|    Nov 21 Wed, 2018 9:09 am
FLASH NEWS

കണ്ണൂര്‍ കോര്‍പറേഷന്‍: മുസ്്‌ലിം ലീഗ് അവിശ്വാസപ്രമേയം 10ന്

Published : 8th August 2018 | Posted By: kasim kzm

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ക്കെതിരേ മുസ്്‌ലിംലീഗ് 10നു അവിശ്വാസ പ്രമേയം അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്്‌ലിംലീഗ് കണ്ണൂര്‍, അഴീക്കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെയും കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെയും യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്. 11നു നടക്കുന്ന യുഡിഎഫ് പ്രക്ഷോഭത്തിനു ശേഷം അവിശ്വാസപ്രമേയം കൊണ്ടുവരാമെന്ന ലീഗ് ജില്ലാ നേതാവിന്റെ പരാമര്‍ശം യോഗത്തില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി.  യോഗത്തില്‍ പങ്കെടുത്ത 40ഓളം ഭാരവാഹികളും കൗണ്‍സിലര്‍മാരും രാജിഭീഷണി മുഴക്കുകയും അവിശ്വാസ പ്രമേയം ഇനിയും നീട്ടരുതെന്നും ആവശ്യപ്പെട്ടു. ചില നേതാക്കല്‍ യോഗത്തില്‍ ഇറങ്ങിപ്പോവുമെന്ന ഘട്ടം വരെയെത്തി. ജില്ലാ നേതാവിന്റെ പരാമര്‍ശത്തെ എല്ലാവരും ഒറ്റക്കെട്ടായാണ് എതിര്‍ത്തത്. കോണ്‍ഗ്രസ് നിലപാട് ഇനിയും സഹിക്കാനാവില്ലെന്നും കോര്‍പറേഷനില്‍ ലീഗിനാണ് നഷ്ടമുണ്ടായതെന്നും ഇനിയും ഇത് വച്ചുപൊറുപ്പിക്കാനാവില്ലെന്നും ചിലര്‍ തുറന്നുപറഞ്ഞു. ഇതോടെ ജില്ലാ നേതാവ് വഴങ്ങുകയായിരുന്നു. യോഗതീരുമാനപ്രകാരം 10നു രാവിലെ തന്നെ കോര്‍പറേഷന്‍ സെക്രട്ടറിക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കും. നിലവില്‍ കോണ്‍ഗ്രസിന് അഞ്ചു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരാണുള്ളത്.
അഡ്വ. ടി ഒ മോഹനന്‍(പൊതുമരാമത്ത്), ജെമിനി(വികസനം), അഡ്വ. പി ഇന്ദിര(ആരോഗ്യം), ഷാഹിന മൊയ്തീന്‍(വിദ്യഭ്യാസം), വിനോദ്(ടാക്‌സ്, അപ്പീല്‍) എന്നിവരാണ്. മുസ്്‌ലിംലീഗിനാവട്ടെ ഒരെണ്ണം മാത്രമാണുള്ളത്(സി സീനത്ത്). ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ഒരു വോട്ടിനു ലീഗിനു നഷ്ടപ്പെട്ടതു കാരണം സിപിഐയ്ക്കാണു ലഭിച്ചത്(വെള്ളോറ രാജന്‍). ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷാണ് ധനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍. അങ്ങനെയാണെങ്കില്‍ സി സീനത്ത് രാജിക്കത്ത് സമര്‍പ്പിക്കാനും സാധ്യതയുണ്ട്. പല വിഷയങ്ങളിലും കോണ്‍ഗ്രസ് ലീഗിനോട് കാണിക്കുന്ന നിലപാട് പാര്‍ട്ടിയില്‍ തന്നെ അമര്‍ഷത്തിനിടയാക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ ലീഗ് യോഗത്തില്‍ പറഞ്ഞു. ഭരണപക്ഷവുമായി അസ്വാരസ്യത്തിലുള്ള പി കെ രാഗേഷിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിച്ച് ഭരണം പിടിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാല്‍ കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവരുടെ വാശിയാണ് ഇതിനു തടസ്സമെന്ന് ലീഗ് കരുതുന്നു. ഇതിന്റെ പരിണിത ഫലം കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന നഗരസഭ കോര്‍പറേഷനായ തുടക്കത്തില്‍ തന്നെ ഭരണം നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്തു. കഴിഞ്ഞ തവണ നഗരസഭാ ഭരണത്തിന്റെ അവസാനകാലഘട്ടത്തില്‍ തന്നെ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം ഉടലെടുത്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss