|    Sep 21 Thu, 2017 11:21 pm

കണ്ണൂര്‍ ഇനി സമ്പൂര്‍ണ ഒഡിഎഫ് ജില്ല; 7,182 ശൗചാലയങ്ങള്‍ നിര്‍മിച്ചു

Published : 2nd October 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂരിനെ സമ്പൂര്‍ണ വിസര്‍ജ്യ രഹിത പൊതുസ്ഥലമുള്ള(ഒഡിഎഫ്) ജില്ലയായി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി പ്രഖ്യാപിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഒഴിവാക്കാനായി എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലെയും വീടുകളിലും താമസകേന്ദ്രങ്ങളിലും ശൗചാലയ സംവിധാനം ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയായി ഇതോടെ കണ്ണൂര്‍ മാറി.
ജില്ലയിലെ 71 പഞ്ചായത്തുകളില്‍ 7182 ശൗചാലയങ്ങള്‍ നിര്‍മിച്ചാണ് നേട്ടം കൈവരിച്ചത്. മാങ്ങാട്ടിടമാണ് ആദ്യ ഒഡിഎഫ് പഞ്ചായത്തായി സ്വയം പ്രഖ്യാപിച്ചത്. ഇന്നലെ ആറളം കൂടി പ്രഖ്യാപനം നടത്തിയതോടെ ജില്ല സമ്പൂര്‍ണ ഒഡിഎഫായി മാറി. പഞ്ചായത്തുകളുടെ ഇതുമായി ബന്ധപ്പെട്ട സ്വയം പ്രഖ്യാപനമാണ് ഇന്നലെ നടന്നത്.
ഔദ്യോഗിക പ്രഖ്യാപനം മന്ത്രിമാരും പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങില്‍ പിന്നീട് നടക്കും.സ്വച്ഛ് ഭാരത് മിഷന്‍(ഗ്രാമീണ്‍) പദ്ധതി പ്രകാരം നവംബര്‍ ഒന്നിന് സംസ്ഥാനത്തെ സമ്പൂര്‍ണ ഒഡിഎഫായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഓരോ പഞ്ചായത്തുകളിലും ഇതിന്റെ വെരിഫിക്കേഷന്‍ പുരോഗമിച്ചുവരികയാണെന്ന് കലക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍ മുഖേന ജലനിധി, എസ്‌സിയുഎഫ് എന്നീ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭകളിലും കോര്‍പറേഷനിലും സമ്പൂര്‍ണ ശൗച്യാലയ പദവി കൈവരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. 1293 ടോയ്‌ലെറ്റുകളാണ് ഇവിടങ്ങളില്‍ നിര്‍മിക്കാനുള്ളത്. തളിപ്പറമ്പ്, കൂത്തുപറമ്പ് നഗരസഭകള്‍ ഇതിനകം പ്രഖ്യാപനം നടത്തി.
വൈകാതെ മറ്റിടങ്ങളിലും നേട്ടം കൈവരിക്കാനാവും. കലക്ടറേറ്റ് പിആര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പി ജയബാലന്‍, ദാരിദ്ര്യനിര്‍മാര്‍ജന വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ കെ എം രാമകൃഷ്ണന്‍, ഡിഡിപി നാരായണന്‍ നമ്പൂതിരി, ജലനിധി റീജ്യനല്‍ ഡയരക്ടര്‍ ചന്ദ്രന്‍, ശുചിത്വമിഷന്‍ അസി. കോ-ഓഡിനേറ്റര്‍മാരായ ഇ മോഹനന്‍, സുരേഷ് കസ്തൂരി, ഡിപിഒ കെ പ്രകാശന്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക