|    Aug 20 Sun, 2017 9:03 pm
FLASH NEWS

കണ്ണൂര്‍ യശ്വന്ത്പൂര്‍ ട്രെയിന്റെ ജനറല്‍ കോച്ചുകള്‍ കുറച്ചു: യാത്രക്കാര്‍ പ്രയാസത്തില്‍

Published : 4th August 2017 | Posted By: fsq

 

കുറ്റിപ്പുറം: കണ്ണൂര്‍ യശ്വന്ത്പൂര്‍ തീവണ്ടിയുടെ ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ച നടപടി യാത്രക്കാരെ വലക്കുന്നു.  ഈ റൂട്ടില്‍ നിലവില്‍ സര്‍വീസ് നടത്തിയിരുന്ന തീവണ്ടിക്കുപകരമായി പുതുതായി ഇറക്കിയതിലാണ് ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചത്. രണ്ടാഴ്ച മുമ്പുവരെ ഓടിയിരുന്ന വണ്ടിയുടെ മുന്‍ഭാഗത്തായി രണ്ട് ജനറല്‍ കോച്ചാണുണ്ടായിരുന്നത്. എന്നാല്‍ പുതുതായി സര്‍വീസ് തുടങ്ങിയ വണ്ടിയില്‍ മുന്‍ഭാഗത്തെ ജനറല്‍ കോച്ചുകള്‍ ഒഴിവാക്കി അവയെല്ലാം എയര്‍കണ്ടീഷന്‍ കോച്ചുകളാക്കി മാറ്റിയിരിക്കുകയാണ്. സാധാരണയായി ഈ വണ്ടിയില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ ജനറല്‍ കോച്ചുകളില്‍ കയറാനായി വണ്ടി നില്‍ക്കുന്നതിന്റെ മുന്‍ഭാഗത്തുവന്ന് നില്‍ക്കുകയാണ് പതിവ്. എന്നാല്‍ വണ്ടി നിര്‍ത്തിയാല്‍ മാത്രമാണ് ഇതില്‍ ജനറല്‍ കോച്ചുകളില്ലെന്ന വിവരം അറിയുന്നത്. പിന്നീട് ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യേണ്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാര്‍ വണ്ടിയുടെ ഏറ്റവും പുറകിലെ കോച്ചുകളില്‍ കയറാനായി പ്ലാറ്റ് ഫോമിലൂടെ ഓടേണ്ടിവരുകയാണ്. ഒട്ടേറെ അപകടങ്ങള്‍ക്കു കാരണമാവുന്ന ഈ  അവസ്ഥ പരിഹരിക്കാന്‍ റയില്‍വേയുടെ ഭാഗത്തുനിന്നു യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഏറ്റവും ചുരുങ്ങിയത് ഈ വണ്ടിയുടെ വരവറിയിച്ച് നടത്തുന്ന അനൗണ്‍സ്‌മെന്റിലെങ്കിലും മുന്‍ഭാഗത്ത് ജനറല്‍ കോച്ചുകളില്ലെന്ന വിവരം അറിയിച്ചാല്‍ യാത്രക്കാര്‍ക്കുവണ്ടിയുടെ പുറകിലെ കോച്ചിനടുത്തുവന്നുനില്‍ക്കാനെങ്കിലും കഴിയും. ദിവസേന മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബംഗളൂരുവിലെത്തുന്നതിനുള്ള ഏക ട്രെയിനാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക