|    May 24 Wed, 2017 9:44 am
FLASH NEWS

കണ്ണൂര്‍ മെഡി. കോളജ് കോടതി ഉത്തരവ് ലംഘിച്ചതായി പ്രവേശന കമ്മീഷണര്‍; ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു

Published : 14th October 2016 | Posted By: SMR

കൊച്ചി: സ്‌പോട്ട് അഡ്മിഷനുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ലംഘിച്ചെന്നും എന്നാല്‍, കരുണ കോളജ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും പ്രവേശനപ്പരീക്ഷ കമ്മീഷണറുടെ റിപോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹാളില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിലെത്തി നീറ്റ് റാങ്ക് വിവരങ്ങളടക്കമുള്ള രേഖകള്‍ കണ്ണൂര്‍ കോളജ് അധികൃതര്‍ സമര്‍പ്പിക്കാതിരുന്നതിനാല്‍ കോളജിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. എന്നാല്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജിലെ ഒഴിവുകളിലേക്ക് കോടതി ഉത്തരവുപ്രകാരം സ്‌പോട്ട് അഡ്മിഷനില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവേശനം നല്‍കിയതായി കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പിച്ച റിപോര്‍ട്ടില്‍ പറയുന്നു.
കരുണ കോളജില്‍ ക്രമക്കേട് കണ്ടെത്തിയ 30 സീറ്റുകളില്‍ പ്രവേശനം നേടിയവരെ ഒഴിവാക്കി പകരം 30 പേരെ പ്രവേശിപ്പിച്ചതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെയും ഡെപ്യൂട്ടി ഡയറക്ടറുടെയും സാന്നിധ്യത്തില്‍ നടന്ന സ്‌പോട്ട് അഡ്മിഷന്‍ ഓക്ടോബര്‍ ഏഴിന് രാവിലെ 9.30ന് ആരംഭിച്ചെങ്കിലും കണ്ണൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ 11.30 ഓടെയാണ് എത്തിയത്.  പ്രധാനപ്പെട്ട വിവരങ്ങളൊന്നുമില്ലാത്ത കുറേ രേഖകളാണ് അധികൃതരെ ഏല്‍പ്പിച്ചത്. ആകെ അപേക്ഷകരുടെയും മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെയും പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെയും പട്ടിക നീറ്റ് റാങ്ക് പ്രകാരം വ്യക്തമാക്കാതെ സമര്‍പ്പിച്ചു.  രേഖകള്‍ നീറ്റ് റാങ്ക് ഉള്‍പ്പെടെയുള്ള വിവരങ്ങളോടെ ഹാജരാക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഈ നിര്‍ദേശം അവഗണിച്ചു. രേഖകള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ ഈ കോളജിലെ ഒഴിവുകളിലേക്ക് പ്രവേശനം പൂര്‍ത്തിയാക്കാനായില്ല. പ്രവേശനപ്പരീക്ഷാ കമ്മീഷണറും പ്രവേശന മേല്‍നോട്ട സമിതിയും നല്‍കിയ നിര്‍ദേശങ്ങള്‍ കണ്ണൂര്‍ കോളജ് ഒരിക്കലും പാലിച്ചിട്ടില്ല. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശം ആദ്യം തള്ളി. കോളജിന്റെ വെബ്‌സൈറ്റിന് പകരം മൈനോറിറ്റി പ്രഫഷനല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്റെ വെബ്‌സൈറ്റാണ് ഓണ്‍ലൈന്‍ അപേക്ഷയ്ക്കായി തുറന്നത്. അര്‍ഹരായ അപേക്ഷകരെ ഒഴിവാക്കലായിരുന്നു ലക്ഷ്യം. പുതുക്കിയ പ്രോസ്പക്ടസും അപേക്ഷകരുടെയും അപേക്ഷ തിരസ്‌കരിച്ചവരുടെയും സ്വീകരിച്ചവരുടെയും എണ്ണമടങ്ങുന്ന വിശദീകരണങ്ങളും അവരുടെ യോഗ്യതകളും അന്തിമ പട്ടികയും വെയ്റ്റിങ് ലിസ്റ്റും അടക്കം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് മേല്‍നോട്ടസമിതി കണ്ടെത്തി. തുടര്‍ന്ന് കണ്ണൂര്‍ കോളജ് നേരത്തേ നടത്തിയ പ്രവേശനം റദ്ദാക്കി സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ ഉത്തരവിട്ടു. കരുണ കോളജ് നടത്തിയ പ്രവേശനവും ഇതേതരത്തില്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.  രണ്ടു കോളജുകളിലെയും അപേക്ഷകരുടെ നീറ്റ് റാങ്ക് പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ച് അവരുടെ സ്ഥാനം കണക്കാക്കി പ്രവേശനം നടത്താന്‍ കോടതി നിര്‍ദേശം നല്‍കി. എന്നാല്‍, കണ്ണൂര്‍ കോളജ് കോടതി ഉത്തരവ് ലംഘിച്ചു. കരുണ കോളജില്‍ ചില വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റിലേക്ക് ആളെ ലഭിക്കാതിരുന്നതിനാല്‍ മറ്റു വിഭാഗങ്ങളില്‍നിന്നുള്ളവരെ കമ്മീഷണറുടെ അനുമതിയോടെ പ്രവേശിപ്പിക്കുകയും ചെയ്തതായി റിപോര്‍ട്ടില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day