|    Dec 14 Fri, 2018 8:35 pm
FLASH NEWS

കണ്ണൂര്‍ പ്രാദേശികസേന വീണ്ടും അതിര്‍ത്തി സേവനത്തിന്

Published : 21st May 2018 | Posted By: kasim kzm

കണ്ണൂര്‍:  ഇന്ത്യയിലെ മികച്ച പ്രാദേശിക സേനയായ കണ്ണൂരിലെ 122ാം ഇന്‍ഫന്ററി ബറ്റാലിയന്‍ (ടിഎ) മദ്രാസ് വീണ്ടും അതിര്‍ത്തിയില്‍ വിശിഷ്ട സേവനത്തിനൊരുങ്ങുന്നു. ജമ്മു കശ്മീരിലെ സംഘര്‍ഷബാധിത മേഖലകളിലേക്ക് 122 യൂനിറ്റ് ഇന്നു വൈകീട്ട് പുറപ്പെടും. സര്‍വ സജ്ജീകരണങ്ങളുമായി കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് സൈന്യം യാത്ര തിരിക്കുക. മൂന്നുവര്‍ഷത്തെ സേവനത്തിനു ശേഷം തിരിച്ചെത്തും.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവര്‍ണര്‍ ജനറല്‍ സി രാജഗോപാല്‍ ആചാരിയാണ് 1949 ഒക്ടോബര്‍ ഒമ്പതിന് ഹരിയാനയിലെ അംബാലയില്‍ ടെറിട്ടോറിയല്‍ ആര്‍മി രൂപീകരിച്ചത്. 1966 നവംബര്‍ ഒന്നിന്് മദ്രാസ് റെജിമെന്റ് നിലവില്‍ വന്നു. കേരളത്തിലെ ഏക പ്രാദേശികസേനയാണ് കണ്ണൂരിലേത്. പതിറ്റാണ്ടുകളായി കണ്ണൂര്‍ ടെറിയേഴ്‌സ് എന്ന പേരില്‍ പ്രതിരോധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചുവരുന്നു.
ഓപറേഷന്‍ പവന്‍ ശ്രീലങ്കയിലും, ഓപറേഷന്‍ പരാക്രം ഹരിയാനയിലും, ഓപറേഷന്‍ രക്ഷക് ജമ്മുവിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീനഗറിലെ ഝലം നദിക്ക് കുറുകെ കണ്ണൂര്‍ ബ്രിഡ്ജ് എന്ന പേരില്‍ പാലം പണിയുകയുണ്ടായി.
വിശിഷ്ട സേവനത്തിന് ഉന്നത സൈനിക അധികാരികളില്‍നിന്ന് നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ടെറിട്ടോറിയല്‍ ആര്‍മിയെന്ന അംഗീകാരം മൂന്നുതവണയാണ് കണ്ണൂരിന് ലഭിച്ചത്. ദക്ഷിണ മേഖലയുടെ മികച്ച ബറ്റാലിയന്‍ എന്ന ബഹുമതിയും നേടി. രാജ്യസേവനത്തില്‍ മാത്രമല്ല, കായിക മല്‍സരങ്ങളിലും സാമൂഹികസേവന രംഗങ്ങളിലും മുന്‍പന്തിയിലാണ് കണ്ണൂര്‍ ടെറിയേഴ്‌സ്. 2017ലെ ആര്‍മി ഫയറിങ് ചാംപ്യന്‍ഷിപ്പിലും ഇന്റര്‍ ബറ്റാലിയന്‍ ഫുട്‌ബോളിലും ജേതാക്കളായി. 2018ലെ ഇന്റര്‍ബറ്റാലിയന്‍ വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ എന്നിവയില്‍ മികച്ച നേട്ടം കൈവരിച്ചു. ഇന്ത്യന്‍ സേനയ്ക്കു വേണ്ടി പാരമ്പര്യ ആയോധനകലയായ കളരിപ്പയറ്റ് പരിശീലനത്തിന്റെ നോഡല്‍ കേന്ദ്രം കണ്ണൂര്‍ ടെറിറ്റോറിയല്‍ ആര്‍മി ആസ്ഥാനമാണ്. ഇവിടെനിന്ന് 45 സേനാംഗങ്ങള്‍ പരിശീലനം പൂര്‍ത്തിയാക്കി.
2004ല്‍ കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ അഗ്‌നിബാധ ഉണ്ടായപ്പോള്‍ സേനയുടെ സേവനം പ്രശംസ പിടിച്ചുപറ്റിയിരുന്നു. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ വേളയിലും സൈന്യം രംഗത്തിറങ്ങി. 150 അംഗങ്ങളാണ് പ്രാദേശികസേനയിലുള്ളത്. മഹാരാഷ്ട്ര സ്വദേശിയായ കേണല്‍ രാജേഷ് കനോജിയയാണ് 122ാം പ്രാദേശിക സേനയുടെ കമാന്‍ഡിങ് ഓഫിസര്‍.
സെക്കന്‍ഡ് ഇന്‍ കമാന്‍ഡന്റ് ലഫ്. കേണല്‍ ഗുര്‍മിത് സിങ്, അഡ്ജിറ്റന്‍ഡ് മേജര്‍ വിനയ്കുമാര്‍, സുബേദാര്‍ മേജര്‍ എം വി പ്രകാശന്‍ എന്നിവരാണ് മറ്റ് ഉഗ്യോഗസ്ഥര്‍. 2009 ജൂലൈയില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss