|    Dec 14 Fri, 2018 1:59 pm
FLASH NEWS

കണ്ണൂരില്‍ 31 പ്രശ്‌നബാധിത റൂട്ടുകള്‍; സ്വകാര്യ ബസ്സുകള്‍ ഓടിത്തളരുന്നു

Published : 25th August 2016 | Posted By: SMR

കണ്ണൂര്‍: ഗതാഗത വകുപ്പിന്റെ കര്‍ശന നിബന്ധനകളും വരുമാനത്തിലെ ഗണ്യമായ കുറവും കാരണം ജില്ലയില്‍ സ്വകാര്യ ബസ്സുകളുടെ എണ്ണത്തില്‍ വന്‍കുറവ്. 2400ഓളം ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1400 ബസ്സുകളായി ചുരുങ്ങി. മേഖലയില്‍ ബസ്സുടമകള്‍ വന്‍ പ്രതിസന്ധിയാണു നേരിടുന്നത്.
ഒരു ബസ് നിരത്തിലറക്കണമെങ്കില്‍ 40 ലക്ഷത്തോളം രൂപ ചെലാവുണ്ടാവും. പലരും വന്‍തുക വായ്പയെടുത്താണ് ബസ് നിരത്തിലിറക്കുന്നത്. നിരവധി വര്‍ഷങ്ങളോളം ഓടിയിട്ടു വേണം തുക തിരിച്ചുപിടിക്കാന്‍. നേരത്തേ അഞ്ചും പത്തും ബസ്സുകളുള്ള ഉടമസ്ഥനിപ്പോള്‍ ഒന്നിലും രണ്ടിലുമായി ചുരുങ്ങിയിരിക്കുകയാണ്. ബസ്സില്‍ നിന്ന് വേണ്ടത്ര വരുമാനം ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. വിദ്യാര്‍ഥികളടക്കം ഇരുചക്ര വാഹനം സ്വന്തമാക്കിയപ്പോള്‍ ബസ്സിലെ സീറ്റ് കാലിയായ അവസ്ഥയാണ്. സ്ഥിരം തൊഴിലാളികളുടെ കുറവും മേഖലയിലെ പ്രതിസന്ധിയാണ്.
ഓരോ വര്‍ഷവും 25 ശതമാനം ഇന്‍ഷൂറന്‍സ് തുകയായി അടക്കണം. കുടാതെ പുതിയ സര്‍ക്കാര്‍ ബജറ്റില്‍ നികുതി വര്‍ധിപ്പിച്ചതും ഇരുട്ടടിയായി. സ്‌പെയര്‍ പാര്‍ട്‌സിനും വര്‍ക്ക്‌ഷോപ്പുകളിലും അമിതമായ കൂലിയാണ് ഈടാക്കുന്നതെന്നും ബസ്സുടമകള്‍ ആരോപിക്കുന്നു.
കണ്ണൂര്‍ ജില്ലയില്‍ ആകെ 31 പ്രശ്‌ന ബാധിത റൂട്ടുകളുള്ളതായാണു ബസ്സുടമകളുടെ കണക്ക്. സമയം, പെര്‍മിറ്റ് എന്നീ വിഷയങ്ങളില്‍ ജീവനക്കാര്‍ പോരടിക്കുന്നതോടെയാണ് റൂട്ടുകള്‍ പ്രശ്‌നബാധിതമായി കണക്കാക്കിയത്. അനുവദിക്കപ്പെട്ട റണ്ണിങ് ടൈമില്‍ സ്റ്റോപ്പുകളിലെത്തിച്ചേരാന്‍ വേണ്ടി ബസ്സുകള്‍ മല്‍സരിച്ചോടുന്നത് പലപ്പോഴും അപകടങ്ങള്‍ക്കു പുറമെ തര്‍ക്കങ്ങള്‍ക്കും കാരണമാവുന്നു. ഇത്തരത്തിലൂള്ള റൂട്ടുകളെയാണ് പ്രശ്‌നബാധിത റൂട്ടുകളായി തരംതിരിച്ചിട്ടുള്ളത്.
ബസ് വാങ്ങി പെര്‍മിറ്റ് ലഭ്യമാക്കി റൂട്ടിലിറക്കുന്നതുവരെയുള്ള കടമ്പ കടക്കാന്‍ വന്‍തുക കൈക്കൂലിയിനത്തില്‍ തന്നെ നഷ്ടമാവുന്നതായി ഉടമകള്‍ ആരോപിക്കുന്നു.
ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തൊട്ട് ജീവനക്കാര്‍ക്കുവരെ കൃത്യമായ വിഹിതം ലഭിച്ചാല്‍ മാത്രമെ ബുദ്ധിമുട്ടില്ലാതെ പെര്‍മിറ്റും ഫിറ്റ്‌നസും കിട്ടി ബസ് നിരത്തിലിറക്കാന്‍ സാധിക്കൂ. ഇതൊക്കെ കഴിഞ്ഞ് ഓടാന്‍ തുടങ്ങിയാല്‍ റോഡുകളിലെ കുണ്ടും കുഴിയും കാരണം അപ്രതീക്ഷിത അറ്റകുറ്റപണിക്കും തുക ചെലവാകും. അനുവദിച്ച സമയത്ത് എത്തേണ്ടിടത്ത് എത്താതിരിക്കുമ്പോള്‍ അമിതവേഗതയെ ആശ്രയിക്കേണ്ടിയും വരും. ഇത് അപകടത്തിനുമിടയാക്കുന്നു.
ഗതാഗത നിയന്ത്രണത്തിന് സംവിധാനങ്ങള്‍ ഇല്ലാത്തത് കാരണമുണ്ടാവുന്ന ഗതാഗതകുരുക്കും ബസ് മേഖലയെ തളര്‍ത്തുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss