|    Oct 15 Mon, 2018 2:15 pm
FLASH NEWS

കണ്ണൂര്‍ കോട്ട ലൈറ്റ് ആന്റ് സൗണ്ട് ഷോ : നിര്‍മാണം അന്തിമഘട്ടത്തില്‍

Published : 8th May 2017 | Posted By: fsq

 

കണ്ണൂര്‍: സായാഹ്ന സഞ്ചാരികള്‍ക്ക് മിഴിവേകാന്‍ കണ്ണൂര്‍ സെന്റ് ആഞ്ചലോ കോട്ടയില്‍ നടപ്പാക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോ സംവിധാനത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. രണ്ടാഴ്ചയ്ക്കകം പ്രദര്‍ശനം ആരംഭിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച അനുമതിപത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംസ്ഥാന ടൂറിസം വകുപ്പിന് കൈമാറി. 3.76 കോടി രൂപ ചെലവില്‍ ബംഗളൂരുവിലെ സിംപോളിക് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിനാണ് നിര്‍മാണ ചുമതല. ബഹുവര്‍ണ വെളിച്ചത്തിനായി 700ഓളം ലൈറ്റ് പോയിന്റുകളാണ് കോട്ടവാതിലിന് അഭിമുഖമായി തയ്യാറാക്കുന്നത്. ഇവയുടെ വിദഗ്ധ പരിശോധന ഉടന്‍ പൂര്‍ത്തീകരിക്കും. 2016 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ലൈറ്റ് ആന്റ് സൗണ്ട് ഷോ ഉദ്ഘാടനം ചെയ്തത്. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞ് നിരവധിപേര്‍ ദിനേന പ്രദര്‍ശനം കാണാനെത്തിയിരുന്നു. എന്നാല്‍, പൂര്‍ണമായും പ്രദര്‍ശനസജ്ജമാവാതെ ഉദ്ഘാടനം ചെയ്തതിനാല്‍ ആസ്വദിക്കാനാവാതെ സഞ്ചാരികള്‍ മടങ്ങി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് താല്‍ക്കാലിക പ്രദര്‍ശനോദ്ഘാടനം നടത്തിയതാണു തിരിച്ചടിയായത്. ഉദ്ഘാടനത്തിനു താല്‍ക്കാലികമായി തയ്യാറാക്കിയ ഉപകരണങ്ങള്‍ കരാര്‍ കമ്പനി അഴിച്ചുമാറ്റുകയും ചെയ്തു. കണ്ണൂര്‍ സെന്റ് ആഞ്ചലോ കോട്ടയുടെ ചരിത്രം അയവിറക്കുന്ന ലേസര്‍ ഷോയും ശബ്ദവുമടങ്ങിയതാണ് 43 മിനുട്ട് നീണ്ടുനിന്ന ഷോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഓണത്തിനു പ്രദര്‍ശനം തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോയി. ഇതിനിടെ, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഘം പരിശോധിച്ച് അനുമതി നല്‍കിയതോടെ പ്രവൃത്തികള്‍ പുരോഗമിച്ചെങ്കിലും പൂര്‍ണമായും പ്രദര്‍ശനസജ്ജമാവുന്നതിനു മുമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷോയുടെ നടത്തിപ്പ് ചുമതല ഡിടിപിസിക്കാണ്. ശബ്ദവും പ്രകാശവും സന്നിവേശിപ്പിച്ച്, 500 വര്‍ഷം പഴക്കമുള്ള സെന്റ് ആഞ്ചലോ കോട്ടയുടെ ചരിത്രം അനാവരണം ചെയ്യുന്ന വിധത്തിലാണ് ഷോയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും കാവ്യ മാധവനുമാണ് ശബ്ദം നല്‍കിയത്. പരിപാടിയുടെ ഇംഗ്ലീഷ് പതിപ്പില്‍ കമലഹാസനും ശബ്ദം നല്‍കി. തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. ഹൈദരബാദിലെ ഗൊല്‍ക്കൊണ്ട കൊട്ടാരം, പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍, രാജസ്ഥാനിലെ ഉദയപുരം കൊട്ടാരം, മധ്യപ്രദേശിലെ ഗ്വാളിയോര്‍ കോട്ട എന്നിവിടങ്ങളില്‍ ഇത്തരം ഷോയുണ്ടെങ്കിലും കണ്ണൂരിലേത് തികച്ചും വ്യത്യസ്തമായിരിക്കും. സംസ്ഥാനത്ത് ആദ്യമായാണ് സിംഗപ്പൂര്‍ മാതൃകയില്‍ ഷോ നടപ്പാക്കുന്നത്. നേരത്തെ പുരാവസ്തു വകുപ്പിനു കൈമാറിയ സ്‌ക്രിപ്റ്റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ദിനേന ഒരു പ്രദര്‍ശനം മലയാളത്തിലും മറ്റൊന്ന് ഇംഗ്ലീഷിലുമായിരിക്കും. 150 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. വൈകീട്ട് 6.30 മുതല്‍ 8.30 വരെയാണ് പ്രദര്‍ശനം. നൂറു രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് വരുമാനത്തിന്റെ 40 ശതമാനം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നല്‍കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss