|    Oct 18 Wed, 2017 9:44 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Published : 14th October 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ പാചകത്തൊഴിലാളി  സിറ്റി ഐറ്റാണ്ടി പൂവളപ്പില്‍ മന്നാസ ഹൗസില്‍ എം ഫാറൂഖ് (43) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സിറ്റി വെത്തിലപ്പള്ളിയിലെ റഊഫ് എന്ന കട്ട റഊഫി(29)നെ പോലിസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച ആയുധം ഇയാളില്‍ നിന്നു കണ്ടെത്തി.
ഇന്നലെ രാവിലെ 10.30ഓടെ കണ്ണൂര്‍ സിറ്റി സെന്‍ട്രലിലെ ബര്‍മ ഹോട്ടലിന് എതിര്‍വശത്താണ് സംഭവം. ഹോട്ടലില്‍ നിന്നിറങ്ങി റോഡരികിലൂടെ പോവുകയായിരുന്ന ഫാറൂഖിനെ പ്രകോപനമില്ലാതെ റഊഫ് വെട്ടിയും കുത്തിയും പരിക്കേല്‍പിക്കുകയായിരുന്നു. ഇരുകൈകള്‍ക്കും വയറിനും പിന്‍ഭാഗത്തും കുത്തേറ്റ ഫാറൂഖിനെ ഉടന്‍ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 12ഓടെ മരണപ്പെട്ടു. സംഭവസ്ഥലത്തിനു സമീപം പട്രോളിങ് നടത്തുകയായിരുന്ന പോലിസുകാര്‍ എത്തിയപ്പോഴേക്കും ഇവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സഹോദരനോടൊപ്പം ബൈക്കില്‍ കയറി പ്രതി രക്ഷപ്പെടുകയായിരുന്നു. വൈകീട്ടോടെ നീര്‍ച്ചാലില്‍ നിന്നാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന്-കഞ്ചാവ് വില്‍പന കേസിലും എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസുകളിലും പ്രതിയാണ് റഊഫ്.
ഫാറൂഖിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രാത്രി സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
അഴീക്കോട് മീന്‍കുന്നിലെ നസീമയാണ് ഭാര്യ. മക്കള്‍: ഫര്‍ഹാന്‍, ഫഹദ് (ഇരുവരും വിദ്യാര്‍ഥികള്‍). പിതാവ്: പരേതനായ മീരാസ. മാതാവ്: സാറൂമ്മ. സഹോദരങ്ങള്‍: അഷ്‌റഫ്, ഇബ്രാഹീം, റൗദ, ആമിന, തസ്‌ലീമ, സമീറ, ഷമീന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക