|    Nov 17 Sat, 2018 2:14 pm
FLASH NEWS

കണ്ണൂര്‍ -കുറ്റിപ്പുറം ദേശീയപാതാ പദവിനഷ്ടം; കര്‍മസമിതിക്കും ബാറുടമകള്‍ക്കും ആശ്വാസം

Published : 1st June 2017 | Posted By: fsq

 

വടകര: കണ്ണൂര്‍-കുറ്റിപ്പുറം റോഡിന് ദേശീയപാത പദവി നഷ്ടപ്പെട്ടത് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമ്പോള്‍ റോഡ് വികസനം സംബന്ധിച്ച് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സമരം ചെയ്യുന്ന കര്‍മസമിതിക്ക് ആശ്വാസമാവുന്നു. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ബാറുകളും വൈന്‍ പാര്‍ലറുകളും തുറക്കാനായി ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2014ല്‍ കണ്ണൂര്‍, കുറ്റിപ്പുറം പാതയുടെ ദേശീയപാത പദവി, അതോറിറ്ററി പുറപ്പെടുവിച്ച വിജ്ഞാപനം വഴി എടുത്തുകളഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതിയിറക്കിയത്. 2014ല്‍ കോഴിക്കോട് ജില്ലയില്‍ അടക്കം കര്‍മസമിതി നടത്തിയ സമരപരമ്പരകളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് ഭൂമിയേറ്റെടുക്കല്‍ നടപടി കാര്യക്ഷമമായി നടത്താന്‍ കഴിയാതെയായി. ഇതോടെ ദേശീയപാത അതോറിറ്റി  കണ്ണൂര്‍-കുറ്റിപ്പുറം റോഡിന്റെ പാത വികസനമാടക്കമുള്ള നടപടികളില്‍ നിന്ന് പിന്‍വാങ്ങി. ഇത് സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കുകയായിരുന്നു.അതോറിറ്റി കൈയൊഴിഞ്ഞതോടെ ഇപ്പോള്‍ പാതവികസനം സ്വന്തം നിലയില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയായിരിക്കുകയാണ്. ദേശീയപാത അതോറിറ്റി ഒട്ടേറെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ദേശീയപത വികസിപ്പിക്കൂ. 45 മീറ്റര്‍ വീതിയില്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയാലേ പാത വികസനം അതോറിട്ടിക്കാര്‍ നടപ്പിലാക്കൂ എന്നതാണ് പ്രധാന മാനദണ്ഡം. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് വികസിപ്പിക്കുമ്പോള്‍ 30 മീറ്ററില്‍ 4 വരിപ്പാത നിര്‍മിക്കാന്‍ കഴിയും. അതോറിറ്റി പിന്‍വാങ്ങിയതോറടെ സംസ്ഥാന സര്‍ക്കാരിന് മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് ഇവിടങ്ങളില്‍ പാത വികസനം നടത്താന്‍ കഴിയുള്ളൂ. ഇതിനായി ജില്ല സഹകരണ ബാങ്കുകളുടെ ഫണ്ടുകളുപയോഗിക്കാന്‍ കഴിയും. സഹകരണ ബാങ്ക് ഫണ്ടുകള്‍ നല്‍കാനുള്ള ശ്രമം നടത്തിയെങ്കിലും അതിന് അന്ന് തടസ്സമായത് അതോറിറ്റിയായിരുന്നു. എന്നാല്‍ ഇവര്‍ പിന്‍വാങ്ങിയതോടെ സംസ്ഥാന സര്‍ക്കാരാണ് പാത വികസനം നടത്തേണ്ടത്. ഹൈക്കോടതി വിധിയോടെ ഇവരുടെ ജോലി തലശ്ശേരി  മാഹി, നന്തി  ചെങ്ങോട്ട്കാവ് ബൈപ്പസുകളുടെ സ്ഥലമെടുപ്പുകളില്‍ മാത്രം ഒതുങ്ങും. ദേശീയപാത സംബന്ധിച്ച അതോറിറ്റി ഉത്തരവ് വന്നതോടെ പാത വികസനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നഷ്ടപരിഹാരവും. പുനരധിവാസവും ഉറപ്പാക്കി 30 മീറ്ററില്‍ 4 വരിപ്പാത യാതാര്‍ത്ഥ്യമാക്കണമെന്നാണ് കര്മ്മസമിതി അഭിപ്രായപ്പെടുന്നത്. 30 മീറ്ററില്‍ പാത പണിയാന്‍ സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ കര്‍മ്മസമിതിയുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. 45 മീറ്റര്‍ പാതയ്‌കെതിരെ ഇപ്പോഴും സമരങ്ങള്‍ നടന്നുവരികയാണ്. 2014 ല്‍ വിജ്ഞാപനം ഉണ്ടായിട്ടും അതറിഞ്ഞില്ലാ എന്നതാണ് ഒരു ഞെട്ടിപ്പിക്കുന്ന വസ്തുത. എന്നാല്‍ ദേശീയപാത പദവി കണ്ണൂര്‍ -കുറ്റിപ്പുറം റോഡിന് എടുത്തുകളഞ്ഞ സാഹചര്യത്തില്‍  ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനങ്ങള്‍ റദ്ദാക്കാനും, നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ തെയ്യാറാവണമെന്ന് കര്‍മസമതി സംസ്ഥാന സമിതിയംഗം പ്രദീപ് ചോമ്പാല, ജില്ല കണ്‍വീനര്‍ എടി മഹേഷ് എന്നിവര്‍ ആവശ്യപ്പെട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വടകരയിലെ ശ്രീമണി വൈന്‍ ബാര്‍ പ്രവര്‍ത്തനം തുടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss