|    Dec 13 Thu, 2018 7:31 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കണ്ണൂര്‍ വിമാനത്താവളം: എടിസി ടവര്‍ എഎഐക്കു കൈമാറി

Published : 2nd December 2018 | Posted By: kasim kzm

കണ്ണൂര്‍: ഉദ്ഘാടനത്തിനു മുന്നോടിയായി കണ്ണൂര്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് സര്‍വീസസ് കോംപ്ലക്‌സ് (എടിസി ടവര്‍) എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)ക്കു കൈമാറി.
ടവറിന്റെ ചുമതല എഎഐ റീജ്യനല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ശ്രീകുമാറിന് കിയാല്‍ എംഡി വി തുളസീദാസാണ് കൈമാറിയത്. കേരളത്തിന്റെ വ്യോമ ഗതാഗത ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലാണ് എടിസി ടവര്‍ കൈമാറ്റത്തിലൂടെ നടന്നതെന്ന് എസ് ശ്രീകുമാര്‍ പറഞ്ഞു.
രാജ്യത്തെ വിമാനത്താവളങ്ങളിലെ വ്യോമയാന ഗതാഗതം നിയന്ത്രിക്കാനുള്ള അധികാരം എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്കാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എടിസി ടവര്‍ കൈമാറിയത്. വിമാനങ്ങളുടെ വേഗത, ദിശ, ഉയരം തുടങ്ങിയവ നിയന്ത്രിക്കുന്നതിലൂടെ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വ്യോമ ഗതാഗതം സുരക്ഷിതമാക്കുകയെന്നതാണ് എടിസി ടവറിന്റെ ചുമതല. വിമാനത്താവളത്തിനു മുകളിലൂടെ പോവുന്ന വിമാനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. 40 കിലോമീറ്റര്‍ ചുറ്റളവില്‍ വിമാനങ്ങളെ നിയന്ത്രിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും കണ്ണൂര്‍ വിമാനത്താവളത്തില്‍ സംവിധാനമുണ്ടെന്നു ടവറിന്റെ ചുമതലയുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി പ്രദീപ് കുമാര്‍ പറഞ്ഞു.
ഡിസംബര്‍ ആറോടെ ടവര്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവും. 24 മണിക്കൂറും വിമാനം വരാനും പോവാനുമുള്ള സൗകര്യം കണ്ണൂരിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ മാനേജര്‍ (എടിഎം) പീറ്റര്‍ എബ്രഹാം, സിഎന്‍എസ് ജോയിന്റ് ജനറല്‍ മാനേജര്‍ ശിവകുമാര്‍, കിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (എന്‍ജിനീയറിങ്) കെ പി ജോസ്, എഎഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി പ്രദീപ് കുമാര്‍, സീനിയര്‍ മാനേജര്‍ (എയര്‍പോര്‍ട്ട് ഓപറേഷന്‍സ്) ബിനു ഗോപാല്‍, മാനേജര്‍ (അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ലാന്‍ഡ്) ടി അജയകുമാര്‍, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ വേലായുധന്‍ മണിയറ, ഡെപ്യൂട്ടി പ്രൊജക്റ്റ് എന്‍ജിനീയര്‍ (സിവില്‍) ജെ ബിജു, പ്രൊജക്റ്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍സ്) എം സി ജയരാജന്‍, സിഐഎസ്എഫ് കമാന്‍ഡര്‍ ധന്‍രാജ് ഡാനിയേല്‍, ഐടി മാനേജര്‍ ദിനേഷ് കുമാര്‍, മാനേജര്‍ (ഫയര്‍ സര്‍വീസ്) ഷൗക്കത്തലി സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss