|    Apr 25 Wed, 2018 12:05 am
FLASH NEWS

കണ്ണൂര്‍ കലക്്ടറേറ്റിനു കനത്ത സുരക്ഷയൊരുക്കാന്‍ നിര്‍ദേശം

Published : 3rd November 2016 | Posted By: SMR

കണ്ണൂര്‍: മലപ്പുറം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് കണ്ണൂര്‍ കലക്ടറേറ്റ് വളപ്പില്‍ കനത്ത സുരക്ഷയൊരുക്കാന്‍ ജില്ലാ പോലിസ് ചീഫിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച പദ്ധതി ശുപാര്‍ശ ജില്ലാ കലക്ടര്‍ക്കും ആഭ്യന്തരവകുപ്പിനും ഉടന്‍ സമര്‍പ്പിക്കും. ഒരുമാസത്തിനകം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. നേരത്തേ കൊല്ലം സിവില്‍ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിന്റെ സുരക്ഷ അതീവ ഗൗരവമായി എടുക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. സെക്രട്ടേറിയറ്റ്, രാജ്ഭവന്‍, കലക്ടറേറ്റുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപിയുടെ അധ്യക്ഷതയില്‍ സപ്തംബറില്‍ ചേര്‍ന്ന ഉന്നതതല യോഗവും തീരുമാനിക്കുകയുണ്ടായി. എങ്കിലും മതിയായ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ മലപ്പുറം സംഭവത്തെ തുടര്‍ന്നാണ് സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ സജീവമായി പരിഗണിക്കുന്നത്. നിരവധി സമരങ്ങള്‍ക്ക് വേദിയാവുന്ന കലക്ടറേറ്റ് കവാടത്തി ല്‍ മതിയായ നിരീക്ഷണ സംവിധാനങ്ങളില്ല. ദിനേന നിരവധി പേരാണ് വിവിധ ആവശ്യങ്ങളുമായി കലക്ടറേറ്റിലെ വിവിധ ഓഫിസുകളില്‍ എത്തുന്നത്. ഇവര്‍ ആരൊക്കെയാണന്നോ എന്താവശ്യത്തിനാണ് എത്തിയതെന്നോ അറിയാന്‍ മാര്‍ഗങ്ങളില്ല. സന്ദര്‍ശക രജിസ്റ്ററും ജീവനക്കാര്‍ക്ക് മൂവിങ് രജിസ്റ്ററും ഇല്ല. കോംപൗണ്ടില്‍ വാഹനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ല. പല സ്വകാര്യവാഹനങ്ങളും അകത്ത് പ്രവേശിക്കുന്നുണ്ട്. കലക്ടറേറ്റിനുള്ളിലും പുറത്തും പാഴ്‌വസ്തുക്കള്‍ കൂടിക്കിടക്കുന്നത് സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നു. കൂടാതെ കണ്ടംചെയ്ത പഴയ വാഹനങ്ങള്‍ കലക്ടറേറ്റ് വളപ്പില്‍ കാണാം. തൊട്ടടുത്ത പഴ സിവില്‍ സ്റ്റേഷന്റെ അവസ്ഥ ഇതിനേക്കാള്‍ പരിതാപകരമാണ്. ഇവിടെ പലയിടങ്ങളിലും ഫയലുകള്‍ ചാക്കുകെട്ടുകളില്‍ തള്ളിയിട്ടുണ്ട്. ഉപയോഗശൂന്യമായ പഴയ കസേരകളും ഷെല്‍ഫുകളും മേശയും അലമാരയും കൂട്ടിയിട്ടിരിക്കുന്നു. കോംപൗണ്ടിലാണെങ്കില്‍ വാഹനങ്ങള്‍ക്ക് യാതൊരു ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടില്ല. കലക്ടറേറ്റും തൊട്ടടുത്ത ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ബങ്കും തകര്‍ക്കുമെന്ന് കഴിഞ്ഞ ജൂണില്‍ കലക്ടര്‍ക്ക് തപാലില്‍ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഈ സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ പശ്ചാത്തലത്തില്‍ വിപുലമായ സുരക്ഷ ഏര്‍പ്പെടുത്താനാണ് പോലിസിന്റെ തീരുമാനം. കലക്ടറേറ്റ് പരിസരത്തും കെട്ടിടങ്ങളുടെ ഉള്ളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കും. കൂടാതെ, ചുറ്റുമതിലിന്റെ ഉയരം കൂട്ടാനും പദ്ധതിയുണ്ട്. കലക്ടറേറ്റിലേക്ക് പ്രവേശിക്കുന്ന രണ്ടു ഗേറ്റിലും പോലിസ് കാവലുണ്ടായിരിക്കും. വാഹനങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ഉള്ളിലേക്ക് കടത്തിവിടൂ. കൂടാതെ, ഇവിടെനിന്ന് സന്ദര്‍ശക പാസ് എടുക്കുകയും വേണം. വാഹനങ്ങളുടെ വിവരങ്ങളും ഉടമയുടെ വിവരവും രജിസ്റ്ററില്‍ രേഖപ്പെടുത്തും. കലക്ടറേറ്റ് വളപ്പിലെ മാലിന്യങ്ങള്‍ ശുചീകരിക്കും. രാത്രിയില്‍ കലക്ടറേറ്റ് പരിസരത്ത് പ്രത്യേക വെളിച്ചസംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss