|    Jan 24 Tue, 2017 6:29 am

കണ്ണൂരില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്നുമരണം

Published : 12th July 2016 | Posted By: SMR

ഇരിട്ടി (കണ്ണൂര്‍): ഇരിട്ടിക്കടുത്ത പുന്നാട്ട് സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് ഇരുബസ്സിലെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. 43 പേര്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 11ഓടെ പുന്നാട് കുളത്തിനു സമീപമാണു സംഭവം. മട്ടന്നൂരില്‍നിന്ന് ഇരിട്ടിയിലേക്ക് വരുകയായിരുന്ന പ്രസാദം ബസ്സും ഇരിട്ടിയില്‍നിന്നു തലശ്ശേരിയിലേക്കു പോവുകയായിരുന്ന മേരിമാത ബസ്സും തമ്മിലാണു കൂട്ടിയിടിച്ചത്.
മേരിമാത ബസ് ഡ്രൈവര്‍ കരിക്കോട്ടക്കരി കൊട്ടുകപ്പാറയിലെ ജിജോ(36), പ്രസാദം ബസ് ഡ്രൈവര്‍ മീത്തലെ പുന്നാട്ടെ മുരിക്കോളി സുരേഷ്(38), തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്ത്രീ എന്നിവരാണു മരിച്ചത്. പരിക്കേറ്റ യാത്രക്കാരെ കണ്ണൂര്‍ എകെജി, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരു ബസ്സുകളിലും കുടുങ്ങിയവരെ പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അമിതവേഗത്തിലെത്തിയ പ്രസാദം ബസ് മറ്റൊരു ബസ്സിനെ മറികടക്കവെയാണ് അപകടം. ഇരുബസ്സുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ റോഡിലേക്ക് തെറിച്ചുവീണു. മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആംബുലന്‍സുകളിലാണ് പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കരിക്കോട്ടക്കരി കൊട്ടകപ്പാറയിലെ കാലായില്‍ തങ്കച്ചന്റെയും അന്നമ്മയുടെയും ഏക മകനാണ് ജിജോ. ഭാര്യ: വിനയ. ജിജോയുടെ വിവാഹം കഴിഞ്ഞിട്ട് 10 ദിവസമേ ആയിട്ടുള്ളൂ. മീത്തലെ പുന്നാട് കല്ലങ്കോട്ടെ മഞ്ഞപ്പാറഹൗസില്‍ പരേതനായ കുഞ്ഞിരാമന്റെയും മീനാക്ഷിയുടെയും മകനാണ് സുരേഷ്. ഭാര്യ: മീഷ: മക്കള്‍: നന്ദന, മൂന്നുമാസം പ്രായമായ മകള്‍. സഹോദരങ്ങള്‍: ഗോപാലന്‍, മാധവന്‍, പത്മനാഭന്‍, പുരുഷോത്തമന്‍, സരസ്വതി, ശ്രീമതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക