|    Jan 21 Sat, 2017 12:02 pm
FLASH NEWS

കണ്ണൂര്‍ കോര്‍പറേഷനില്‍ വരാനിരിക്കുന്നത് ഭരണപ്രതിസന്ധി

Published : 2nd July 2016 | Posted By: SMR

കണ്ണൂര്‍: പതിറ്റാണ്ടുകളോളം നഗരസഭയായും കഴിഞ്ഞ വര്‍ഷം കോര്‍പറേഷനുമായി മാറുകയും ചെയ്ത കണ്ണൂരില്‍ വരാനിരിക്കുന്നത് ഭരണപ്രതിസന്ധിയുടെ നാളുകള്‍. തുല്യസീറ്റുകള്‍ നേടിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ പിന്തുണയോടെ ഇടതുപക്ഷം ഭരണത്തിലേറിയെങ്കിലും വിവിധ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനമില്ലാത്തതാണു പദ്ധതി അംഗീകാരങ്ങള്‍ക്കു പ്രതിസന്ധിയുണ്ടാക്കുക.
മേയര്‍ ഇ പി ലതയാണ് എല്ലാ വകുപ്പുകളുടെയും അവസാന മേധാവിയെങ്കിലും വികസന സങ്കല്‍പങ്ങളിലും പദ്ധതികളിലും വ്യത്യസ്ത നയങ്ങളുള്ള ഇടതു-വലതു മുന്നണികള്‍ തമ്മില്‍ ഏകോപനമുണ്ടാക്കുകയെന്നത് ഏറെ ക്ലേശകരമാവും. ഡെപ്യൂട്ടി മേയര്‍ പദവി പി കെ രാഗേഷിനു നല്‍കാന്‍ ഇടതുപക്ഷം നിര്‍ബന്ധിതമായതോടെ ധനകാര്യ വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഇദ്ദേഹത്തിനായി. ഇതിനു പുറമെ സിപിഐയുടെ വെള്ളോറ രാജന്‍ ചെയര്‍പേഴ്‌സണായ ക്ഷേമകാര്യ വകുപ്പ് മാത്രമാണ് ഭരണപക്ഷത്തിനുള്ളത്. അതും സിപിഐയ്ക്കു ലഭിച്ചതാവട്ടെ യുഡിഎഫിലെ ലീഗ് പ്രതിനിധിയുടെ വോട്ട് അസാധുവായി നറുക്കെടുപ്പിലൂടെയാണ്. ഇപ്പോള്‍ അവിശ്വാസ പ്രമേയത്തിലൂടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തു നിന്ന് ലീഗിലെ സി സമീര്‍ പുറത്തായതോടെയാണ് കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് തദ്സ്ഥാനത്തെത്തിയത്. അതുകൊണ്ടു തന്നെ ഇടതുനിലപാടുകള്‍ക്കൊപ്പം രാഗേഷിനു നില്‍ക്കേണ്ടി വരും. എന്നാല്‍ കോര്‍പറേഷന്‍ യോഗങ്ങളില്‍ വരുന്ന അജണ്ടകളിന്‍മേല്‍ ഇനിയങ്ങോട്ടുള്ള നാളുകളില്‍ രൂക്ഷമായ വാക്കുതര്‍ക്കങ്ങളുണ്ടാവാനാണു സാധ്യത. പിപിപി, ബിഒടി പോലുള്ള പദ്ധതികള്‍ യുഡിഎഫ് അനുകൂലമാണെങ്കില്‍ ഇടതുപക്ഷം പൂര്‍ണമായും ഇതിനെ എതിര്‍ക്കും. ഇത്തരം അജണ്ടകള്‍ യോഗത്തിനെത്തുമ്പോള്‍ അവസാനവാക്കെന്ന നിലയില്‍ വോട്ടെടുപ്പിലേക്കെത്താനാണു സാധ്യത.
അപ്പോള്‍ കോണ്‍ഗ്രസ് പാരമ്പര്യം ഇപ്പോഴും കൈവിടാത്ത പി കെ രാഗേഷിന്റെ നിലപാട് നിര്‍ണായകമാവും. അതുപോലെ തന്നെയാണ് വിവിധ പദ്ധതികളില്‍ സ്ഥിരംസമിതിയിലെ ചര്‍ച്ചകളും ഉണ്ടാവുക. സ്വാഭാവികമായും തങ്ങള്‍ക്ക് അനുകൂലമായ സ്ഥിരംസമിതികളില്‍ യുഡിഎഫ് തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു അധ്യക്ഷരുടെ പിന്തുണയുണ്ടാവും. എന്നാല്‍ കോര്‍പറേഷനിലെ ലീഡ് കൊണ്ട് ഭരണപക്ഷം ഇതിനു തടയിടാന്‍ ശ്രമിക്കുമ്പോള്‍ ഭരണവും കൗണ്‍സില്‍ യോഗവും എന്നും പ്രതിസന്ധിയിലൂടെ നീങ്ങാനാണു സാധ്യത. നിലവില്‍ ആകെയുള്ള എട്ടു അധ്യക്ഷസ്ഥാനങ്ങളില്‍ അഞ്ചെണ്ണം കോണ്‍ഗ്രസിനാണ്. വികസനകാര്യം-പി കെ ജെമിനി, ആരോഗ്യം-അഡ്വ. പി ഇന്ദിര, പൊതുമരാമത്ത്-അഡ്വ. ടി ഒ മോഹനന്‍, വിദ്യാഭ്യാസം-ഷാഹിന മൊയ്തീന്‍, നികുതി, അപ്പീല്‍-സി കെ വിനോദ് എന്നിവരാണ്. ഇവിടെയെല്ലാം നഷ്ടം മുസ്‌ലിംലീഗിനാണെന്നതും ശ്രദ്ധേയം. ഇ അഹ്മദ് മുതല്‍ സി സമീര്‍ വരെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനവും കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും വരെ വഹിച്ച ലീഗ് ഇപ്പോള്‍ പ്രതിപക്ഷത്തെന്നു മാത്രമല്ല ഒരേയൊരു സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് ഒതുക്കപ്പെടുകയും ചെയ്തു.
നഗരാസൂത്രണ അധ്യക്ഷയായ സി സീനത്ത് മാത്രമാണ് ഏക ആശ്വാസം. അതുകൊണ്ടു തന്നെ കോര്‍പറേഷനില്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ശീതസമരത്തിനും ആക്കംകൂടാന്‍ സാധ്യതയേറെയാണ്. ഏതായാലും കോര്‍പറേഷന്‍ രൂപീകരണത്തിന്റെ ആദ്യകാലയളവില്‍ തന്നെ ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന കണ്ണൂരി െന കാത്തിരിക്കുന്നത് സങ്കീര്‍ണവും പ്രതിസന്ധിയും നിറഞ്ഞ കാലമാണെന്നതില്‍ സംശയമില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക