|    May 23 Tue, 2017 10:52 am
FLASH NEWS

കണ്ണൂരിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് : മുഖ്യമന്ത്രി നിയമസഭയില്‍

Published : 19th October 2016 | Posted By: G.A.G

pinarayii-sabha

തിരുവനന്തപുരം :കണ്ണൂരിലെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമാകുന്നത്
ആര്‍എസ് എസിന്റെ ഇടപെടലുകളാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ആര്‍.എസ്.എസുകാര്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസുകളിലെ പ്രതികള്‍ ജില്ലക്ക് പുറത്തുള്ളവരാണെന്നും  പിണറായി പറഞ്ഞു. ജില്ലയിലെ അക്രമ സംഭവങ്ങള്‍ സഭ നിറുത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ജനങ്ങളുടെ സമാധാന ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന്  അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ കെ.സി ജോസഫ് ആരോപിച്ചു. കേന്ദ്രം ഭരിക്കുന്ന കക്ഷിയും സംസ്ഥാനം ഭരിക്കുന്ന കക്ഷിയും ജില്ലയില്‍ മല്‍സരിച്ച് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുകയാണ്. ഇത് കേരളത്തിന് അപമാനകരമാണെന്നും കെസി ജോസഫ് ചൂണ്ടിക്കാട്ടി.
അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ കണ്ണൂരില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൊലപാതകങ്ങള്‍ കുറവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൊലപാതകങ്ങളുടെ കാര്യത്തില്‍ കണ്ണൂരിന് ആറാം സ്ഥാനമാണെന്നും ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യം കണ്ണൂരില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസുകാര്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസുകളിലെ പ്രതികള്‍ വയനാട്, തിരുവനന്തപുരം, കാസര്‍കോട് ജില്ലക്കാരാണെന്നും പിണറായി പറഞ്ഞു. ബോധപൂര്‍വമായ ആര്‍.എസ്.എസ് നീക്കങ്ങളെ എതിര്‍പക്ഷത്തുള്ള രാഷ്ട്രീയ കക്ഷിയും വികാരപരമായി കാണുമെന്നും അപ്പോള്‍ സംഘര്‍ഷമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്തിന്റെ കൊലപാതകത്തിന് വഴിവെച്ചത് ഇതാണെന്നും പിണറായി വിശദീകരിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day