|    Jan 24 Tue, 2017 2:41 am

കണ്ണൂര്‍ രാജ്യത്തെ ആദ്യ വികലാംഗ സൗഹൃദ ജില്ല

Published : 17th August 2016 | Posted By: SMR

കണ്ണൂര്‍: രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വികലാംഗ സൗഹൃദ ജില്ലയായി കണ്ണൂരിനെ മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കാന്‍ പദ്ധതി ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഭിന്നശേഷിയുള്ളവര്‍ക്ക് മാത്രമല്ല, പ്രായമായവര്‍ക്കും ചിലപ്പോഴൊക്കെ പ്രായമാവാത്തവര്‍ക്കും എല്ലാം പ്രയോജനപ്പെടുന്നതാണ് പദ്ധതി. മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട് എന്നതിന്റെ മികച്ച തെളിവാണിത്.
ഭിന്നലിംഗക്കാരേയും ഇതുപോലെ പ്രത്യേക പരിഗണന നല്‍കി സഹായിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കലക്ടറേറ്റില്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ലിഫ്റ്റ്, പ്രത്യേക ടോയ്‌ലറ്റ് സൗകര്യം, വിശ്രമമുറി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു.
കോര്‍പറേഷന്റെ പുതിയ ആസ്ഥാനമന്ദിരം വികലാംഗ സൗഹൃദമായിട്ടായിരിക്കും നിര്‍മിക്കുകയെന്ന് മേയര്‍ പ്രഖ്യാപിച്ചു. പി കെ ശ്രീമതി എംപി വിശിഷ്ടാതിഥിയായി. നിര്‍മിതികേന്ദ്രം എക്‌സി. സെക്രട്ടറി സജിത് കെ നമ്പ്യാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, എഡിഎം ഇ മുഹമ്മദ് യൂസുഫ്, എല്‍എസ്ജിഡി എക്‌സി. എന്‍ജിനീയര്‍ കെ സജീവന്‍, ഡിഎംഒ ഡോ. പി കെ ബേബി, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ എല്‍ ഷീബ, ഒ വിജയന്‍, ശിവദാസന്‍ സംസാരിച്ചു.
വിവിധ ഓഫിസുകളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹികനീതി വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ 2810 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട 10 ജില്ലാതല സ്ഥാപനങ്ങളില്‍ ലിഫ്റ്റ്, പ്രത്യേക ടോയ്‌ലറ്റ് സൗകര്യം, കലക്ടറേറ്റില്‍ വിശ്രമമുറി ഉള്‍പ്പെടെയുള്ളവയാണ് പദ്ധതിയില്‍ ഉള്‍പെടുത്തിയത്. പൊതുമരാമത്ത് കെട്ടിട വിഭാഗം, എല്‍എസ്ജിഡി എന്‍ജിനീയറിങ് വിഭാഗം, ജില്ലാ നിര്‍മിതികേന്ദ്രം തുടങ്ങിയവയ്ക്കാണ് നിര്‍മാണച്ചുമതല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക