|    Oct 22 Mon, 2018 1:45 pm
FLASH NEWS

കണ്ണൂര്‍ കലക്ടറേറ്റില്‍ വ്യാപക കവര്‍ച്ച

Published : 19th September 2017 | Posted By: fsq

 

കണ്ണൂര്‍: കനത്ത മഴയുടെ മറവില്‍ കണ്ണൂര്‍ കലക്ടറേറ്റ് സമുച്ചയത്തില്‍ വ്യാപക കവര്‍ച്ച. കലക്ടറേറ്റ് കാന്റീനില്‍നിന്ന് 20,000 രൂപയും ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫിസില്‍നിന്ന് 1500 രൂപയും മോഷ്ടിച്ചു. ഗ്രാമവികസന വകുപ്പിനു കീഴിലുള്ള അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണറുടെ കാര്യാലയത്തിലെ ഫയലുകളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫിസിന്റെ കംപ്യൂട്ടര്‍ മുറിയുടെ പൂട്ട് തകര്‍ത്തു. ആര്‍ടി ഓഫിസിനു സമീപത്തെ മില്‍മ ബൂത്തില്‍നിന്ന് 100 രൂപയും നഷ്ടമായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഈസമയം കനത്ത മഴയുണ്ടായിരുന്നു. കലക്ടറേറ്റ് കാന്റീനിലെ പഴയ കെട്ടിടത്തിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ പുതിയ കെട്ടിടത്തിന്റെ ജനലഴി മുറിച്ചുമാറ്റിയാണ് അകത്തേക്കു പ്രവേശിച്ചത്. സാധനം വാങ്ങിയ വകയില്‍ കൊടുക്കാനുള്ള 20,000 രൂപ കാന്റീനിന്റെ മേശവലിപ്പില്‍ സൂക്ഷിച്ചതായിരുന്നു. ഇതാണ് നഷ്ടപ്പെട്ടത്. മൂന്നുവര്‍ഷമായി കാന്റീന്‍ നടത്തുന്ന നിര്‍മാല്യം കുടുംബശ്രീയുടെ സെക്രട്ടറി പി ജയ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവമറിഞ്ഞ് പോലിസും വിരലയാള വിദഗ്ധരും സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു. അതേസമയം, വന്‍ സുരക്ഷാ വീഴ്ചയാണ് കലക്ടറേറ്റ് സമുച്ചയത്തില്‍ സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. ജില്ലാ ഭരണസിരാകേന്ദ്രത്തില്‍ നടന്ന കവര്‍ച്ച ജില്ലാ ഭരണകൂടത്തെയും പോലിസിനെയും ഞെട്ടിച്ചിട്ടുണ്ട്. കലക്ടറേറ്റിനു തൊട്ടടുത്താണ് ജില്ലാ പോലിസ് ആസ്ഥാനവും. നേരത്തെ കൊല്ലം കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന സ്‌ഫോടനത്തെ തുടര്‍ന്ന് കണ്ണൂര്‍ കലക്ടറേറ്റില്‍ കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ അഞ്ചു സിസിടിവി കാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഈ കാമറകള്‍ ഒരുവര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. ഇത് പോലിസന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കും. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനാണ് കാമറകള്‍ പരിശോധിക്കുന്നതിനും സംശയമുള്ള ദൃശ്യങ്ങള്‍ അധികൃതരെ അറിയിക്കുന്നതിനുമുള്ള ചുമതല. കാമറകള്‍ തകരാറിലായ വിവരം നേരത്തെ കെല്‍ട്രോണിനെ അറിയിച്ചിരുന്നതായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍, അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. കലക്ടറേറ്റ് സമുച്ചയത്തിനു പ്രത്യേകമായി പോലിസ് കാവലില്ല. ട്രഷറിക്ക് മുന്നില്‍ മാത്രമാണ് ഒരു പോലിസുകാരന്‍ കാവലുള്ളത്. രാത്രി 7.30നും 8.30നും ഇടയില്‍ കലക്ടറേറ്റിന്റെ രണ്ടു കവാടങ്ങളും അടയ്ക്കും. എന്നാല്‍, ഗേറ്റടച്ചാലും ആളുകള്‍ക്ക് ഉള്ളില്‍ കയറാന്‍ പഴുതുകള്‍ ഏറെയുണ്ടെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss