|    Dec 12 Tue, 2017 12:40 am
FLASH NEWS

കണ്ണൂര്‍ മെഡിക്കല്‍ കോളജ്; സമരം അന്യായമെന്നു മാനേജ്‌മെന്റ്; പിന്നോട്ടില്ലെന്ന് സിഐടിയു

Published : 27th October 2016 | Posted By: SMR

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ അനിശ്ചിതകാല സമരം അന്യായമാണെന്നും വിദ്യാര്‍ഥികളുടെ ഭാവിയോര്‍ത്ത് മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റാന്‍ നിര്‍ബന്ധിതരാവുമെന്നും മാനേജ്‌മെന്റ് ഭാരവാഹികള്‍. എന്നാല്‍, സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നും മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും സമരക്കാരും അറിയിച്ചു. ഇന്നലെ ഇരുവിഭാഗവും വാര്‍ത്താസമ്മേളനവുമായി രംഗത്തെത്തി. മാനേജ്‌മെന്റ് പ്രതിനിധിക ള്‍ക്ക് കോളജില്‍ പ്രവേശിക്കാനാവുന്നില്ല. സമരത്തിന്റെ ഭാഗമായി കോളജുകളിലെ നിരവധി വാഹനങ്ങള്‍ നശിപ്പിച്ചു. പോലിസ് ഇക്കാര്യത്തില്‍ കണ്ണടയ്ക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ മെഡിക്കല്‍ കോളജ് ബോണസ് ആക്റ്റിനു കീഴില്‍ വരില്ല. സമരം തുടങ്ങിയതോടെ വിദ്യാര്‍ഥികളുടെ പഠനവും ക്ലിനിക്കല്‍ പരിശീലനവും സ്തംഭിച്ചു. പോലിസ് സംരക്ഷണം നല്‍കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ ഡോ. എം എ ഹാഷിം, കെ കൃഷ്ണന്‍, അഡ്വ. ജി കെ ഗോപകുമാര്‍, ഡോ. പി ജി ആനന്ദകുമാര്‍, ഡോ. അരുണ്‍ നാരായണന്‍ പങ്കെടുത്തു.അതേസമയം ഒരു തൊഴില്‍ നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് മാനേജ്‌മെന്റ് നിലപാടെന്നു പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ ഷോപ്പ് എംപ്ലോയീസ് യൂനിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. വാഹനങ്ങള്‍ തകര്‍ത്തെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. സ്ത്രീകളും പ്രായമായവരുമടങ്ങുന്ന ജീവനക്കാരാണ് സമരം നടത്തുന്നത്.  കോടതിയെയും പോലിസിനെയും ഉപയോഗിച്ച് സമരം തകര്‍ക്കാനാണു ശ്രമം. സമരം 44 ദിവസം പിന്നിട്ടു. വാര്‍ത്താസമ്മേളനത്തില്‍ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍, പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ ഷോപ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ സെക്രട്ടറി വി വി ബാലകൃഷ്ണന്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക