|    Oct 17 Wed, 2018 12:59 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പ്രവൃത്തികള്‍ പുരോഗമിക്കുന്നു ; ഈ വര്‍ഷം വിമാനസര്‍വീസ് ആരംഭിക്കില്ല

Published : 12th September 2017 | Posted By: fsq

 

സുബൈര്‍  ഉരുവച്ചാല്‍ മട്ടന്നൂര്‍: ഉത്തര മലബാറിനെ വികസനത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ടെര്‍മിനല്‍ ബില്‍ഡിങിന്റെ പ്രധാന പ്രവൃത്തികള്‍ ഏറക്കുറേ പൂര്‍ത്തിയായി. വൈദ്യുതീകരണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധന പൂര്‍ത്തിയാക്കി അനുമതിപത്രം ലഭിച്ചാലേ വൈദ്യുതി കണക്ഷന്‍ ലഭിക്കൂ. നിര്‍മാണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിശദമായ പരിശോധന നടത്തും. വിവിധ കേന്ദ്ര ഏജന്‍സികള്‍ സുരക്ഷാസംവിധാനം ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് സര്‍വീസ് തുടങ്ങാനുള്ള അനുമതി നല്‍കുക. എന്നാല്‍, കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് വിമാന സര്‍വീസ് ഈ വര്‍ഷമുണ്ടാവില്ല. സപ്തംബറില്‍ കണ്ണൂര്‍ വിമാനത്താവളം തുറക്കുമെന്ന് മുന്‍ കിയാല്‍ എംഡി എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിച്ചിരുന്നു. ഈ വര്‍ഷാവസാനത്തോടെ ഉണ്ടാവുമെന്ന് ഏവിയേഷന്‍ സെക്രട്ടറിയും പറഞ്ഞിരുന്നു. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാന്‍ ഈ വര്‍ഷം കഴിയില്ല. റണ്‍വേ സുരക്ഷിതമേഖലയിലുള്ള പ്രവൃത്തി ഉള്‍പ്പെടെയുള്ള നിര്‍മാണത്തെ മഴ ബാധിച്ചിട്ടുണ്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളോടെയേ ഇവിടെ പണി നടക്കൂ. അതേസമയം, കെട്ടിടങ്ങളുടെ നിര്‍മാണത്തിനു തടസ്സമില്ല. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെയും എടിസി കെട്ടിടത്തിന്റെയും നിര്‍മാണം എതാണ്ട് പൂര്‍ത്തിയായി. തറയില്‍ ടൈല്‍സും ഗ്രാനൈറ്റും പാകി. ചെക് ഇന്‍ കൗണ്ടറുകള്‍, വെളിച്ച സംവിധാനം, എയര്‍കണ്ടീഷനിങ് എന്നിവയുടെ പ്രവൃത്തികളും പുരോഗമിക്കുന്നു. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത കൂറ്റന്‍ എയ്‌റോബ്രിഡ്ജുകള്‍ നേരത്തേ ഘടിപ്പിച്ചിട്ടുണ്ട്. മൂന്നു നിലകളുള്ള കെട്ടിടത്തിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും രണ്ടു മേല്‍പ്പാലങ്ങളും പണിതു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി വൈകാതെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറും. വിമാനത്താവളത്തില്‍ വിമാനങ്ങളെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന കേന്ദ്രമാണിത്. റണ്‍വേയോടു ചേര്‍ന്നുള്ള ഐസലേഷന്‍ ബേയുടെയും നിര്‍മാണം പൂര്‍ത്തിയായി. 20 വിമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ളതാണ് ഏപ്രണ്‍ ഏരിയ. പണി മുഴുവന്‍ പൂര്‍ത്തിയാക്കിയാലേ എയ്‌റോഡ്രം ലൈസന്‍സിങ് അതോറിറ്റി പരിശോധനയ്ക്ക് എത്തുകയുള്ളൂ. ഇതിനൊപ്പം കമ്മ്യൂണിക്കേഷന്‍, സിഗ്‌നല്‍ പരിശോധനയ്ക്കായി കാലിബറേഷന്‍ ഫ്‌ളൈറ്റ് വിമാനത്താവളത്തില്‍ ഇറക്കണം. എയര്‍പോ ര്‍ട്ട് അതോറിറ്റിയാണ് കാലിബറേഷന്‍ ഫ്‌ളൈറ്റ് എപ്പോള്‍ ഇറങ്ങണമെന്ന കാര്യം തീരുമാനിക്കുക. അടുത്ത വര്‍ഷം ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ കാലിബറേഷന്‍ ഫ്‌ളൈറ്റ് ഇറക്കാനാവുമെന്നാണു പ്രതീക്ഷ. സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് 15 പ്രമുഖ വിമാനക്കമ്പനികളുമായി കിയാല്‍ അധികൃതര്‍ ചര്‍ച്ച നടത്തിവരുകയാണ്. തുടക്കത്തില്‍ തന്നെ ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പെടെ സര്‍വീസ് തുടങ്ങുകയാണു ലക്ഷ്യം. എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വിദേശ വിമാനക്കമ്പനികള്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുന്‍ കണ്ണൂര്‍ കലക്ടറായ പി ബാലകിരണ്‍ കിയാലിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റതു മുതല്‍ വിമാനത്താവള നിര്‍മാണം ദ്രുതഗതിയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss