|    Oct 21 Sun, 2018 1:24 pm
FLASH NEWS

കണ്ണൂര്‍ കലക്ടറേറ്റിലെ കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍

Published : 22nd September 2017 | Posted By: fsq

 

കണ്ണൂര്‍: അതീവ സുരക്ഷാ സംവിധാനമുള്ള കണ്ണൂര്‍ കലക്ടറേറ്റ് സമുച്ചയത്തിലെ കവര്‍ച്ചാ പരമ്പരയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍. പേരാവൂര്‍ കാരക്കുണ്ട് വീട്ടില്‍ കെ വി മത്തായി (53), തിരുവമ്പാടി പുനംകോട്ടില്‍ വീട്ടില്‍ ബിനോയി (35) എന്നിവരെയാണ് ടൗണ്‍ സിഐ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. പ്രതികളെ ഇന്നലെ കലക്്ടറേറ്റിലും കാന്റീനിലുമെത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇരുവരെയും വിദഗ്ധമായ അന്വേഷണത്തിലൂടെ പോലിസ് കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലത്തുനിന്ന് അഞ്ചു വിരലടയാളങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ വലയിലാക്കാന്‍ സഹായിച്ചത്. നഗരത്തിലെ വിവിധയിടങ്ങളില്‍നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന് സഹായകമായി. കൂടാതെ ജയിലില്‍നിന്ന് അടുത്തിടെ പുറത്തിറങ്ങിയവരുടെ പട്ടികയും പോലിസ് പരിശോധിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് അടുത്തിടെയാണ് മത്തായിയും ബിനോയിയും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. സംഭവശേഷം മത്തായിയുടെ ദൃശ്യം കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. പോലിസ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയെങ്കിലും മത്തായിയെ കണ്ടെത്താനായില്ല. പിന്നീട് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ പഴയ ബസ്്സ്റ്റാന്റ് പരിസരത്തുനിന്ന് മാനന്തവാടി ബസ്സിനു പിറകില്‍ പതുങ്ങിനില്‍ക്കുകയായിരുന്ന മത്തായിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി കണ്ണൂര്‍ നഗരത്തിലെ ലോഡ്ജുകളില്‍ നടത്തിയ പരിശോധനകളില്‍ കൂട്ടുപ്രതി ബസ്സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ ബിനു എന്ന പേരില്‍ മുറിയെടുത്തതായി പോലിസ് കണ്ടെത്തി. തുടര്‍ന്ന് മുറി പരിശോധിച്ച് ബിനോയിയെ പിടികൂടുകയായിരുന്നു. ബിനോയിയുടെ പക്കലില്‍നിന്ന് 1900രൂപയും മത്തായിയുടെ പക്കലില്‍നിന്നു 500 രൂപയും കണ്ടെടുത്തു. ഇരുവരും ശിക്ഷാകാലാവധി കഴിഞ്ഞ് ജൂലൈ 11നാണ്് സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. 2014ല്‍ കണ്ണൂര്‍ കോടതി കാന്റീനില്‍ മോഷണം നടത്തിയ കേസില്‍ ശിക്ഷ അനുഭവിച്ചയാളാണ് മത്തായി. ബിനോയി 2014ല്‍ കോഴിക്കോട് ജെസിഎം കോടതിയില്‍നിന്ന് രാത്രി ഒരുലക്ഷം രൂപ മോഷ്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു കണ്ണൂര്‍ കലക്ടറേറ്റിലെ കവര്‍ച്ച. കണ്ണൂര്‍ എന്‍എസ് ടാക്കീസില്‍ സെക്കന്‍ഡ് ഷോ സിനിമ കഴിഞ്ഞ് കലക്്ടറേറ്റിന് മുന്നിലെ പെട്രോള്‍പമ്പില്‍ മോഷണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ആള്‍ സാന്നിധ്യമുള്ളതിനാല്‍ കലക്്ടറേറ്റിന്റെ മതില്‍ ചാടിക്കടന്ന് കലക്ടറേറ്റ് സമുച്ചയത്തിലെ വിവിധ ഓഫിസുകളില്‍ മോഷണം നടത്തുകയായിരുന്നു. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫിസില്‍നിന്ന് 1500 രൂപയും കാന്റീനില്‍നിന്ന് 20000 രൂപയുമാണ് നഷ്ടപ്പെട്ടത്. കൂടാതെ ഗ്രാമവികസന വകുപ്പിന് കീഴിലുള്ള ഡവലപ്‌മെന്റ് കമ്മീഷനറുടെ കാര്യാലയത്തിലെ ഫയലുകളും ഉപകരണങ്ങളും നശിപ്പിച്ചിരുന്നു. ദാരിദ്രലഘൂകരണ വിഭാഗം ഓഫിസിന്റെ കംപ്യൂട്ടര്‍ മുറിയുടെ പൂട്ട് തകര്‍ക്കുകയും ചെയ്തു. ജനല്‍കമ്പി വളച്ചാണു മോഷ്ടാക്കള്‍ കാന്റീനില്‍ കയറിയത്. ആദ്യം മത്തായി അകത്തുകടന്നു. പിന്നീട് വാതില്‍ തുറന്ന് ബിനോയിയെ കയറ്റിയാണ് മോഷണം നടത്തിയതെന്ന് പോലിസ് പറഞ്ഞു. സിഐ ടി കെ രത്്‌നകുമാറിന് പുറമെ സ്‌ക്വാഡ് അംഗങ്ങളായ മഹിജന്‍, സജിത്ത്, രഞ്ജിത്ത്, സ്‌നേഹേഷ്, ശിവാനന്ദന്‍ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss