|    Nov 16 Fri, 2018 12:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കണ്ണൂരില്‍ സിപിഎമ്മും ശാസ്ത്ര സാഹിത്യ പരിഷത്തും ഇടയുന്നു

Published : 19th April 2018 | Posted By: kasim kzm

സമദ്   പാമ്പുരുത്തി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ സിപിഎം കൈക്കൊള്ളുന്ന നിലപാടില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ഇടയുന്നു. വയല്‍ നികത്തുന്നതും കുന്നിടിക്കുന്നതും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നു പരിഷത്ത് മുന്നറിയിപ്പ് നല്‍കുമ്പോള്‍ പരിഷത്ത് വികസന പ്രവര്‍ത്തനത്തിന് എതിര് നില്‍ക്കുകയാണെന്നാണ് സിപിഎമ്മിന്റെ വാദം.
തളിപ്പറമ്പിലെ കീഴാറ്റൂരിനു പിന്നാലെ സിപിഎം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആന്തൂര്‍ നഗരസഭയിലും സിപിഎമ്മിനെതിരേ തുറന്ന പോരാട്ടത്തിലാണ് പരിഷത്ത് നേതൃത്വം. സിപിഎം നേതാവിന്റെ മകന്‍ ഡയറക്ടറും ബന്ധുക്കള്‍ ബിസിനസ് പങ്കാളികളുമായി വെള്ളിക്കീലില്‍ നിര്‍മിക്കുന്ന ആയുര്‍വേദ റിസോര്‍ട്ടിനു വേണ്ടി കുന്നിടിക്കുന്നതിനെതിരേ പരിഷത്ത് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പദ്ധതിക്കെതിരേ ബക്കളം യൂനിറ്റ് പ്രമേയം പാസാക്കുകയും ചെയ്തു.
പ്രാദേശിക സിപിഎം പ്രവര്‍ത്തകരിലും അമര്‍ഷം പുകയുകയാണ്. ഉന്നത സിപിഎം നേതാക്കളുടെ പിന്തുണയോടെ 10 ഏക്കര്‍ സ്ഥലത്താണ് കുന്നിടിച്ച് റിസോര്‍ട്ട് നിര്‍മിക്കുന്നത്. ജൈവവൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായ വെള്ളിക്കീല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമായി വളരുകയാണ്. ഇക്കോ ടൂറിസം പദ്ധതി ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ദിനേന ഇവിടെയെത്തുന്നത്. ഇക്കോ ടൂറിസം പദ്ധതിക്ക് അനുബന്ധമായി പാര്‍ട്ടിഗ്രാമത്തില്‍ സ്വകാര്യ പദ്ധതികള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണു സിപിഎം. ഇതിന്റെ ഭാഗമായാണ് ആയുര്‍വേദ റിസോര്‍ട്ട് നിര്‍മാണവും.
കീഴാറ്റൂര്‍ വയലിലൂടെ ദേശീയപാത ബൈപാസ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പരിഷത്ത് എതിര്‍ക്കുകയും ബദല്‍ നിര്‍ദേശം അവതരിപ്പിക്കുകയും ചെയ്തിരുന്നു. പരിഷത്തിന്റെ പഠന റിപോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് വയല്‍ക്കിളികളും ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികളും സിപിഎമ്മിനെ പ്രതിരോധിച്ചത്. എന്നാല്‍, പരിഷത്ത് റിപോര്‍ട്ട് തള്ളിയ പാര്‍ട്ടി നേതൃത്വം, കീഴാറ്റൂരിലൂടെ തന്നെ പദ്ധതി നടപ്പാക്കുമെന്ന ഉറച്ച നിലപാടിലാണ്. വെള്ളിക്കീല്‍ വിഷയത്തില്‍ പരിഷത്തിനെ സിപിഎം പരസ്യമായി തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും പാളയത്തിലെ പട സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. സിപിഎം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ പരിഷത്തും പെടും.
പരിഷത്തും സിപിഎമ്മും മുമ്പും പലവട്ടം പല പ്രശ്‌നങ്ങളെ ചൊല്ലിയും ഇടഞ്ഞിട്ടുണ്ട്. തലശ്ശേരിയില്‍ മെഡിക്കല്‍ ഫൗണ്ടേഷനും ഹൃദ്രോഗ ചികില്‍സാ ആശുപത്രിയും നിര്‍മിക്കുന്നതിനായി ചതുപ്പുനിലം നികത്തുന്നതിനെതിരേ കടുത്ത നിലപാടാണ് പാര്‍ട്ടിക്കെതിരേ പരിഷത്ത് സ്വീകരിച്ചത്. എന്നാല്‍, പരിസ്ഥിതി വിഷയങ്ങളില്‍ എതിര്‍പ്പുകള്‍ ചെവിക്കൊള്ളാത്ത സിപിഎം നിലപാട് അകല്‍ച്ചയ്ക്ക് ആക്കംകൂട്ടും. പരിഷത്തിന്റെ സമ്മേളനങ്ങള്‍ നടന്നുവരുകയാണ്. ഒരുവിഭാഗം സിപിഎം അനുകൂലികള്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നതായാണു വിവരം. എന്നാല്‍, പാര്‍ട്ടിക്ക് അടിയറവ് പറയേണ്ടതില്ലെന്നാണ് പരിഷത്ത് സമ്മേളനങ്ങളില്‍ നിന്നുയരുന്ന പൊതുവികാരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss