|    Nov 15 Thu, 2018 10:04 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കണ്ണൂരിലും തൃശൂരിലും ഉരുള്‍പൊട്ടല്‍; കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; നിരവധി ഡാമുകള്‍ തുറന്നുസ്വന്തം പ്രതിനിധി

Published : 1st August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഒഡീഷ തീരത്തെ അന്തരീക്ഷച്ചുഴിയാണ് സംസ്ഥാനത്ത് കനത്ത മഴയ്ക്കു കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്ത് നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു. ഇന്നലെ രാവിലെ ആറോടെയാണ് ജോര്‍ജ്കുട്ടി ജോണ്‍ (74) മരിച്ചത്.
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. നദികള്‍ പലതും കരകവിഞ്ഞു. ഇടിയിലും മിന്നലിലും പലയിടത്തും നാശനഷ്ടമുണ്ടായി. കടലാക്രമണവും രൂക്ഷമായി തുടരുകയാണ്. കനത്ത മഴയില്‍ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് വൈകി. തിരുവനന്തപുരം സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ടതും എത്തേണ്ടതുമായ എല്ലാ ട്രെയിനുകളെയും ഇതു ബാധിച്ചു. നാളെ വരെ സംസ്ഥാനത്ത് കാറ്റോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത്.
തിരുവനന്തപുരം ജില്ലയില്‍ നെയ്യാര്‍, അരുവിക്കര, പേപ്പാറ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ അണക്കെട്ടില്‍ നാലു ഷട്ടറുകള്‍ ഒരടി തുറന്നപ്പോള്‍ അരുവിക്കരയില്‍ ഒന്നര മീറ്ററും പേപ്പാറയില്‍ ഒന്നര സെന്റിമീറ്ററുമാണ് ഉയര്‍ത്തിയത്. അപ്പര്‍ കുട്ടനാട്ടിലും മഴ ശക്തമായി തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ആനത്തോട് ഡാമിന്റെ ഷട്ടറുകളും തുറക്കേണ്ട സാഹചര്യമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ ആറളം വനത്തില്‍ ഉരുള്‍പൊട്ടി ആറളം ഫാം-കീഴ്പ്പള്ളി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. മേഖലയിലെ രണ്ടു തൂക്കുപാലങ്ങള്‍ ഒഴുകിപ്പോയി. വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ചര്‍ സി വിജിത്ത് ഉള്‍പ്പെടെ ആറംഗ വനപാലകര്‍ ഉള്‍വനത്തില്‍ കുടുങ്ങി. ഇവരെ അഞ്ചു മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി.
കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴയില്‍ വെള്ളം കയറി ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കക്കയം-തലയാട് റോഡില്‍ 26ാം മൈല്‍ ഭാഗത്ത് മലയിടിഞ്ഞു ഗതാഗതം മുടങ്ങി. വാഴച്ചാല്‍ വനമേഖലയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. 15 വര്‍ഷത്തിനുശേഷം ഇതാദ്യമായി ഷോളയാര്‍ ഡാമും തുറന്നു.  സുരക്ഷ കണക്കിലെടുത്ത് ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് വിനോദസഞ്ചാരികളെ കടത്തിവിടുന്നത് നിര്‍ത്തിവച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss