|    Jan 20 Fri, 2017 5:40 pm
FLASH NEWS

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍ നിര്‍മാണം മന്ദഗതിയില്‍

Published : 12th October 2015 | Posted By: swapna en

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എസ്‌കലേറ്ററിന്റെ ശിലാസ്ഥാപനം നടന്നിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും നിര്‍മാണത്തിന് വേഗമില്ല. വരുന്ന ഡിസംബറോടെ പദ്ധതി പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ദിവസം ഇത്രയായിട്ടും പ്രാരംഭപ്രവൃത്തിയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതോടെ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവില്ലെന്ന് ഉറപ്പായി. അടിത്തറ ഒരുക്കുന്നതിനുള്ള കുഴിയെടുക്കലാണ് ഇതുവരെ നടന്ന പ്രവൃത്തി. ടെന്‍ഡര്‍ നടപടിയിലുള്ള കാലതാമസവും കരാറുകാരുടെ അലംഭാവവും നിര്‍മാണം വൈകാന്‍ കാരണമായി.

ആന്ധ്ര ആസ്ഥാനമായ കമ്പനിക്കാണ് നിര്‍മാണ ചുമതല. ഇവര്‍ എറണാകുളത്തെ കമ്പനിക്ക് ഉപകരാര്‍ നല്‍കി. ഇവരുടെ മേല്‍നോട്ടത്തില്‍ കണ്ണൂരിലെ സ്വകാര്യ സ്ഥാപനമാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. ഏറെ മുറവിളിക്കൊടുവിലാണ് എസ്‌കലേറ്റര്‍ സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. ഒരു പ്ലാറ്റ്‌ഫോമില്‍നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോവാനുള്ള യാത്രക്കാരുടെ അസൗകര്യവും പരിഗണിച്ചു. രണ്ടു വണ്ടികള്‍ ഒരുമിച്ചെത്തിയാല്‍ സ്‌റ്റേഷനില്‍നിന്ന് പുറത്തിറങ്ങാന്‍ പ്രയാസമാണ്. ആള്‍ത്തിരക്കില്‍ ഇടുങ്ങിയ മേല്‍പ്പാലത്തിലൂടെ തിങ്ങിഞെരുങ്ങി വേണം പ്ലാറ്റ്‌ഫോമിലെത്താന്‍. പ്രായമായ യാത്രക്കാര്‍ക്കും രോഗികള്‍ക്കും അംഗപരിമിതര്‍ക്കും ഇതു സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഇതിനിടയില്‍, പുറപ്പെടാന്‍ തുടങ്ങുന്ന ട്രെയിനില്‍ കയറിപ്പറ്റാന്‍ അവസാന നിമിഷങ്ങളില്‍ ഓടിക്കിതച്ചെത്തുന്നവര്‍ക്ക് വണ്ടി വിട്ടാലും മേല്‍പ്പാലം താണ്ടി പ്ലാറ്റ്‌ഫോമിലെത്താന്‍ കഴിയില്ല.

പ്രധാന ട്രെയിനുകള്‍ എത്തുമ്പോഴെല്ലാം ഒന്നാം പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്ന രണ്ടു മേല്‍പ്പാലങ്ങളിലും തിരക്കാണ്. ലഗേജുമായി എത്തുന്നവരാണ് ദുരിതമേറെയും അനുഭവിക്കേണ്ടി വരുന്നത്. ഒട്ടേറെ യാത്രക്കാര്‍ പുറത്തെത്തുന്നതാവട്ടെ പാളം മുറിച്ചുകടന്ന് റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് പരിസരത്തുകൂടിയും. വീതികൂടിയ മേല്‍പ്പാലം വേണമെന്നത് യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍, ഒരു ബജറ്റില്‍പ്പോലും ഈ നിര്‍ദേശമുണ്ടായിരുന്നില്ല.

ഒടുവില്‍ ബദല്‍മാര്‍ഗമെന്ന നിലയിലാണ് എസ്‌കലേറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒന്നേകാല്‍ കോടി രൂപ വിനിയോഗിച്ച് റെയില്‍വേ സ്‌റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ തെക്കുഭാഗത്തായാണ് എസ്‌കലേറ്റര്‍ നിര്‍മിക്കുന്നത്. വടക്കുഭാഗത്ത് ടിക്കറ്റ് കൗണ്ടറിനു സമീപം ഒരു സബ്‌വേയും പണിയും. ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് പി കെ ശ്രീമതി എം.പിയാണ് എസ്‌കലേറ്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 91 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക