|    Aug 23 Wed, 2017 1:34 pm
FLASH NEWS

കണ്ണൂരില്‍ 30 മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്തു

Published : 3rd August 2017 | Posted By: fsq

 

കണ്ണൂര്‍: റേഷന്‍ കാര്‍ഡില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മുന്‍ഗണന പട്ടികയില്‍ കയറിക്കൂടിയവരെ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കി. കണ്ണൂര്‍ താലൂക്ക് പുഴാതി പഞ്ചായത്തിലെ ശാദുലിപ്പള്ളിയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഇത്തരം 30 മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്തു. നാലു ചക്രവാഹനങ്ങള്‍ ഉള്ളവരും 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരും എയര്‍ കണ്ടീഷനര്‍ അടക്കം ആഡംബര സൗകര്യങ്ങളും ഉള്ളവരുമായ ഗുണഭോക്താക്കളുടെ കാര്‍ഡുകളാണു പിടിച്ചെടുത്തത്. കാര്‍ഡുടമകള്‍ക്ക് അധികൃതര്‍ വിശദീകരണ നോട്ടീസ് നല്‍കി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേനയും ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തില്‍ പരിശോധന നടത്തിയാണു അനര്‍ഹരെ കണ്ടെത്തിയത്. ജില്ലയില്‍ പല പഞ്ചായത്തുകളിലും ബിപിഎല്‍, എഎവൈ റേഷന്‍ കാര്‍ഡുകളില്‍ മുന്‍ഗണനേതര സബ്‌സിഡി ഇല്ലാത്തവര്‍ കടന്നുകൂടിയതായി പരാതിയുയര്‍ന്നിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യം ലഭിക്കാന്‍ വേണ്ടി വിവരങ്ങള്‍ മറച്ചുവച്ചാണ് മുന്‍ഗണനാ ലിസ്റ്റില്‍ ഇടംപിടിച്ചതെന്നാണു കണ്ടെത്തിയിരിക്കുന്നത്. അതിനുപുറമെ, സാമ്പത്തികമായി പിന്നാക്കമുള്ളവരും ഗുരുതര രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്നവരും മുന്‍ഗണനാ പട്ടികയില്‍ നിന്നു പുറത്തായതായും പരാതിയുണ്ട്.സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിയുള്ളവര്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍, ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവര്‍ തുടങ്ങി നിശ്ചിത മാനദണ്ഡം മറികടന്ന് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവരെ കേന്ദ്രീകരിച്ചാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നത്. മുന്‍ഗണനാ കാര്‍ഡ് ലഭിച്ച ഇത്തരം ഗുണഭോക്താക്കള്‍ ഈമാസം 10നകം താലൂക്ക് സപ്ലൈ ഓഫിസില്‍ കാര്‍ഡ് ഹാജരാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ എം കെ മനോജ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ഇ പി അജയകുമാര്‍, വിനോദ്, കെ സാബു, അജിതകുമാരി, കെ ജെ കമലാക്ഷന്‍ എന്നിവരാണു വീട് പരിശോധനയില്‍ പങ്കെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക