|    Aug 21 Mon, 2017 9:29 pm
FLASH NEWS

കണ്ണൂര്‍ നഗരത്തില്‍ 745 കോടിയുടെ റോഡ് വികസന പദ്ധതിക്ക് അംഗീകാരം

Published : 7th August 2017 | Posted By: fsq

 

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വികസനക്കുതിപ്പിന് മുതല്‍ക്കൂട്ടാവുന്ന  745 കോടി രൂപയുടെ റോഡ് വികസന പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം. കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ സമര്‍പ്പിച്ച പദ്ധതിയാണിത്. കോര്‍പറേഷന്‍ പരിധിയിലെ പ്രധാനപ്പെട്ട റോഡുകള്‍ നടപ്പാത ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കും. റോഡ് മേല്‍പ്പാലം, റെയില്‍വേ മേല്‍പ്പാലം എന്നിവയുടെ നിര്‍മാണത്തിന് 402 കോടിയും സ്ഥലം ഏറ്റെടുക്കുന്നതിന് 343 കോടിയും ചെലവ് വരും. ബിഒടി വ്യവസ്ഥ പ്രകാരമായിരിക്കും പൂര്‍ത്തിയാക്കുക. പദ്ധതിപ്രകാരം നഗരത്തിലേക്ക് നയിക്കുന്ന 12 റോഡുകള്‍ നവീകരിക്കും. ജെടിഎസ് ജങ്ഷന്‍-പുതിയതെരു രണ്ടുലൈന്‍ രണ്ടുമീറ്റര്‍ നടപ്പാതയോടെ വികസിപ്പിക്കും. ഇതിനായി 6.6 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 164.47 കോടി രൂപയാണു മൊത്തം ചെലവ്. ദേശീയപാതയില്‍ കാല്‍ടെക്‌സിലും മേലെചൊവ്വയിലും രണ്ടു മേല്‍പാലങ്ങള്‍ സ്ഥാപിക്കും. താഴെചൊവ്വയിലും ചാലാട് പന്നേന്‍പാറയിലും റെയില്‍വേ ഗേറ്റുകളില്‍ മേല്‍പ്പാലം വരും. തയ്യില്‍-തെഴുക്കിലെപീടിക റോഡില്‍ കണ്ണൂര്‍ തെക്കില്‍ മറ്റൊരു മേല്‍പാലവും വരും. കണ്ണമ്പുഴ പാലവും ആയിക്കര പാലവും നവീകരിക്കാനും പദ്ധതിയുണ്ട്. ചാലാട്-പള്ളിക്കുന്ന്-കുഞ്ഞിപ്പള്ളി റോഡ് (38.35 കോടി), പൊടിക്കുണ്ട്- കൊറ്റാളി റോഡ് (8.45 കോടി), മിനി ബൈപാസ് റോഡ് (46.97 കോടി), കക്കാട്-മുണ്ടയാട് റോഡ് (15.889 കോടി), കണ്ണൂര്‍-മട്ടന്നൂര്‍ റോഡ് (45.842 കോടി), പ്ലാസ ജങ്ഷന്‍-ജെടിഎസ് റോഡ് (45.85 കോടി), തയ്യില്‍-തെഴുക്കിലെപീടിക റോഡ് (33.34 കോടി), ഇന്നര്‍റിങ് റോഡ് (2.44 കോടി), ജയില്‍ റോഡ് (0.27 കോടി), കുഞ്ഞിപ്പള്ളി-പുല്ലൂപ്പി റോഡ് (9.589കോടി) എന്നിവയാണ് നവീകരിക്കുന്ന മറ്റു റോഡുകള്‍. ഇതിനെല്ലാം കൂടി 24.94 ഹെക്റ്റര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. നിര്‍ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂര്‍ നഗരത്തിന്റെ വികസനക്കുതിപ്പിന് മുതല്‍ക്കൂട്ടാവുന്ന ബൃഹദ് പദ്ധതിയാണിത്. സ്ഥലമെടുപ്പ് വേഗത്തിലായാല്‍ പദ്ധതി വൈകാതെ നടപ്പാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക