|    Nov 20 Mon, 2017 9:26 am
FLASH NEWS

കണ്ണൂര്‍ മണ്ഡലത്തില്‍ എല്ലാവര്‍ക്കും തുണിസഞ്ചി

Published : 4th August 2017 | Posted By: fsq

 

കണ്ണൂര്‍: ഹരിതകേരളം പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 45,000 വീടുകളിലും തുണിസഞ്ചി എത്തിക്കാനുള്ള പദ്ധതി ആരംഭിച്ചു. തുടര്‍ന്നു ജില്ലയിലെ മുഴുവന്‍ വീടുകളിലും തുണി സഞ്ചി നല്‍കാനാണ് ഒരുക്കം. കണ്ണൂര്‍ കാലത്തിനൊപ്പം എന്ന പേരില്‍ എല്ലാവര്‍ക്കും തുണിസഞ്ചിയെന്ന ആശയവുമായി രണ്ടുലക്ഷം തുണിസഞ്ചികളാണ് ആദ്യഘട്ടത്തില്‍ തയ്യാറാക്കുന്നത്. കുടുംബശ്രീയുമായി സഹകരിച്ച് നിയമസഭാ മണ്ഡലത്തിലെ എല്ലാവീടുകളിലും ഒരു വര്‍ഷത്തെ ഉപയോഗത്തിനാണ് സഞ്ചി തയ്യാറാക്കി നല്‍കുന്നത്. കഴിഞ്ഞ ഫെബ്രവരിയില്‍ നടന്ന മണ്ഡലം വികസന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് ആദ്യമായി ചര്‍ച്ചചെയ്തത്. ജനകീയ മുന്നേറ്റമായി ഉയര്‍ത്തികൊണ്ടുവന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരേ പൊതുബോധമുണ്ടാക്കുകയാണ്. കൂടാതെ ബഹുജന കാംപയിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്നു. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി മണ്ണിനെയും ജലാശയത്തെയും സംരക്ഷിക്കുകയും അതോടൊപ്പം വ്യക്തി ശുചിത്വം, കുടുംബശുചിത്വം, സമൂഹശുചിത്വം എന്നിവ ഉറപ്പു വരുത്തുകയുമാണ് ലക്ഷ്യമിടുന്നത്. സഞ്ചിക്ക് വേണ്ട തുണികള്‍ മണ്ഡലത്തിലെ വീടുകളില്‍നിന്നു ശേഖരിക്കും. സഞ്ചിയുണ്ടാക്കാന്‍ പറ്റുന്ന അലക്കി വൃത്തിയാക്കിയ സാരി, നേരിയ ബെഡ്ഷീറ്റുകള്‍, മറ്റുതുണികള്‍ എന്നിവ കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ശേഖരിക്കും. ഇവ ഓരോ അയല്‍ക്കൂട്ടങ്ങള്‍ വഴി ശേഖരിച്ച് സിഡിഎസിനെ ഏല്‍പ്പിക്കും. അതാത് വീടുകളില്‍നിന്നു ലഭിച്ച തുണികളായിരിക്കും അതാത് വീടുകളില്‍ സഞ്ചിയാക്കി നല്‍കുക. തുന്നല്‍ കൂലിയായി ചെറിയൊരു തുക ഈടാക്കും. പ്രാദേശിക തയ്യല്‍ യൂനിറ്റുകളും കുടുംബശ്രീ തയ്യല്‍ യൂനിറ്റുകളും ചേര്‍ന്നാണ് സഞ്ചി തയ്ക്കുക. വീടുകളില്‍ ബോധവല്‍ക്കരണ ലഘുലേഖയും വിതരണം ചെയ്യും. ഒക്ടോബര്‍ രണ്ടിനു ഗാന്ധി ജയന്തിയോടെ പദ്ധതി പൂര്‍ത്തിയാക്കും. അന്നേദിവസം മുഴുവന്‍ വീടുകളിലും തുണിസഞ്ചിയെത്തിയതിന്റെ പ്രഖ്യാപനം നടത്തും. വീടുകളില്‍ നിന്നും തുണി ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം 6ന് രാവിലെ 9ന് മുണ്ടേരി പഞ്ചായത്തിലെ കാഞ്ഞിരോട് തെരുവില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയോജക മണ്ഡലം വികസന സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, യു ബാബു ഗോപിനാഥ്, കുടുംബശ്രീ കോ-ഓഡിനേറ്റര്‍ എം സുര്‍ജിത് സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക