|    Jan 19 Thu, 2017 6:32 pm
FLASH NEWS

കണ്ണൂരില്‍ യുദ്ധസമാന സുരക്ഷ

Published : 2nd November 2015 | Posted By: swapna en

എം പി അബ്ദുല്‍ സമദ്

കണ്ണൂര്‍: ഇന്നു തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ വോട്ടെടുപ്പ് യുദ്ധസമാനമായ അതീവ സുരക്ഷയില്‍. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലിസ് പഴുതടച്ച സുരക്ഷാ നടപടികളാണ് ജില്ലയിലുടനീളം സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ കഴിയുന്നതുവരെ ആഭ്യന്തരവകുപ്പിന്റെ കര്‍ശന നിരീക്ഷണം കണ്ണൂരിലുണ്ടാവും.സംസ്ഥാനത്തു തന്നെ അതീവ പ്രശ്‌നസാധ്യതാ ബൂത്തുകള്‍ ഏറെയുള്ള ജില്ലയായതിനാല്‍ കള്ളവോട്ട്, ബൂത്ത് പിടിത്തം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ അരങ്ങേറാനുള്ള സാധ്യത പോലിസ് തള്ളിക്കളയുന്നില്ല. അക്രമങ്ങളുണ്ടായാല്‍ സ്ഥാനാര്‍ഥികള്‍ക്കെതിരേ കേസെടുക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും വീറും വാശിയിലുമാണ് പാര്‍ട്ടികള്‍. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശ ദിവസം തന്നെ പ്രശ്‌നസാധ്യതാ ബൂത്തുകളുടെ നിയന്ത്രണം പോലിസ് ഏറ്റെടുത്തിരുന്നു.

നഗരപ്രദേശങ്ങളില്‍ 440ഉം ഗ്രാമീണ മേഖലകളില്‍ 1994ഉം ഉള്‍പ്പെടെ 2,434 ബൂത്തുകളാണ് ജില്ലയില്‍ ആകെയുള്ളത്. ഇതില്‍ 643 എണ്ണം അതീവ പ്രശ്‌നബാധിതമാണ്. 770 എണ്ണം താരത്യമേന പ്രശ്‌നസാധ്യതയുള്ള ബൂത്തുകളും. പ്രത്യേക സുരക്ഷ അര്‍ഹിക്കുന്ന 409 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനത്തിലാണു പോളിങ്. ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളില്‍ വെബ്കാസ്റ്റിങ് ചെയ്യുന്നതും കണ്ണൂരില്‍ തന്നെ. കണ്ണൂര്‍ കോര്‍പറേഷനിലെ 25 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭകളില്‍ തലശ്ശേരിയിലാണ് ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ വെബ്കാസ്റ്റ് ചെയ്യുന്നത്-16 എണ്ണം. കൂത്തുപറമ്പിലാണ് ഏറ്റവും കുറവ്-2. പാനൂര്‍ നഗരസഭയില്‍ 14ഉം തളിപ്പറമ്പില്‍ 13ഉം പയ്യന്നൂരില്‍ 12ഉം ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സജ്ജീകരിച്ചു.

ജില്ലയില്‍ ആകെയുള്ള 71 ഗ്രാമപ്പഞ്ചായത്തുകളില്‍ 53 എണ്ണത്തിലും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെയാണ് പോളിങ്. ധര്‍മടം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍. ഇവിടെ 27 ബൂത്തുകളിലാണ് വെബ്കാസ്റ്റിങ്. പരിയാരമാണ് തൊട്ടുപിന്നില്‍-23 ബൂത്തുകള്‍. എരഞ്ഞോളിയിലും രാമന്തളിയിലും 16 വീതം, ചെങ്ങളായി-15, മൊകേരി-12, മാങ്ങാട്ടിടം-11. മറ്റു പഞ്ചായത്തുകളില്‍ 10ല്‍ താഴെ ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജീകരിച്ചിട്ടുണ്ട്. 11 ബ്ലോക്ക് പഞ്ചായത്തുകള്‍, എട്ട് നഗരസഭകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ടിവിയിലൂടെ പ്രശ്‌നബാധിത ബൂത്തുകളിലെ പോളിങ് ദൃശ്യങ്ങള്‍ തല്‍സമയം കാണാനാവും. പ്രത്യേക യുആര്‍എല്ലിലൂടെ ഇന്റര്‍നെറ്റ് വഴിയാണ് വെബ്കാസ്റ്റിങ് നടത്തുന്നത്. ജില്ലാ കലക്ടറേറ്റില്‍ ഒരുക്കിയ പ്രത്യേക കണ്‍ട്രോള്‍ റൂം വഴി ഐടി മിഷന്റെയും അക്ഷയയുടെയും ഓപറേറ്റര്‍മാര്‍ വെബ്കാസ്റ്റിങ് പ്രവര്‍ത്തനം നിയന്ത്രിക്കും.

ബിഎസ്എന്‍എല്ലിന്റെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി എല്ലാ ബൂത്തുകളിലും ഉണ്ടാവും. മൊത്തം 8,500 സായുധ പോലിസുകാരാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ളത്. ആയിരത്തോളം വിമുക്തഭടന്‍മാരും ബൂത്തുകളിലുണ്ടാവും. ബൂത്തുകളെ 609 ക്ലസ്റ്ററുകളാക്കി തിരിച്ചാണ് സേനാവിന്യാസം. 205 ഗ്രൂപ്പ് പട്രോളിങ് വാഹനങ്ങള്‍ 20-25 മിനിറ്റ് ഇടവേളയില്‍ ബൂത്തുകള്‍ക്കിടയില്‍ പട്രോളിങ് നടത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക