|    Feb 27 Mon, 2017 7:42 pm
FLASH NEWS

കണ്ണൂര്‍ മോഡല്‍ പരീക്ഷണം വ്യാപിപ്പിച്ച് സിപിഎം

Published : 28th November 2016 | Posted By: SMR

ഹനീഫ എടക്കാട്

തിരുവനന്തപുരം: ഒ കെ വാസു, എ ജി ഉണ്ണികൃഷ്ണന്‍, എ അശോകന്‍, സുധീഷ് മിന്നി തുടങ്ങിയ സംഘപരിവാര നേതാക്കള്‍ക്കുശേഷം ഒരു ആര്‍എസ്എസ് പ്രചാരകിനെ കൂടി അടര്‍ത്തിയെടുത്ത് സിപിഎം, കണ്ണൂര്‍ മോഡല്‍ പരീക്ഷണം കൂടുതല്‍ പ്രദേശത്തേക്കു വ്യാപിപ്പിക്കുന്നു. 42 വര്‍ഷത്തെ ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചാണ് കണ്ണൂര്‍ വിഭാഗ് പ്രചാരക്, തിരുവനന്തപുരം-കൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പി പത്മകുമാര്‍ ഇന്നലെ സിപിഎമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു പ്രഖ്യാപിച്ചത്.
ആര്‍എസ്എസിന്റെ സമുന്നത നേതാവും ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗവുമായിരുന്ന ഒ കെ വാസു മാസ്റ്റര്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പാണു സംഘപരിവാര കൂടാരം വിട്ട് സിപിഎമ്മില്‍ അഭയംതേടിയത്. ക്രിമിനല്‍ കേസില്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടിവന്ന ആര്‍എസ്എസ് നേതാവ് എ അശോകനും ഒപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇരുവര്‍ക്കും പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങിലാണു പാര്‍ട്ടി മെംബര്‍ഷിപ്പ് നല്‍കിയത്.
ആര്‍എസ്എസിന്റെ പ്രചാരകനായിരുന്ന സുധീഷ് മിന്നിയും പിന്നീട് സംഘപരിവാര ബന്ധം ഉപേക്ഷിച്ച് സിപിഎം സഹയാത്രികനായി. പത്തനംതിട്ടയിലെ ബിജെപി സംസ്ഥാന നേതാവ് എജി ഉണ്ണികൃഷ്ണന്‍ ഏതാനും മാസം മുമ്പാണ് ഇടതുബന്ധം തുടങ്ങിയത്.
10ാം വയസ്സില്‍ ശാഖയിലെത്തിയ പത്മകുമാര്‍, കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂര്‍ ജില്ലാ പ്രചാരക്, കൊല്ലം ജില്ലാ പ്രചാരക്, കണ്ണൂര്‍ വിഭാഗ് പ്രചാരകായി പ്രവര്‍ത്തിച്ച ശേഷമാണ് സിപിഎമ്മിലെത്തുന്നത്. ഗോള്‍വാള്‍ക്കറുടെ വിചാരധാര ആശയം ഒരു സുപ്രഭാതത്തില്‍ ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ചിന്താധാര സ്വീകരിക്കുന്നത് രാഷ്ട്രീയ നിരീക്ഷകരെയും ഇരു പാര്‍ട്ടിയിലും പെട്ട അണികളെയും ആശ്ചര്യപ്പെടുത്തുന്നു.
വിഭാഗീയത കാരണം നിഷ്‌ക്രിയരായ ബിജെപി, ആര്‍എസ്എസ് നേതാക്കളെ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ സിപിഎം നേരത്തെ തന്നെ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരുന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനെയടക്കം ഇങ്ങനെ സമീപിച്ചതായാണ് അറിയുന്നത്. ശോഭ സുരേന്ദ്രന്റെ പേരും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, സി കെ പത്മനാഭനും ശോഭ സുരേന്ദ്രനും ഇതു നിഷേധിച്ചു.
കണ്ണൂരില്‍ സിപിഎമ്മും ബിജെപിയും പരസ്പരം നേതാക്കളെയും അണികളെയും അടര്‍ത്തിയെടുക്കല്‍ തന്ത്രമാരംഭിച്ചിട്ട് നാളെറെയായി. എന്നാല്‍, സിപിഎമ്മില്‍ നിന്ന് അണികള്‍ സംഘപരിവാരത്തിലെത്തിയെങ്കിലും നേതാക്കളെ ഇതുവരെ ലഭിച്ചില്ല.
അതേസമയം, ആര്‍എസ്എസ് നേതാക്കളെവരെ പാര്‍ട്ടിയിലെത്തിക്കാന്‍ സിപിഎമ്മിനായി. പാര്‍ട്ടിയിലെത്തുന്ന സംഘപരിവാര നേതാക്കള്‍ക്കു മുന്തിയ പരിഗണനയാണ് സിപിഎം നല്‍കുന്നത്. ബിജെപിയില്‍ നിന്ന് സിപിഎമ്മില്‍ ചേര്‍ന്ന ഒകെ വാസു നിലവില്‍ കര്‍ഷകസംഘം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗവുമാണ്. എ അശോകന്‍ നിലവില്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. പാര്‍ട്ടിയിലെത്തുന്നവരെ മാന്യമായി പുനരധിവസിപ്പിക്കുമെന്ന ഉറപ്പാണ് ഇതുവഴി മറ്റു പാര്‍ട്ടിക്കാര്‍ക്ക്, പ്രത്യേകിച്ച് സംഘപരിവാര കേന്ദ്രങ്ങള്‍ക്ക് സിപിഎം നല്‍കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,309 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day