|    Aug 21 Tue, 2018 7:18 am
FLASH NEWS

കണ്ണൂര്‍ ലീഗിലെ നേതൃതര്‍ക്കം; 22ന് പാണക്കാട്ട് ചര്‍ച്ച

Published : 19th December 2017 | Posted By: kasim kzm

കണ്ണൂര്‍: മുസ്്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ നേതൃമാറ്റം സംബന്ധിച്ച തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനം. കണ്ണൂരിലെ പാര്‍ട്ടി പ്രതിസന്ധി സംസ്ഥാന കൗണ്‍സില്‍ യോഗത്തെ പോലും ബാധിച്ച സാഹചര്യത്തിലാണു നടപടി. 23നു ചേരാന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഇതോടെ ജനുവരി രണ്ടിലേക്കു മാറ്റി. കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ പുനസ്സംഘടിപ്പിക്കുന്നതില്‍ പ്രധാനമായും തര്‍ക്കമുള്ളത് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയിലാണ്. ഇത്ര കാലമായിട്ടും കൂത്തുപറമ്പില്‍ മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുക്കാനോ സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാനോ ജില്ലാ നേതൃത്വത്തിനു സാധിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പത്തെ പോലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ ഇക്കുറിയും തര്‍ക്കം രൂക്ഷമാണ്. അതിനാല്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു നടത്തിയ സമവായ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. ജില്ലാ കൗണ്‍സില്‍ യോഗം പല തവണകളായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിനു പരിഹാരം കാണാനാണ് കൂത്തുപറമ്പിലെ ഇരുപക്ഷത്തെയും നേതാക്കളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട്ടെ വസതിയിലേക്ക് 22ന് വിളിപ്പിച്ചത്. ജില്ലാ കമ്മിറ്റിയുമായി ചര്‍ച്ചയില്ലെന്ന കൂത്തുപറമ്പിലെ നേതാക്കളുടെ കര്‍ക്കശ നിലപാടും ഇതിനു കാരണമായി. പ്രശ്‌നം രമ്യതയിലാക്കി ജില്ലാ കമ്മിറ്റി രൂപീകരിക്കുകയും സംസ്ഥാന കമ്മിറ്റിയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക് നീങ്ങുകയും വേണം. പലയിടത്തും ശാഖാ സമ്മേളനങ്ങളും മറ്റും നടക്കുന്നുണ്ടെങ്കിലും നേതൃവിവാദം അണികളെയും നിരാശരാക്കിയിട്ടുണ്ട്. നിലവിലുള്ള ജില്ലാ നേതൃത്വം മാറണമെന്നാണ് മിക്ക മണ്ഡലം കമ്മിറ്റികളുടെയും വികാരം. പി കുഞ്ഞുമുഹമ്മദും കരീം ചേലേരിയും പാര്‍ട്ടിയെ ശക്തമാക്കിയില്ലെന്നു മാത്രമല്ല, ആരോപണ വിധേയര്‍ക്കൊപ്പം നിലകൊണ്ടതായും ആക്ഷേപം ശക്തമാണ്. യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് മൂസാന്‍കുട്ടി നടുവില്‍ സിപിഎമ്മിലേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നാണ് പല നേതാക്കളുടെയും അഭിപ്രായം. യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിനെതിരേ പള്ളി കമ്മിറ്റിയിലെ ക്രമക്കേടുകളുടെ പേരില്‍ നടപടിയെടുക്കാനും അന്വേഷിക്കാനുമുണ്ടായ കാലതാമസമാണ് പൊട്ടിത്തെറിക്കു കാരണം. കണ്ണൂര്‍ സിറ്റിയിലെ നേതാവിനെതിരേ ഉയര്‍ന്നുവന്ന ആരോപണത്തിലും നേതൃത്വത്തിനു പാര്‍ട്ടിയുടെ അന്തസ്സ് നിലനിര്‍ത്തുന്ന തീരുമാനം എടുക്കാനായില്ല. ഇതിനിടെയാണ് കൂത്തുപറമ്പില്‍ നിന്നുള്ള അഡ്വ. ടി പി വി കാസിം ജില്ലാ നേതത്വത്തിലേക്കു കണ്ണുനട്ട് നടത്തുന്ന ചരടുവലികള്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. നേരത്തേ യൂത്ത്‌ലീഗ് നേതൃസ്ഥാനത്തുണ്ടായിരുന്ന കാസിം ഇപ്പോള്‍ കണ്ണൂര്‍ നഗരത്തില്‍ തന്നെ വീടു നിര്‍മിച്ച് മുഴുസമയ രാഷ്ട്രീയത്തിലേക്കു തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. എന്നാല്‍, പ്രവാസലോകത്തു നിന്ന് എത്തിയ ഉടന്‍ ജില്ലാ പ്രസിഡന്റ് പദവി നല്‍കുന്നതിനോട് പല നേതാക്കള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss