|    Nov 24 Fri, 2017 6:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കണ്ണൂരില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സിപിഎം-ബിജെപി ധാരണ

Published : 6th August 2017 | Posted By: fsq

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനും സിപിഎം-ബിജെപി ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണ. ഒരുതരത്തിലുള്ള അക്രമസംഭവങ്ങളിലും ഏര്‍പ്പെടരുതെന്ന് അണികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും. സമാധാന കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ 10 ദിവസത്തിനകം താഴേത്തട്ടിലെത്തിക്കാനും ഇതു പ്രാവര്‍ത്തികമാക്കുന്നുവെന്ന് ഉറപ്പുവരുത്താനും തീരുമാനമായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത യോഗതീരുമാനത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ്ഹൗസില്‍ സിപിഎം, ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ യോഗം ചേര്‍ന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി ഗോപാലന്‍കുട്ടി, സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്‍, തലശ്ശേരി ഏരിയാ സെക്രട്ടറി എം സി പവിത്രന്‍, ആര്‍എസ്എസ് സഹപ്രാന്ത സംഘ്ചാലക് അഡ്വ. കെ കെ ബാലറാം, ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. കൊലപാതക രാഷ്ട്രീയം വേദനിപ്പിക്കുന്നതാണെന്നും അക്രമങ്ങള്‍ ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും യോഗത്തിനു ശേഷം കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരുതരത്തിലുള്ള സംഘര്‍ഷങ്ങളും ഉണ്ടാക്കരുതെന്നു താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കും പ്രാദേശിക ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കും. 10 ദിവസത്തിനകം ഈ സന്ദേശം എല്ലാ പ്രവര്‍ത്തകരിലും എത്തിക്കാനായി താഴേത്തട്ടു വരെ യോഗങ്ങള്‍ വിളിക്കും. സമീപകാലത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടായ പയ്യന്നൂരിലും തലശ്ശേരിയിലും പ്രശ്‌നപരിഹാരത്തിനായി ഇരുപാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ മുന്‍കൈയെടുത്ത് സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ആഗസ്ത് 11ന് പയ്യന്നൂരിലാണ് ആദ്യ യോഗം ചേരുക. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിനു ശേഷം കണ്ണൂരില്‍ സര്‍ക്കാര്‍തലത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക