|    Jan 21 Sat, 2017 3:30 am
FLASH NEWS

കണ്ണൂര്‍ കോര്‍പറേഷന്‍: ലീഗിന് അതൃപ്തി

Published : 16th November 2015 | Posted By: SMR

കണ്ണൂര്‍: കോര്‍പറേഷന്‍ ഭരണം സംബന്ധിച്ച് കണ്ണൂരില്‍ തുടരുന്ന പ്രതിസന്ധികളില്‍ മുസ്‌ലിംലീഗിന് അതൃപ്തി. പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ഖാദര്‍ മൗലവി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടു.
ഇന്നലെ ഉച്ചയോടെയാണ് മുസ്‌ലിംലീഗ് മുന്‍ ജില്ലാ പ്രസിഡന്റുകൂടിയായ വി കെ അബ്ദുല്‍ഖാദര്‍ മൗലവി, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ വി മുഹമ്മദ് കുഞ്ഞി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ കല്ലായി, സെക്രട്ടറി വി പി വമ്പന്‍ തുടങ്ങിയവര്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരനെയും ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രനെയും കണ്ടത്. പയ്യാമ്പലം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് അടുത്തിട്ടും ഭരണം സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താത്തതാണു ലീഗിനെ ചൊടിപ്പിച്ചത്. 17നകം തീരുമാനമെടുക്കണമെന്ന അന്ത്യശാസനം നല്‍കിയതായാണു വിവരം. അതുപോലെതന്നെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ ലീഗ് പ്രതിനിധിയെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് വിമതനു പദവികള്‍ വാഗ്ദാനം ചെയ്തുള്ള യാതൊരുവിധ ഒത്തുതീര്‍പ്പിനും ലീഗ് ഒരുക്കമല്ലെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ യുഡിഎഫിലെ ചര്‍ച്ചകള്‍ സംബന്ധിച്ച പുരോഗതി അറിയിക്കാന്‍ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടതനുസരിച്ചാണ് എത്തിയതെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. ഘടകകക്ഷിയെന്ന നിലയില്‍ ചര്‍ച്ചകള്‍ സംബന്ധിച്ച സ്ഥിതി അറിയിക്കുകയായിരുന്നു. അതിനപ്പുറം മറ്റ് ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി ഉപസമിതിയംഗമായ സതീശന്‍ പാച്ചേനിയും കൂടിക്കാഴ്ചയ്ക്ക് എത്തുമെന്നറിയിച്ചിരുന്നെങ്കിലും ഉണ്ടായില്ല. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് എത്താതിരുന്നതെന്നു സതീശന്‍ പാച്ചേനി പറഞ്ഞു. മേയര്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടുദിവസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും ഇക്കാര്യത്തില്‍ യുഡിഎഫില്‍ തീരുമാനമായിട്ടില്ല. തുല്യ സീറ്റുകള്‍ ലഭിച്ചതിനാല്‍ യുഡിഎഫ് വിമതന്റെ പിന്തുണയ്ക്കായി കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും തന്റെ ആവശ്യങ്ങള്‍ നിറവേറ്റണമെന്ന നിലപാടില്‍ പി കെ രാഗേഷ് ഉറച്ചുനില്‍ക്കുകയാണ്.
ഇന്നലെ കെപിസിസി ഉപസമിതിയില്‍ ചര്‍ച്ചയൊന്നുമുണ്ടായില്ല. ഇതിനിടെ, പി കെ രാഗേഷിന്റെ വിലപേശലില്‍ ലീഗിന് നഷ്ടം സംഭവിക്കുമെന്ന ആശങ്കയുയര്‍ന്നതോടെ ചില ലീഗ് നേതാക്കള്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്നും അഭ്യൂഹമുണ്ട്.
മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്ന് സിപിഎമ്മിനെ സഹായിക്കുകയും പകരം ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ ജയിക്കുകയെന്ന തന്ത്രവുമാണ് ഒരുവിഭാഗം ലീഗ് കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ലീഗ് നേതൃത്വം ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക