|    Jan 23 Tue, 2018 10:05 am

കണ്ണൂര്‍ മെഡിക്കല്‍ കോളജ് സമരം ഒത്തുതീര്‍ന്നു

Published : 12th November 2016 | Posted By: SMR

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ രണ്ടുമാസമായി തൊഴിലാളികള്‍ നടത്തിവന്ന സമരം തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. 14ന് ജീവനക്കാര്‍ ജോലിക്ക് ഹാജരാവും. സ്ഥാപനത്തിലെ കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുളള എല്ലാ ജീവനക്കാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്ക് ബാധകമായ മിനിമം വേതനം നല്‍കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബോണസും ഫെസ്റ്റിവല്‍ അലവന്‍സും സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനുള്ള നിര്‍ദേശം ഒരു മാസത്തിനകം ലേബര്‍ കമ്മീഷണര്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ഇത് പരിശോധിച്ച് ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളും. നിലവില്‍ നല്‍കാനുളള വേതന കുടിശ്ശിക ഈമാസം 15നു വിതരണം ചെയ്യും. മറ്റു വിഷയങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദേ്യാഗസ്ഥ തലത്തില്‍ തുടര്‍ ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കും. സമരവുമായി ബന്ധപ്പെട്ട് ഒരുവിധ പ്രതികാര നടപടികളും ഉണ്ടാവില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉറപ്പുനല്‍കി. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസ്റ്റീജ് എജ്യുക്കേഷനല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍, മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ കൃഷ്ണന്‍, സിഐടിയു നേതാക്കളായ കെ പി സഹദേവന്‍, എം വി ജയരാജന്‍, വി വി ബാലകൃഷ്ണന്‍, ലേബര്‍ കമ്മീഷണര്‍ ഡോ. കെ ബിജു, അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ വി എല്‍ മുരളീധരന്‍, കോഴിക്കോട് റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ എം സുനില്‍, ജില്ലാ ലേബര്‍ ഓഫിസര്‍മാരായ ബേബി കാസ്‌ട്രോ, കെ എം അജയകുമാര്‍ തുടങ്ങിയ ഉദേ്യാഗസ്ഥരും പങ്കെടുത്തു.ബോണസ് പ്രശ്‌നം പരിഹരിക്കുക, മിനിമം വേതനം അനുവദിക്കുക, കരാര്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മെഡിക്കല്‍ കോളജ് ജീവനക്കാര്‍ കണ്ണൂര്‍ ജില്ലാ െ്രെപവറ്റ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ ഷോപ്പ് എംപ്ലോയീസ് യൂനിയ(സിഐടിയു)ന്റെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ സപ്തംബര്‍ 13 നു സമരം തുടങ്ങിയത്. റിസപ്ഷന്‍, നഴ്‌സിങ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, സ്വീപര്‍, സെക്യൂരിറ്റി വിഭാഗം എന്നിവയിലായുള്ള 99 തൊഴിലാളികളാണ് സമരം നടത്തിയത്. സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് വിവിധ യുവജന-രാഷ്ട്രീയ-വിദ്യാര്‍ഥി സംഘടനകള്‍ കോളജിലേക്കു സമരം നടത്തുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ തലശ്ശേരി മുന്‍സിഫ് കോടതി നിയോഗിച്ച മധ്യവര്‍ത്തികളുടെ സാന്നിധ്യത്തില്‍ നാലുതവണ ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ലേബര്‍ കമീഷണര്‍ നേരിട്ട് ചര്‍ച്ചവിളിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day