|    Apr 24 Tue, 2018 6:23 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കണ്ണൂരില്‍ യുഡിഎഫിനു തലവേദനയാവാന്‍ കോണ്‍ഗ്രസ് വിമതന്റെ പടനീക്കം

Published : 8th March 2016 | Posted By: SMR

കണ്ണൂര്‍: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെന്ന പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിനു തലവേദന സൃഷ്ടിക്കാന്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതന്റെ പടനീക്കം.
കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി മാറിയ പഞ്ഞിക്കീല്‍ വാര്‍ഡ് കൗണ്‍സിലര്‍ പി കെ രാഗേഷാണ് നേതൃത്വത്തെ വെല്ലുവിളിച്ച് വീണ്ടും തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. തന്റെ സ്വാധീനമേഖല ഉള്‍പ്പെടുന്ന അഴീക്കോട് മണ്ഡലത്തില്‍നിന്നു സ്വതന്ത്രനായി ജനവിധി തേടാനാണു നീക്കം. ഇതിനു പുറമെ കണ്ണൂര്‍ മണ്ഡലത്തിലും നോട്ടമുണ്ട്. കഴിഞ്ഞ ദിവസം പി കെ രാഗേഷിന്റെ വീട്ടില്‍ ചേര്‍ന്ന അനുയായികളുടെ യോഗം കണ്ണൂരിലോ അഴീക്കോട്ടോ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനു ജയിച്ചുകയറിയ അഴീക്കോട് മണ്ഡലത്തില്‍ പി കെ രാഗേഷ് മല്‍സരിച്ചാല്‍ അത് മുസ്‌ലിംലീഗിന്റെ സാധ്യതകള്‍ തകിടംമറിക്കും.
അഴീക്കോട് സിറ്റിങ് എംഎല്‍എ കെ എം ഷാജിയെയാണ് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ലീഗിന് ജില്ലയില്‍ തന്നെയുള്ള ഏക സീറ്റിനു ഭീഷണിയാവുമെന്നു മനസ്സിലാക്കിയ ജില്ലാനേതൃത്വം രാഗേഷിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. രാഗേഷിന് കോണ്‍ഗ്രസ്സിനേക്കാള്‍ വിരോധം ലീഗിനോടുള്ളതിനാല്‍ മല്‍സരിക്കുന്നെങ്കില്‍ അത് അഴീക്കോടാവാനാണ് സാധ്യത. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് രാഗേഷ് നോട്ടമിട്ടിരുന്നെങ്കിലും ലീഗ് നിലപാട് കാരണം കിട്ടിയില്ല. പഞ്ഞിക്കീല്‍ വാര്‍ഡില്‍ വിമതനായത് ലീഗ് സ്ഥാനാര്‍ഥി യുഡിഎഫ് ലേബലില്‍ മല്‍സരിച്ചത് കൊണ്ട് കൂടിയാണ്. ഇതൊക്കെ കാരണം കണ്ണൂരിനേക്കാള്‍ അഴീക്കോട് മല്‍സരിക്കുന്നതിനാണ് രാഗേഷിന്റെയും അനുയായികളുടെയും ആലോചന.
നേരത്തേ കെ സുധാകരന്റെ അനുയായിയായ പി കെ രാഗേഷ് പള്ളിക്കുന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന് സഹകരണ ബാങ്കില്‍ ലീഗും രാഗേഷ് അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കമാണ് വിമത സ്ഥാനാര്‍ഥിത്വത്തില്‍ കലാശിച്ചത്. ബാങ്ക് പ്രശ്‌നത്തില്‍ കെ സുധാകരന്‍ രാഗേഷിനെ കൈവിട്ടതോടെ, എ ഗ്രൂപ്പ് രാഗേഷിനൊപ്പം നിന്നു. മാസങ്ങള്‍ നീണ്ട ഗ്രൂപ്പുപോരിനൊടുവിലാണ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി പി കെ രാഗേഷ് ജയിച്ചുകയറിയത്.
കണ്ണൂര്‍ ആദ്യമായി കോര്‍പറേഷനായപ്പോള്‍ തന്നെയുണ്ടായ തിരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികള്‍ക്ക് 27 വീതം സീറ്റുകള്‍ ലഭിച്ചപ്പോള്‍ രാഗേഷ് ഇടതുപക്ഷത്തിനു പിന്തുണ നല്‍കി. ഇതോടെ സിപിഎമ്മിലെ ഇ പി ലത പ്രഥമ മേയറായെങ്കിലും ഡെപ്യൂട്ടി മേയര്‍ വോട്ടെടുപ്പില്‍ നിന്ന് രാഗേഷ് വിട്ടുനിന്നു. തുല്യവോട്ട് ലഭിച്ചതിനെ തുടര്‍ന്ന് നറുക്കിട്ടപ്പോള്‍ ഭാഗ്യം തുണച്ചത് ലീഗിലെ സി സമീറിനെ. തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം നടത്തിയ സമവായ ചര്‍ച്ചയെ തുടര്‍ന്ന് രാഗേഷ് ഉന്നയിച്ച ഒമ്പതിന ആവശ്യങ്ങളില്‍ നടപടിയെടുക്കാമെന്ന ഉറപ്പുനല്‍കി. ഇതോടെ യുഡിഎഫിനൊപ്പം രാഗേഷ് നില്‍ക്കുകയും കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റികളില്‍ എട്ടില്‍ ഏഴും യുഡിഎഫ് നേടുകയും ചെയ്തു. കെ സുധാകരനും പി കെ രാഗേഷും തമ്മിലുള്ള വാക്‌പോരിനു ശമനമുണ്ടായെങ്കിലും പടലപ്പിണക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
കോര്‍പറേഷനില്‍ ആറുമാസം കഴിഞ്ഞാല്‍ രാഗേഷിന്റെ പിന്തുണയോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് മേയര്‍ സ്ഥാനം തിരിച്ചുപിടിക്കാനും യുഡിഎഫില്‍ നീക്കംനടത്തുന്നതിനിടെയാണ് പി കെ രാഗേഷ് വീണ്ടും കോണ്‍ഗ്രസിനും യുഡിഎഫിനും തലവേദന സൃഷ്ടിക്കുന്നത്.
സിപിഎമ്മാവട്ടെ, ജില്ലയിലെ സ്ഥാനാര്‍ഥി പട്ടിക നേതൃത്വത്തിനു നല്‍കിയപ്പോള്‍ അഴീക്കോട്ടും കണ്ണൂരും ഒഴിച്ചിട്ടിരിക്കുകയാണ്. അഴീക്കോട് എം വി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ നികേഷ് കുമാറിന്റെ പേര് ഉയര്‍ന്നിട്ടുണ്ടെങ്കിലും പി കെ രാഗേഷിന്റെ നിലപാട് കൂടി എല്‍ഡിഎഫ് ഉറ്റുനോക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss