|    Oct 18 Thu, 2018 3:50 am
FLASH NEWS

കണ്ണൂര്‍ റെയില്‍വേ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോം പണി നീളുന്നു

Published : 20th September 2017 | Posted By: fsq

 

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അനുവദിച്ച നാലാം നമ്പര്‍ പ്ലാറ്റ്‌ഫോം നിര്‍മാണം വൈകുന്നു. ജനപ്രതിനിധികളുടെയും ട്രെയിന്‍ യാത്രക്കാരുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 28ന് കണ്ണൂരിലെത്തിയ ദക്ഷിണ റെയില്‍വേ മാനേജര്‍ ഉടന്‍ നാലാം പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരുവര്‍ഷം കൊണ്ടു പണി പൂര്‍ത്തിയാക്കുമെന്നും പറഞ്ഞ അദ്ദേഹം അതിനാവശ്യമായ തുക അന്നു പ്രഖ്യാപിച്ചിരുന്നില്ല. തുടര്‍ന്ന് പി കെ ശ്രീമതി എംപിയുടെ ശ്രമഫലമായി കഴിഞ്ഞ ജൂലൈയില്‍ 6. 50 കോടി രൂപ കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുവദിച്ചു. ഒരു മാസംകൊണ്ട് പണി ആരംഭിക്കുമെന്നു ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. ടെന്‍ഡര്‍ നടപടി പോലും ആരംഭിച്ചിട്ടില്ല. പ്രവൃത്തി ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ അനുവദിച്ച പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത് ചെന്നൈ സോണല്‍ ഓഫിസാണ്. റെയില്‍വേ നിര്‍മാണമേഖലയില്‍ കേരളം പിറകിലാണെന്നു ഇതുസംബന്ധിച്ച് നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു.      വടക്കന്‍ മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നായ കണ്ണൂരില്‍ നാലാം പ്ലാറ്റ്‌ഫോമെന്നത് യാത്രക്കാരുടെ ചിരകാല ആവശ്യമാണ്. പ്ലാറ്റ്‌ഫോമുകളുടെ അപര്യാപ്തത മൂലം മിക്കപ്പോഴും ട്രെയിനുകള്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് വെളിയില്‍ കാത്തുകിടക്കേണ്ട അവസ്ഥയാണ്. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും ആറ് പാസഞ്ചര്‍ ട്രെയിനുകളും കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍നിന്നു പുറപ്പെടുന്നുണ്ട്. കൂടാതെ നിരവധി പ്രതിദിന, ദീര്‍ഘദൂര ട്രെയിനുകളും കണ്ണൂര്‍ വഴിയാണ് കടന്നുപോവുന്നത്. കിഴക്കുഭാഗത്ത് പ്ലാറ്റ്‌ഫോം വന്നാല്‍ യാത്രക്കാര്‍ക്ക് വലിയ തോതിലുള്ള സൗകര്യം ലഭിക്കും. കണ്ണൂര്‍ സ്റ്റേഷനിലൂടെ യാത്രചെയ്യുന്ന 90 ശതമാനം യാത്രക്കാരും കിഴക്കുഭാഗത്ത് കൂടെയാണ് വരുന്നത്. ഇവിടെ പാര്‍ക്കിങ് ഏരിയ വിപുലീകരിക്കുന്നുമുണ്ട്. പാലക്കാട് ഡിവിഷനു കീഴില്‍ കോഴിക്കോട് കഴിഞ്ഞാല്‍ ഏറ്റവും വരുമാനമുള്ള സ്‌റ്റേഷനാണ് കണ്ണൂര്‍. എന്നാല്‍, വികസനകാര്യത്തില്‍ ഏറെ പിറകിലും. നഗരസഭ കോര്‍പറേഷനായി മാറിയ സാഹചര്യത്തില്‍ നഗരവികസനത്തിന് അനുസൃതമായി റെയില്‍വേ സ്റ്റേഷന്‍ വികസനം സാധ്യമാവുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss