|    Apr 20 Fri, 2018 1:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കണ്ണൂരിലെ സംഘര്‍ഷം: സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തെത്തുടര്‍ന്ന് നഷ്ടമായ സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ ശക്തവും നിഷ്പക്ഷവുമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
അക്രമികള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കി. അക്രമസംഭവങ്ങളിലെ പ്രതികളെ പോലിസ് സ്റ്റേഷനില്‍ നിന്നു ബലം പ്രയോഗിച്ച് മോചിപ്പിക്കുന്നതും, വീടുകളും രാഷ്ട്രീയപ്പാര്‍ട്ടി ഓഫിസുകളും കയറിയുള്ള ആക്രമണങ്ങളും അനുവദിക്കില്ലെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി അറിയിച്ചു. നിയമപരമായി പ്രതികളെ മോചിപ്പിക്കുന്നതിന് ആരും എതിരല്ല. അതേസമയം, ആള്‍ബലത്തിന്റെ ഭാഗമായി പ്രതികളെ മോചിപ്പിക്കുന്ന പ്രവണത ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് യോഗത്തില്‍ നേതാക്കള്‍ ഉറപ്പു നല്‍കി.
കണ്ണൂരില്‍ ബോംബിന്റെയും ആയുധത്തിന്റെയും നിര്‍മാണം വ്യാപകമാവുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ തീവ്രപരിശോധനകള്‍ നടത്താന്‍ പോലിസിനു നിര്‍ദേശം നല്‍കും. ആരാധനാലയങ്ങളെ ചില പ്രത്യേക സംഘടനകളും പാര്‍ട്ടികളും കൈവശം വയ്ക്കുന്ന നടപടി അംഗീകരിക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായി. വീടുകളും പാര്‍ട്ടി ഓഫിസുകളും ആക്രമിക്കുന്ന പ്രവണതയും തുടരാന്‍ അനുവദിക്കില്ല. താമസിക്കുന്ന വീടാണ് മനുഷ്യന്റെ ഏറ്റവും വലിയ സംരക്ഷണസ്ഥാനമെന്ന വിശ്വാസം തകര്‍ന്നിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്ന് പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്.
യോഗത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് അക്രമം വെടിയാന്‍ അണികള്‍ തയ്യാറാവുമെന്നാണ് വിശ്വാസം. എന്നാല്‍, ഇത് അംഗീകരിക്കാതെ അക്രമം നടത്തുന്നവര്‍ ഏതു രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പെട്ടവരായാലും അവരെ ബന്ധപ്പെട്ടവര്‍ തന്നെ തള്ളിപ്പറയണമെന്നതാണ് യോഗത്തില്‍ പൊതുവായുണ്ടായ ധാരണ. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കമെന്ന യോഗത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടു. പ്രാദേശികമായി ഉണ്ടാവുന്ന രാഷ്ട്രീയതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അതതു സ്ഥലങ്ങളില്‍ ചര്‍ച്ചയ്ക്കുള്ള വേദിയൊരുക്കും.
നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികളുടെ യോഗം മാത്രമാണ് വിളിച്ചത്. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളുമായും വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കും. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നേരത്തേ ജില്ലാ കലക്ടര്‍തലത്തിലും മന്ത്രിതലത്തിലും നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നത്.
രമേശ് ചെന്നിത്തല, കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, എ സി മൊയ്തീന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, വി എം സുധീരന്‍, കുമ്മനം രാജശേഖരന്‍, എം വി ഗോവിന്ദന്‍, സി കെ നാണു, കെ കൃഷ്ണന്‍കുട്ടി, പി സി ജോര്‍ജ്, കെ എം മാണി, കോവൂര്‍ കുഞ്ഞുമോന്‍, പി കെ കുഞ്ഞാലിക്കുട്ടി, ജോണി നെല്ലൂര്‍, കെ പി എ മജീദ്, പി കെ കൃഷ്ണദാസ്, കെ ആര്‍ അരവിന്ദാക്ഷന്‍, വിജയന്‍ പിള്ള, ജി സുഗുണന്‍, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss