|    Oct 22 Sun, 2017 5:02 am

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം സാങ്കേതികക്കുരുക്കില്‍ പരസ്പരം പഴിചാരി ഇരുപക്ഷവും

Published : 24th January 2016 | Posted By: SMR

കണ്ണൂര്‍: പുതുതായി നിലവില്‍വന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ സാങ്കേതിക കുരുക്ക് ഭരണസ്തംഭനത്തിന് കാരണമാക്കിയതോടെ ഭര്ണ-പ്രതിപക്ഷാംഗങ്ങള്‍ പരസ്പരം പഴിചാരുന്നു. ഇന്നലെ നടന്ന അടിയന്തിര കൗണ്‍സില്‍ യോഗം തര്‍ക്കവും ബഹളവും ആരോപണവും മാത്രമായി പിരിയുകയായിരുന്നു. ഒന്നാമത്തെ അജണ്ടയായ പദ്ധതി ആസൂത്രണ കലണ്ടര്‍ അംഗീകരിക്കുന്നതിനായുള്ള ചര്‍ച്ചയ്ക്കു തുടക്കമിട്ട് ഡെപ്യൂട്ടി മേയര്‍ സി സമീറാണ് ആരോപണം തുടങ്ങിയത്. സ്ഥിരം സമിതി അധ്യക്ഷന്മാര്‍ ഓടിളക്കി വന്നവരാണെന്ന മനോഭാവം മാറ്റണമെന്നും കൗണ്‍സില്‍ അധികാരമേറ്റ് രണ്ടരമാസം കഴിഞ്ഞിട്ടും ഇവര്‍ക്ക് കാബിനോ പ്രത്യേക ഇരിപ്പിടമോ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബോധപൂര്‍വമായ ഇത്തരം നീക്കങ്ങള്‍ക്കെതിരേ പരസ്യമായി പ്രതിഷേധിക്കുമെന്നും ഇത്തരം മനോഭാവം തുടരുകയാണെങ്കില്‍ കൗണ്‍സിലിനു പുറത്ത് ടെന്റ് കെട്ടിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷന്‍ യോഗത്തില്‍ അജണ്ട നിശ്ചയിക്കുന്നതിന് മുമ്പ് സ്റ്റിയറിങ് കമ്മിറ്റി പോലും ചേരാറില്ലെന്നും ഓഫിസിനുള്ളിലെ പ്രശ്‌നം പരിഹരിക്കാതെ ദേശീയപാതയിലെ കുഴിയടക്കുന്നത് ഫോട്ടോയെടുത്ത് വരുത്തുന്ന മേയറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നു ടി ഒ മോഹനന്‍ പറഞ്ഞു.
എല്ലാകാര്യത്തിലും സ്വന്തം ഇഷ്ടത്തിനനുസരിച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മേയര്‍ പെരുമാറുന്നതെന്നും ഭരണകാര്യത്തില്‍ കൂട്ടായ്മ വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോര്‍പറേഷന്റെ താല്‍ക്കാലിക പ്രതിസന്ധി മറികടക്കാന്‍ ഒരു കോടി രൂപ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പായില്ലെന്നും തുക കൈമാറാത്തതാണ് പ്രധാന പ്രശ്‌നമെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തിരിച്ചടിച്ചു. പ്രഥമ കോര്‍പറേഷനെ ഭരണ പ്രതിസന്ധിയിലാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നില്ലെന്നും മേയര്‍ എന്തുചെയ്യണമെന്ന് ആരും നിശ്ചയിക്കേണ്ടെന്നും എല്‍ഡിഎഫിസെ എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. നഗരസഭയും അഞ്ച് പഞ്ചായത്തകളും കൂട്ടിച്ചേര്‍ത്ത് രൂപീകരിച്ച കോര്‍പറേഷനില്‍ സ്വന്തം അധികാരമുള്ള സെക്രട്ടറിയും ആവശ്യത്തിന് ജീവനക്കാരുമില്ലാത്തത് ഗുരുതരമായ പ്രതിസന്ധിയാണ്. പഞ്ചായത്ത് ഓഫിസുകള്‍ ഇപ്പോള്‍ മേഖലാ ഓഫിസുകളായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇവിടുത്തെ ജീവനക്കാരെ പല സ്ഥലത്തേക്കും മാറ്റിയതോടെ ഇവിടെയും ഭരണ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. വിഇഒമാര്‍ മുഖേന ലഭിക്കേണ്ട ആനുകൂല്യങ്ങളും ഇപ്പോള്‍ വിതരണം ചെയ്യുന്നില്ല. ട്രഷറി കോഡ് ലഭിക്കാത്തതിനാല്‍ വികസന ഫണ്ട് കൈമാറുന്നതിലും തടസ്സം നേരിടുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. മേയറുടെ നേതൃത്വത്തില്‍ രണ്ട് തവണ മുഖ്യമന്ത്രിയെയും വിവിധ വകുപ്പ് മന്ത്രിമാരെയും കണ്ട് ചര്‍ച്ച നടത്തിയെങ്കിലും അനുകൂലതീരുമാനം ഉണ്ടായിട്ടില്ല. യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. ടെണ്ടര്‍ നടത്താന്‍ സോണല്‍ ഓഫിസുകളില്‍നിന്ന് നല്‍കിയ ഫയലുകള്‍ തീര്‍പ്പാക്കാത്തതാണ് വിമര്‍ശനത്തിനിടയാക്കിയത്. കക്കാട് ഓട്ടോ സ്റ്റാന്റില്‍ അനുമതിയില്ലാതെ കോര്‍പറേഷന്റെ ബോര്‍ഡ് സ്ഥാപിച്ചത് കെ പി അബ്ദുസ്സലീം ചൂണ്ടിക്കാട്ടിയപ്പോള്‍ മേയര്‍ അനുവദിക്കാതിരുന്നതും തര്‍ക്കത്തിനിടയാക്കി. അജണ്ടയ്ക്ക് പുറത്തുള്ള കാര്യം ഉന്നയിക്കേണ്ടെന്ന മേയറുടെ വാദം പ്രതിപക്ഷബഹളത്തിനിടയാക്കി.
ഭരണകക്ഷിയിലെ കൗണ്‍സിലര്‍മാര്‍ മറ്റ് വിഷയങ്ങള്‍ ഉന്നയിച്ചതാണ് തര്‍ക്കമുണ്ടാക്കിയതെന്നും മേയര്‍ വലതു കൈകൊണ്ട് തുടരാനും ഇടതുകൈകൊണ്ട് നിര്‍ത്താനും പറയുന്നത് ശരിയല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഓട്ടോ സ്റ്റാന്റ് വിഷയം ചര്‍ച്ചചെയ്യാന്‍ യോഗം വിളിക്കുമെന്ന് മേയര്‍ മറുപടി നല്‍കി. ഇതിനുശേഷം യോഗം പിരിച്ചുവിട്ടതായി അറിയിച്ചു. എന്നാല്‍ നാലാമത്തേതും അവസാനത്തേതുമായ അജണ്ട ചര്‍ച്ച ചെയ്തില്ലെന്ന് ആരോപിച്ച് സി എറമുള്ളാന്‍ രംഗത്തെത്തി. പ്രതിപക്ഷം ഇത് ഏറ്റുപിടിച്ചെങ്കിലും വിഷയം പരിഗണിക്കാതെ മേയര്‍ മടങ്ങി. മേയര്‍ ഹാള്‍ വിട്ട ശേഷവും ഏറെസമയം ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദം തുടര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക