|    Feb 27 Mon, 2017 5:43 am
FLASH NEWS

കണ്ണൂരില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പ്രതിനിധി സംഘം

Published : 25th October 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ജില്ലാതല സര്‍വകക്ഷി സമാധാന യോഗത്തില്‍ പുത്തന്‍ നിര്‍ദേശങ്ങള്‍. ഇന്നലെ വൈകീട്ട് അഞ്ചിനു കലക്്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ നിര്‍ദേശങ്ങളുയര്‍ന്നത്. ജില്ലയിലെ എല്ലാ വില്ലേജുകളിലും എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച സര്‍വകക്ഷി യോഗം ചേരും. അക്രമങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും യോഗം ചേരാനാണു തീരുമാനം. പ്രദേശത്തെ എസ്‌ഐ കണ്‍വീനറും വില്ലേജ് ഓഫിസര്‍ ജോയിന്റ് കണ്‍വീനറുമായാണു കമ്മിറ്റി രൂപീകരിക്കുക. ഇതില്‍ പ്രദേശത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിക്കും. രണ്ടുമാസം മുമ്പ് നടന്ന ജില്ലാ സമാധാന യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശം അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരുത്തും. ഇതിനുപുറമെ, എവിടെയെങ്കിലും അക്രമസംഭവങ്ങളുണ്ടായാല്‍ അന്നു വൈകീട്ട് അഞ്ചിനു മുമ്പ് തന്നെ ജില്ലാതല സമാധാന കമ്മിറ്റി യോഗം ചേരും. വൈകീട്ട് അഞ്ചിനു ശേഷമാണു അക്രമമെങ്കില്‍ പിറ്റേന്നു യോഗം ചേരും. നോട്ടീസോ അറിയിപ്പോ നല്‍കാതെയായിരിക്കും അടിയന്തര യോഗം ചേരുക. മാത്രമല്ല, കൊലപാതകം നടക്കുകയാണെങ്കില്‍ ഒരാഴ്ചയ്ക്കകം സര്‍വകക്ഷി പ്രതിനിധി സംഘം വീടുകള്‍ സന്ദര്‍ശിക്കും. ഇതിനു വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വത്തില്‍പെട്ട മൂന്നുപേരടങ്ങുന്ന സര്‍വകക്ഷി പ്രതിനിധി സംഘം രൂപീകരിക്കും. ഇതിനായി മൂന്നുപേരുടെ വീതം പാനല്‍ തയ്യാറാക്കാനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ഥിച്ചു. നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ മന്ത്രിമാരോ എംഎല്‍എമാരോ യോഗത്തിനെത്തിയിരുന്നില്ല. മുഖ്യമന്ത്രി ഇടപെട്ട് സമാധാന യോഗം വിളിച്ചാല്‍ മാത്രമേ പങ്കെടുക്കൂവെന്നും അല്ലെങ്കില്‍ യോഗം ബഹിഷ്‌കരിക്കുമെന്നും ബിജെപി-ആര്‍എസ്എസ് നേതൃത്വം ആദ്യം അറിയിച്ചിരുന്നെങ്കിലും അവരും പങ്കെടുത്തിരുന്നു. രാത്രി 8.20 വരെ നീണ്ടുനിന്ന യോഗത്തില്‍ ജില്ലയിലെ അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടികളെടുക്കാന്‍ പോലിസിനു എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കി. അക്രമസംഭവങ്ങളില്‍ സിപിഎം, ബിജെപി നേതാക്കള്‍ പരസ്പരം പഴിചാരി സംസാരിച്ചെങ്കിലും ക്രിയാത്മക നിര്‍ദേശങ്ങള്‍ വേണമെന്നതായിരുന്നു പൊതുവെയുള്ള ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകക്ഷി പ്രതിനിധി സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചിട്ടില്ല. യോഗത്തില്‍ ജില്ലാ കലക്്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പോലിസ് ചീഫ് കോറി സഞ്ജയ്കുമാര്‍ ഗുരുദിന്‍, സബ് കലക്്ടര്‍ നവ്‌ജ്യോത് ഖോസ, അസി. കലക്്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം മുഹമ്മദ് യൂസുഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ പി സഹദേവന്‍, ഒ വി നാരായണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കെ രഞ്ജിത്ത്, വല്‍സന്‍ തില്ലങ്കേരി(ആര്‍എസ്എസ്), മാര്‍്ട്ടിന്‍ ജോര്‍ജ്ജ്, പുരുഷോത്തമന്‍(കോണ്‍ഗ്രസ്), എ പ്രദീപന്‍, സി പി ഷൈജന്‍(സിപിഐ), കെ കെ അബ്്ദുല്‍ജബ്ബാര്‍, ബഷീര്‍ കണ്ണാടിപ്പറമ്പ്(എസ്ഡിപിഐ), പി കുഞ്ഞുമുഹമ്മദ്(മുസ്്‌ലിംലീഗ്) തുടങ്ങി വിവിധ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day