|    Apr 20 Fri, 2018 10:42 am
FLASH NEWS
Home   >  Editpage  >  Editorial  >  

കണ്ണൂരില്‍ സമാധാനം ഉണ്ടാവണമെങ്കില്‍

Published : 23rd November 2016 | Posted By: SMR

തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ കൊലപ്പെടുത്തിയ കുറ്റം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് ഏറ്റെടുത്തുവെന്ന പോലിസിന്റെ വെളിപ്പെടുത്തല്‍ ഈ കൊലപാതകത്തിനു പിന്നിലുള്ള ദുരൂഹതകള്‍ക്ക് കൂടുതല്‍ ബലം നല്‍കുകയാണു ചെയ്യുന്നത്. എട്ടു സിപിഎമ്മുകാരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ് കേസില്‍ ഇങ്ങനെയൊരു ഗതിമാറ്റം. എന്നാല്‍ പോലിസ് ബലംപ്രയോഗിച്ച് സുബീഷിനെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതാണെന്നാണ് ബിജെപി പറയുന്നത്. പണവും വാഗ്ദാനം ചെയ്തുവത്രേ. ഫസല്‍ വധക്കേസ് സംബന്ധിച്ച ദുരൂഹതകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെങ്കിലും ഈ സംഭവവികാസം ഒരു വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നു- ഉത്തര മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നുംതന്നെ കൃത്യമായ അന്വേഷണമോ പിടികൂടലോ ശരിയായ രീതിയിലുള്ള തെളിവെടുപ്പോ കുറ്റപത്ര സമര്‍പ്പണമോ വിചാരണയോ ഒന്നുമില്ല. പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നവരെ പോലിസ് പിടികൂടും. പാര്‍ട്ടി പറഞ്ഞാല്‍ കുറ്റം സമ്മതിക്കും. ഒരുതരം അസംബന്ധ നാടകമാണ് ഉടനീളം അരങ്ങേറുന്നത്. കൊലപാതക രാഷ്ട്രീയക്കാര്‍ക്കൊപ്പം പോലിസും സിബിഐയുമൊക്കെ ഇത്തരം നാടകങ്ങളില്‍ അഭിനയിച്ചു തകര്‍ക്കുന്നു. അതിനാല്‍ സുബീഷിന്റെ കുറ്റസമ്മതമൊഴി വച്ച് എന്തെങ്കിലും നിഗമനത്തിലെത്തുന്നത് ശരിയാവാനിടയില്ല. അതു നേരോ നുണയോ – ആര്‍ക്കറിയാം!
കൊലപാതക രാഷ്ട്രീയത്തിന്റെ കുത്തകാവകാശം ഏറ്റെടുത്തിട്ടുള്ള സിപിഎമ്മും ഹിന്ദുത്വ രാഷ്ട്രീയക്കാരുമാണ് ഈ നാടകത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. ഈ രണ്ടു കൂട്ടര്‍ക്കും സ്വന്തമായ ഗുണ്ടാസംഘങ്ങളുണ്ട്. വാടകക്കൊലയാളികളെ വച്ചാണ് അവരുടെ ഓപറേഷന്‍. ഇവര്‍ തഞ്ചവും തരവും പോലെ കൂറുമാറുകയും ചെയ്യുന്നു. അതിനാല്‍ വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും പിന്നിലെ നിഗൂഢതകള്‍ കുരുക്കഴിയാതെ കിടക്കുന്നത് സ്വാഭാവികമാണ്. സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രാദേശിക നേതൃത്വങ്ങള്‍ക്ക് ഈ നിഷ്ഠുര സംസ്‌കാരത്തില്‍ നിന്ന് പിന്തിരിയാനാവില്ല. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങള്‍ക്ക് അവരെ പിന്തിരിപ്പിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ കണ്ണൂരില്‍ സമാധാനമുണ്ടാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലെ ധാരണ പ്രായോഗികതലത്തില്‍ എത്രത്തോളം വിജയിക്കുമെന്ന് ആലോചിക്കേണ്ടതുണ്ട്. അക്രമികള്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. അക്രമസംഭവങ്ങളിലെ പ്രതികള്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണ ഉണ്ടാവരുതെന്നും തീരുമാനമുണ്ട്. പിണറായിയും കുമ്മനവും ചേര്‍ന്നു തീരുമാനിച്ചാല്‍ നടപ്പാവുന്നവയല്ല ഈ തീരുമാനങ്ങള്‍. അവ നടപ്പാക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് എത്രത്തോളം താല്‍പര്യമുണ്ട് എന്നതനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുക. അക്രമം അവസാനിപ്പിക്കണമെന്നും യഥാര്‍ഥ കുറ്റക്കാരെ പിടികൂടണമെന്നും സിപിഎമ്മിനും ബിജെപിക്കും താല്‍പര്യമുണ്ടെങ്കില്‍, പോലിസിന് കാര്യങ്ങള്‍ ശരിയായ ദിശയില്‍ അന്വേഷിക്കാന്‍ പ്രയാസമുണ്ടാവില്ല. ഫസല്‍ വധക്കേസിലെ മലക്കംമറിച്ചിലുകള്‍ സൂചിപ്പിക്കുന്നത് ഇത്തരം ഇടപെടലുകളുണ്ടാവുന്നു എന്നാണ്; അവ അന്വേഷണത്തെ വഴിതെറ്റിക്കുന്നു എന്നാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss