|    May 27 Sat, 2017 5:41 pm
FLASH NEWS

കണ്ണൂര്‍ ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യം

Published : 13th October 2016 | Posted By: Abbasali tf

കണ്ണൂര്‍: കൊലപാതവും അക്രമവും നിത്യസംഭവമായി മാറിയ കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നു വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ആവശ്യപ്പെട്ടു. സ്വന്തം മണ്ഡലത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടും സമാധാനത്തിന് ശ്രമിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ആശങ്ക സൃഷ്ടിക്കുകയാണെന്നു ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രസ്താവിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍, അതിലുപരി മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന നിലയിലെങ്കിലുംസമാധാന യോഗം വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാവണം. കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രിയടക്കം മന്ത്രിമാരെറയുണ്ടായിട്ടും ജില്ല ചോരക്കളമാകുമ്പോള്‍ അവരെല്ലാം മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്.കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു മുഖ്യമന്ത്രിയുടെയും നാട്ടില്‍ ഇതുപോലെ രാഷ്ട്രീയ കൊലപാതകള്‍ നടന്നിട്ടല്ല. അക്രമങ്ങള്‍ നിയന്ത്രിക്കാനുള്ള ബാധ്യത പോലിസിനും ആഭന്തര വകുപ്പിനും ഉണ്ട്. അക്രമങ്ങള്‍ നിയന്ത്രക്കുന്നതില്‍ പരിധിയുണ്ടെന്നും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ തുറന്നുപറയുമ്പോള്‍ സമാധാന സംരക്ഷണത്തിന് എന്താണ് പോംവഴിയെന്ന ചോദ്യം ഉയരുകയാണ്. സിപിഎമ്മും ബിജെപിയും നടത്തുന്ന ചോരക്കളിയില്‍ രാഷ്ട്രീയ നേതാവിന്റെ വാദഗതിയല്ല മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയന്‍ നടത്തേണ്ടത്. ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. അത് ചെയ്യാതെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ നിലവാരത്തില്‍ സംസാരിക്കുന്നത് മുഖ്യമന്ത്രി സ്ഥാനത്തിന് ചേര്‍ന്നതല്ല. കണ്ണൂരില്‍ സമാധനം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ ജില്ലാ ഭരണകൂടം കൈക്കൊള്ളണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജില്ലയുടെ സമാധാനന്തരീക്ഷത്തിന് ഭീഷണിയായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കണ്ണൂര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. സമാധാന യത്‌നങ്ങളില്‍ ഭരണകൂടം സ്വീകരിക്കുന്ന നടപടികള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് കൗ ണ്‍സില്‍ ഉറപ്പുനല്‍കി. ഒക്ടോബര്‍ 21 മുതല്‍ 31 വരെ പ്രാര്‍ഥന ദിനങ്ങളായി ആചരിക്കാനും സമാധാനത്തിനായുള്ള അഖണ്ഡ ജപമാല രൂപതയിലെ ഇടവേളകളില്‍ നടത്താനും യോഗം ആഹ്വാനം ചെയ്തു.യോഗത്തില്‍ കണ്ണൂര്‍ രൂപതാ മെത്രാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ, മോണ്‍. ക്ലാരന്‍സ് പാലിയത്ത് ജോയിന്റ് സെക്രട്ടറി കെ എച്ച് ജോണ്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ സംസാരിച്ചു. കണ്ണൂരിലെ പ്രാന്തപ്രദേശങ്ങളില്‍ അടിക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കിരാത രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും ജനങ്ങളുടെ സൈ്വരജീവിതത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുകയാണെന്നും എത്രയും പെട്ടെന്ന് സ്‌ഫോടനാത്മകമായ അവസ്ഥയ്ക്ക് അറുതി വരുത്തണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ല അടിയന്തിര സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ നിലനില്‍ക്കുന്ന അത്യന്തം ഗുരുതരമായ അന്തരീക്ഷം കണക്കിലെടുത്ത് ജനാധിപത്യത്തിനും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലും വിശ്വസിക്കുന്ന എല്ലാ പാര്‍ട്ടികളുടെയും സത്വരശ്രദ്ധ പതിയണമെന്നും യോഗം അഭ്യര്‍ഥിച്ചു.വൈസ് പ്രസിഡന്റ് സി കെ അബ്ദുല്‍ഖാദര്‍ ദാരിമി അധ്യക്ഷത വഹിച്ചു. പ്രഫ. യു സി അബ്ദുല്‍ മജീദ്, കെ എ മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, എം കെ ഹാമിദ്, ഹനീഫ് പാനൂര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day