|    Nov 18 Sun, 2018 12:46 am
FLASH NEWS

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡ് പ്രവര്‍ത്തനം തുടങ്ങി

Published : 4th August 2018 | Posted By: kasim kzm

കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്കില്‍ താല്‍ക്കാലികമായി ഒരുക്കിയ കുട്ടികളുടെ വാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു. വ്യാഴാഴ്ചയാണ് ഇവിടേക്ക് രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് സന്ദര്‍ശിച്ചു. ആധുനിക സൗകര്യങ്ങളാണ് ശീതീകരിച്ച വാര്‍ഡില്‍ ഒരുക്കിയിരിക്കുന്നത്. ഒരേസമയം ഇരുപതോളം രോഗികള്‍ക്ക് കിടക്കാം. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് പ്രവേശിപ്പിക്കുക.
അമ്മയും കുഞ്ഞും ബ്ലോക്കിന്റെ രണ്ടാം നിലയിലാണു വാര്‍ഡ്. കഴിഞ്ഞ ജൂണ്‍ 3നാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായുള്ള അമ്മയും കുഞ്ഞും ബ്ലോക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തിന്റെ 2.25 കോടി ചെലവഴിച്ച് നിര്‍മിതി കേന്ദ്രയാണു ബ്ലോക്ക് നവീകരിച്ചത്. ഒന്നാം നിലയില്‍ പ്രസവാനന്തരം സ്ത്രീകളെ കിടത്തുന്ന വാര്‍ഡ് സജ്ജീകരിച്ചു. ഒരേസമയം 50 പേര്‍ക്ക് കിടക്കാവുന്ന ഈ വാര്‍ഡ് കഴിഞ്ഞയാഴ്ചയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ആധുനിക തരത്തിലുള്ള കട്ടിലുകളും ഓരോ കട്ടിലിനോടും ചേര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള മേശയും രോഗികളുടെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ലോക്കറും ഉണ്ട്. അമ്മയും കുഞ്ഞും ബ്ലോക്കിന്റെ ഏറ്റവും താഴത്തെ നിലയില്‍ ഒപി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശിശുരോഗ ഒപി, ഗര്‍ഭിണികള്‍ക്കും സ്ത്രീ രോഗങ്ങള്‍ക്കുമുള്ള ഒപി, അര്‍ബുദം നേരത്തേ കണ്ടെത്താനുള്ള പരിശോധന, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പുകള്‍, നിരീക്ഷണ മുറി, മുലയൂട്ടല്‍ മുറി, കുടുംബാസൂത്രണം എന്നിവയാണ് ഇവിടെയുള്ളത്.
സ്തനാര്‍ബുദം പരിശോധിക്കാനുള്ള മാമോഗ്രാം ഉടന്‍ സ്ഥാപിക്കും. ജില്ലാ ആശുപത്രിയിലെ രക്തബാങ്ക് നേരത്തേ കുട്ടികളുടെ വാര്‍ഡ് പ്രവര്‍ത്തിച്ചിരുന്ന ഇടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് കുട്ടികളുടെ വാര്‍ഡ് അമ്മയും കുഞ്ഞും ബ്ലോക്കിലേക്കു മാറ്റിയത്. മുമ്പ് രക്തബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഉള്‍പ്പെടെ പൊളിച്ചുനീക്കിയാണ് മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss