|    Jan 17 Tue, 2017 10:56 pm
FLASH NEWS

കണ്ണൂരില്‍ കണ്ണുവച്ച് മുന്നണികള്‍

Published : 5th March 2016 | Posted By: SMR

ഹനീഫ എടക്കാട്

കണ്ണൂര്‍: ആര്‍ ശങ്കറും പാമ്പന്‍മാധവനും ഇ അഹമ്മദും മല്‍സരിച്ച് വിജയിച്ച പാരമ്പര്യമുള്ള മണ്ഡലമാണ് കണ്ണൂര്‍. നാളിതുവരെ കോണ്‍ഗ്രസിനെയും മുസ്‌ലിം ലീഗിനെയും വരിച്ച മണ്ഡലം ഇക്കുറിയും യുഡിഎഫിനെ കൈവിടില്ലെന്ന പ്രതീക്ഷയാണ് ഭരണപക്ഷത്തിനുള്ളത്. കണ്ണൂര്‍ ജില്ലയെ ഇടതുശക്തി കേന്ദ്രമെന്ന് വിശേഷിപ്പിക്കുമ്പോഴും ആസ്ഥാനകേന്ദ്രം എന്നും യുഡിഎഫ് കൈപിടിയിലൊതുക്കുന്നത് എല്‍ഡിഎഫിനെ, പ്രത്യേകിച്ച് സിപിഎമ്മിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. കോണ്‍ഗ്രസ് വിമതരെ വരെ സ്വതന്ത്രരായി പരീക്ഷിച്ച് കൈപൊള്ളിയതാണ് കണ്ണൂരില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ചരിത്രം. ഇക്കുറിയെങ്കിലും ഇതു തിരുത്തിയെഴുതണമെന്ന് സിപിഎമ്മിനുണ്ടെങ്കിലും തങ്ങള്‍ക്ക് ഭയമേതുമില്ലെന്നാണ് യുഡിഎഫ് ക്യാംപ് ആത്മവിശ്വാസത്തോടെ പറയുന്നത്.
കണ്ണൂര്‍ കോര്‍പറേഷനും മുണ്ടേരിപഞ്ചായത്തും ചേര്‍ന്നതാണ് ഇപ്പോഴത്തെ കണ്ണൂര്‍ മണ്ഡലം. നേരത്തെ ഇത് കണ്ണൂര്‍ നഗരസഭയും എളയാവൂര്‍, ചേലോറ, എടക്കാട്, മുണ്ടേരിപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതായിരുന്നു. കോര്‍പറേഷന്‍ യുഡിഎഫിന് വ്യക്തമായ അധിപത്യമുള്ള പ്രദേശമാണെങ്കിലും കന്നിതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. യുഡിഎഫിലെ രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് കോര്‍പറേഷനിലെ പ്രഥമ മേയര്‍ പദവിയും സിപിഎം അടിച്ചെടുക്കുകയും ചെയ്തു. ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരില്‍ മനക്കോട്ട കെട്ടിയാണ് എല്‍ഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.
തിരഞ്ഞെടുപ്പിന്റെ സമീപ ചരിത്രം പരിശോധിച്ചാല്‍ 1987മുതലുള്ള നിയമസഭാ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നത് ശീലമാക്കിയ മണ്ഡലമാണിത്. 1987ല്‍ പി ഭാസ്‌കരനും 1991ല്‍ എന്‍ രാമകൃഷ്ണനും വിജയിച്ചപ്പോള്‍, 1996, 2001, 2006 തിരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ എംഎല്‍എയായതും ഇവിടെ നിന്നാണ്. ഏറ്റവും ഒടുവില്‍ 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എ പി അബ്ദുല്ലുക്കുട്ടിയാണ് കോണ്‍ഗ്രസിന് വേണ്ടി മല്‍സരിച്ച് ജയിച്ചത്. യുഡിഎഫ് നരിമടയെന്ന് സിപിഎം സംസ്ഥാനസമിതിയംഗം എം വി ജയരാജന്‍ വിശേഷിപ്പിച്ച മണ്ഡലം കൂടിയാണ് കണ്ണൂര്‍. സിപിഎമ്മില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസിലെത്തിയ എ പി അബ്ദുല്ലക്കുട്ടിയോട് 2009ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടി തോറ്റപ്പോഴാണ് എം വി ജയരാജന്‍ കണ്ണൂര്‍ മണ്ഡലത്തെ ഇങ്ങിനെ വിശേഷിപ്പിച്ചത്. അതുകൊണ്ടു തന്നെ പലപ്പോഴും സിപിഎം ഘടകകക്ഷികള്‍ക്കായി ദാനംനല്‍കുന്ന മണ്ഡലം കൂടിയാണ് കണ്ണൂര്‍.
എന്നാല്‍, ഇക്കുറി കണ്ണൂരില്‍ സിറ്റിങ് എംഎല്‍എ എ പി അബ്ദുല്ലക്കുട്ടി മല്‍സരിക്കില്ലെന്നാണ് കോണ്‍ഗ്രസ്സില്‍ അടക്കിപ്പിടിച്ച സംസാരം. വിജയം ഉറപ്പായ കണ്ണൂരില്‍ കെ സുധാകരന്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമറിയിച്ചതും ഡിസിസി അതിന് പച്ചക്കൊടി വീശിയതുമാണ് അബ്ദുല്ലക്കുട്ടിയ്ക്ക് മാര്‍ഗ തടസ്സമായത്. എന്നാല്‍, എല്‍ഡിഎഫില്‍ ഏതുകക്ഷി മല്‍സരിക്കുമെന്നോ സ്ഥാനാര്‍ഥിയാരെന്നോ അറിയണമെങ്കില്‍ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടിവരും.
കോര്‍പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് വിമതനുമായ പി കെ രാഗേഷിനെ കളത്തിലിറക്കി ഒരുകൈ നോക്കാനാണ് സിപിഎമ്മില്‍ ആലോചന നടക്കുന്നത്. എസ്ഡിപിഐയ്ക്ക് നിര്‍ണായക വോട്ടുള്ള മണ്ഡലമാണ് കണ്ണൂര്‍. എസ്ഡിപിഐ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടതും കണ്ണൂര്‍മണ്ഡലത്തിലാണ്. അതുകൊണ്ടുതന്നെ ജില്ലാനേതാവിനെ തന്നെ ഇവിടെ മല്‍സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക