര്‍ വിമാനത്താവളം: ടെര്‍മിനല്‍ കെട്ടിടം ഉടന്‍ കമ്മീഷന്‍ ചെയ്യും

Published : 19th March 2018 | Posted By: kasim kzm

മട്ടന്നൂര്‍: രാജ്യത്തെ എട്ടാമത്തെ എറ്റവും വലിയ പാസഞ്ചര്‍ ടെര്‍മിനലാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുങ്ങുന്നത്. ടെര്‍മിനല്‍ കെട്ടിടം ഈമാസം കമ്മീഷന്‍ ചെയ്യാനാണ് കിയാല്‍ തയ്യാറെടുക്കുന്നത്. മിനുക്കുപണികളും വിവിധ കാബിനുകളുടെ നിര്‍മാണവുമാണ് ഇപ്പോള്‍ നടക്കുന്നത്. ആഭ്യന്തരരാജ്യാന്തര ടെര്‍മിനലുകള്‍ വേര്‍തിരിക്കലും കഴിഞ്ഞു.
ബാഗേജുകള്‍ക്കുള്ള കണ്‍വെയര്‍ ബെല്‍റ്റ് നിര്‍മാണവും പൂര്‍ത്തിയായി വരുന്നു. 48പരിശോധന കൗണ്ടറുകള്‍, 16 എമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവ 8 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടെര്‍മിനല്‍ കെട്ടിടത്തില്‍ ആഭ്യന്തര, രാജ്യാന്തര വിഭാഗങ്ങളിലായി 2000 യാത്രക്കാരെ ഒരേസമയം ഉള്‍ക്കൊള്ളാനാവും. ഏറ്റവും പുതിയ സംവിധാനങ്ങളും സാങ്കേതിക വിദ്യയുമാണ് പ്രത്യേകത.
ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്കും ബാഗേജ് ഏറ്റുവാങ്ങുന്ന സ്ഥലത്തും യാത്രക്കാരുടെ നീണ്ട നിര ഒഴിവാക്കാന്‍ സംവിധാനമുണ്ടാവും. കെട്ടിടത്തില്‍ നിന്ന് വിമാനത്തിലേക്ക് കയറാനുള്ള എയ്‌റോബ്രിജുകള്‍ മൂന്നെണ്ണം സ്ഥാപിച്ചിട്ടുണ്ട്. ഇനി മൂന്നെണ്ണം കൂടി സ്ഥാപിക്കും. സന്ദര്‍ശക ഗാലറിയില്‍ കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന ചുമര്‍ചിത്രങ്ങള്‍ യാത്രക്കാരെ വരവേല്‍ക്കും. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം വൈകാതെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറും. സന്ദേശ വിനിമയത്തിനുള്ള ഡിവിഒആര്‍ സംവിധാനവും സ്ഥാപിച്ചിച്ചുണ്ട്.
സുരക്ഷാ പരിശോധനക്ക് മുമ്പ് ഇവ പരീക്ഷിച്ച് പ്രവര്‍ത്തന ക്ഷമമാക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തേണ്ട ആധുനിക സൗകര്യങ്ങളെക്കുറിച്ച് പ്രമുഖ വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ച ശേഷം കിയാല്‍ ഉദ്യോഗസ്ഥരുടെ സംഘം മുമ്പ് എംഡിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു.
കോഡ് 4 ഇ വിഭാഗത്തിലാണ് നിലവിലെ സൗകര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടുന്നത്. എന്നാല്‍ വലിയ വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധമുള്ള മാറ്റങ്ങള്‍ ഏര്‍പ്പെടുത്താനും കഴിയും. എയര്‍ബസ് 380 പോലുള്ള വന്‍വിമാനങ്ങള്‍ ഇറങ്ങാന്‍ പാകത്തിലുള്ള റണ്‍വേയും മറ്റു സൗകര്യങ്ങളും വിമാനത്താവളത്തിലുണ്ടാവും. പ്രധാന കവാടത്തിന്റെ നിര്‍മാണം കാര ഭാഗത്ത് തുടങ്ങിയിട്ടുണ്ട്.
ഇവിടെ നിന്ന് ടെര്‍മിനല്‍ കെട്ടിടത്തിലേക്കുള്ള റോഡും മറ്റ് അനുബന്ധ റോഡുകളും ഏതാണ്ട് പൂര്‍ത്തിയായി. ഹരിതവല്‍കരണ ഭാഗമായി വിമാനത്താവള പരിസരത്ത് ചെടികള്‍ നട്ടുപിടിപ്പിക്കുന്നുണ്ട്. മണ്ണൊലിപ്പ് ഫലപ്രദമായി തടയുന്ന രാമച്ച ചെടികളാണ് മണ്ണിട്ട് ഉയര്‍ത്തിയ ഭാഗങ്ങളില്‍ വച്ചുപിടിപ്പിക്കുന്നത്.
ചുറ്റുമതില്‍, അതിര്‍ത്തി റോഡുകള്‍ എന്നിവയുടെ നിര്‍മാണവും അവസാന ഘട്ടത്തിലെത്തി. യാത്രക്കാരുടെ വാഹന പാര്‍ക്കിങിനുള്ള സ്ഥലവും സജ്ജീകരിച്ചു. പദ്ധതി പ്രദേശത്ത് വൈദ്യുതി സബ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ അവസാന ഘട്ട പ്രവൃത്തികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. ബാക്കിയുള്ള റണ്‍വേ സുരക്ഷാ മേഖലയുടെ നിര്‍മാണവും വേഗത്തില്‍ നടന്നു വരികയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss