|    Jan 24 Tue, 2017 2:32 am

കണ്ണൂരില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരേ അവിശ്വാസപ്രമേയം

Published : 31st May 2016 | Posted By: SMR

കണ്ണൂര്‍: കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ മുസ്‌ലിംലീഗിലെ സി സമീറിനെതിരേ എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കി. എല്‍ഡിഎഫ് കോര്‍പറേഷന്‍ പാര്‍ലിമെന്ററി ചെയര്‍മാന്‍ എന്‍ ബാലകൃഷ്ണനാണ് തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ പി ബാലകിരണിനു അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. കൗണ്‍സിലില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷമെന്നും ആയതിനാല്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരേ അവിശ്വാസപ്രമേയം അനുവദിക്കണമെന്നും നോട്ടീസിലുണ്ട്. കൗണ്‍സിലര്‍ തൈക്കണ്ടി മുരളീധരനും കൂടെയുണ്ടായിരുന്നു.
സ്വതന്ത്ര കൗണ്‍സിലര്‍ പി കെ രാഗേഷിന്റെ കൂടി പിന്തുണയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കില്‍ അവിശ്വാസം കൊണ്ടുവരാമെന്നാണു ചട്ടം. നോട്ടീസ് നല്‍കിയതിനാല്‍ 15 ദിവസത്തിനുള്ളില്‍ കൗണ്‍സില്‍ യോഗം വിളിച്ച് അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ചയും വോട്ടെടുപ്പും നടത്തും. തിയ്യതി നിശ്ചയിച്ച് കലക്ടര്‍ തന്നെയാണ് എല്ലാ കൗണ്‍സിലര്‍മാര്‍ക്കും നോട്ടീസ് നല്‍കുക. ആകെയുള്ള 57 സീറ്റുകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 സീറ്റുകളും കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന് ഒരു സീറ്റുമാണ്. നിലവില്‍ സിപിഎമ്മിലെ ഇ പി ലത മേയറും യുഡിഎഫിലെ സി സമീര്‍ ഡെപ്യൂട്ടി മേയറുമായാണു ഭരണം നടക്കുന്നത്.
പഞ്ഞിക്കീല്‍ വാര്‍ഡില്‍ നിന്നു കോണ്‍ഗ്രസ് വിമതനായി ജയിച്ച പി കെ രാഗേഷ് മേയര്‍ തിരഞ്ഞെടുപ്പില്‍ പിന്തുണച്ചതോടെയാണ് പ്രഥമ കോര്‍പറേഷന്‍ ഭരണം ഇടതുപക്ഷത്തിനു സ്വന്തമായത്. അന്നുതന്നെ പി കെ രാഗേഷിനു ഡെപ്യൂട്ടി മേയര്‍ പദവി സിപിഎം ജില്ലാ നേതൃത്വം ഉള്‍പ്പെടെ വാഗ്ദാനം ചെയ്‌തെങ്കിലും വഴങ്ങിയില്ല.
ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് രാഗേഷ് വിട്ടുനിന്നതോടെ ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ട് ലഭിക്കുകയും നറുക്കെടുപ്പില്‍ സി സമീറിന് പദവി ലഭിക്കുകയുമായിരുന്നു. അതേസമയം, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പില്‍ രാഗേഷ് യുഡിഎഫിനൊപ്പം നിന്നതോടെ എട്ടില്‍ ഏഴും യുഡിഎഫിന് ലഭിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ആറുമാസം പിന്നിട്ടിട്ടും ആവശ്യങ്ങളിന്‍മേല്‍ നടപടിയെടുത്തില്ലെന്നാരോപിച്ച് രാഗേഷ് വീണ്ടും ഉടക്കുകയും നിയമസഭ തിരഞ്ഞെടുപ്പില്‍ അഴീക്കോട്ട് ലീഗ് സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിക്കുകയും ചെയ്തു. ഇതോടെ, അനുരഞ്ജന സാധ്യതകളെല്ലാം മങ്ങിയെന്നുറപ്പായ ഡിസിസി നേതൃത്വം രാഗേഷിനെയും അനുയായികളെയും വീണ്ടും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
ഇതിനിടെയാണ് ഭരണകാലാവധിക്ക് ആറുമാസം പൂര്‍ത്തിയായതിനാല്‍, പി കെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കി കോര്‍പറേഷന്‍ ഭരണം പൂര്‍ണമായും കൈപ്പിടിയിലൊതുക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. അതേസമയം, പി കെ രാഗേഷിനു ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കുമെന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ ധാരണയായി. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനം ഘടകക്ഷികളും അംഗീകരിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ സിപിഐയും ചില സിപിഎം കൗണ്‍സിലര്‍മാരും നേരിയ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കോര്‍പറേഷന്‍ ഭരണം പൂര്‍ണമായും കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കത്തെ പിന്തുണയ്ക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക