|    Mar 24 Fri, 2017 9:52 am
FLASH NEWS

കണ്ണൂരിലെ അക്രമം; മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് യുഡിഎഫ് നേതാക്കള്‍

Published : 23rd September 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ കൊലപാതക രാഷ്ട്രീയത്തിനെതിരേ യുഡിഎഫ് സംസ്ഥാന കമ്മിറ്റി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച സമാധാന സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അതിരൂക്ഷ വിമര്‍ശനം. ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുതല്‍ അവസാനം പ്രസംഗിച്ച ഉമ്മന്‍ചാണ്ടിവരെയുള്ള നേതാക്കള്‍ അതിരൂക്ഷമായ ഭാഷയിലാണ് പിണറായി വിജയനെ പേരെടുത്തും പേരു പറയാതെയും വിമര്‍ശിച്ചത്.
കുറ്റവാളിയുടെ മനസ്സാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ കണ്ട് ആസ്വദിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 115 ദിവസത്തിനിടെ കണ്ണൂരില്‍ മാത്രം 312 അക്രമങ്ങളും ആറ് കൊലപാതകങ്ങളും നടന്നു. സംസ്ഥാനത്ത് 70 പേരാണ് കൊല്ലപ്പെട്ടത്. 15 വയസ്സുകാരി മുതല്‍ 90 വയസ്സുകാരിക്ക് വരെ രക്ഷയില്ലാതായി. ഇങ്ങനെയൊരു മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് ഭരണകാലത്ത് അക്രമസംഭവങ്ങളുണ്ടാവുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഓടിയെത്തിയിരുന്നു. സമാധാനയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ അതൊന്നും കാണുന്നില്ല. മന്ത്രിമാര്‍ക്ക് സമയമില്ലാഞ്ഞിട്ടല്ല. കുറ്റബോധംകൊണ്ടാണ് സമാധാനയോഗം വിളിക്കാത്തതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. സിപിഎം ബോധപൂര്‍വം നിയമം കൈയിലെടുക്കുകയാണ്. നേതാക്കള്‍ തന്നെ പോലിസ് സ്‌റ്റേഷനിലെത്തി കലാപഭൂമിയാക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.—
ധിക്കാരിയായ മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നും ഇതുപോലൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരിലെ കൊലപാതകം പിണറായി വിജയനറിയാതെ നടക്കില്ല. ഐഎസിനെയാണ് എല്ലാവരും ഭീകരവാദികളായി കാണുന്നത്. അവര്‍ ഒരു വെട്ടിന് കൊലപ്പെടുത്തുമ്പോള്‍ ഇവിടെ 67ഉം 57ഉം വെട്ടിയാണ് കൊല്ലുന്നത്. ലോക ഭീകരതയല്ലേ ഇതെന്നും സുധാകരന്‍ ചോദിച്ചു. പിണറായി വിജയനാണ് അക്രമത്തിന് അനുമതി നല്‍കുന്നതെന്നും സുധാകരന്‍ ആരോപിച്ചു. ചടങ്ങില്‍ സംസാരിച്ച പി കെ കുഞ്ഞാലിക്കുട്ടി, സി പി ജോ ണ്‍, ജോണി നെല്ലൂര്‍ എന്നിവരും ഭരണത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയുമാണു സംസാരിച്ചത്.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക