|    Oct 18 Thu, 2018 12:36 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കണ്ണൂരിന്റെ കലയും കലാപവും

Published : 20th January 2017 | Posted By: fsq

കണ്ണൂര്‍: കണ്ണൂരില്‍ കല കാണാനെത്തിയാല്‍ കൊലയും കാണേണ്ടിവരുമോ എന്നത് കലോല്‍സവ നഗരിയിലേക്കുള്ള ആദ്യദിനത്തിലെ യാത്രയിലെ തമാശയായിരുന്നു. ഈ തമാശ യാഥാര്‍ഥ്യമായതിന്റെ ഞെട്ടലിലായിരുന്നു ഇന്നലെ കലോല്‍സവ നഗരി. ഓരോ കലകള്‍ക്കു പിന്നിലും ഒരു കലാപത്തിന്റെ കഥയുണ്ടാവുമെന്നാണ് ചരിത്രമതം. എന്നാല്‍, ആയിരക്കണക്കിന് കലാകാരന്മാര്‍ അണിനിരക്കുന്ന കലോല്‍സവത്തെപ്പോലും കൊലചെയ്യുന്ന തരത്തില്‍ കൊലപാതക വാര്‍ത്തയും തുടര്‍ന്നു പ്രഖ്യാപിച്ച ഹര്‍ത്താലും സംഘര്‍ഷാവസ്ഥയും കലാപത്തിന്റെ ഗണത്തില്‍പോലും പെടുത്താന്‍ കഴിയില്ലെന്ന് തെളിയിച്ചു കലാനഗരിയിലെ ദുരിതക്കാഴ്ചകള്‍. അങ്ങനെ, കലയെ നെഞ്ചേറ്റിയ ഉറഞ്ഞുതുള്ളുന്ന പരദേവതകളുടെ നാട് കലാമാമാങ്കത്തിന് ബന്ദ് പ്രഖ്യാപിച്ചവരെ പുറത്തിരുത്തി, അരങ്ങില്‍ കഥ തുടര്‍ന്നു. അസഹിഷ്ണുതയ്ക്ക് മേല്‍ സര്‍ഗവൈഭവത്തിന്റെ കഥ പറഞ്ഞുകൊടുത്തു. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ വാര്‍ത്ത കേട്ടാണ് കലോല്‍സവത്തിന്റെ നാലാംദിനം ഉണര്‍ന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ മല്‍സരാര്‍ഥികളും രക്ഷിതാക്കളും പരിശീലകരുമെല്ലാം ഹര്‍ത്താലിന്റെ ചൂടും ചൂരുമറിഞ്ഞു. കുടിവെള്ളംപോലും കിട്ടാതെ കലാകാരന്‍മാര്‍ നെട്ടോട്ടമോടി. ആതിഥേയരാവേണ്ടവരില്‍ ചിലര്‍തന്നെ അക്രമങ്ങള്‍ക്ക് അരങ്ങൊരുക്കിയപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം ദുരിതക്കാഴ്ചകളുടേതായി. ഏക ആശ്രയം കലോല്‍സവനഗരിയില്‍ സജ്ജീകരിച്ച ഭക്ഷണശാല മാത്രം. ഹോട്ടലുകളെല്ലാം അടച്ചിട്ടതിനാല്‍ കലോല്‍സവ നഗരിയിലെ ഭക്ഷണശാലയ്ക്ക് മുന്നിലെ ക്യൂ വെളുപ്പിന്തന്നെ മെയിന്‍ റോഡിലേക്ക് നീണ്ടു. ഭക്ഷണം കഴിക്കാന്‍ കാത്തുനിന്നാല്‍ അവസരം നഷ്ടപ്പെടുമെന്ന് ബോധ്യമായതോടെ മാര്‍ഗം കളിക്കാരും കോല്‍ക്കളിക്കാരും ഒഴിഞ്ഞ വയറുമായി തട്ടില്‍ക്കയറി കളിതുടങ്ങി. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ മുഖ്യ രക്ഷാധികാരി കൂടിയായ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍നിന്നുതന്നെ കൊലപാതക വാര്‍ത്തയും ഹര്‍ത്താല്‍ ആഹ്വാനവും എത്തിയതോടെ കണ്ണൂരിലേക്കായി ഇനി ചിലങ്ക കെട്ടില്ലെന്ന് നര്‍ത്തകിമാര്‍ ശപഥം ചെയ്തു. ധര്‍മടം അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ രക്തം നദികളുടെ നാമത്തിലറിയപ്പെടുന്ന കലോല്‍സവ വേദികളിലൂടെ ഒഴുക്കാന്‍ നടത്തിയ രാഷ്ട്രീയതന്ത്രം അങ്ങനെ സംസ്ഥാനത്തൊട്ടാകെ കണ്ണൂരിനെ വീണ്ടും കുപ്രസിദ്ധിയിലെത്തിച്ചു. കേട്ടറിഞ്ഞ കണ്ണൂരിന്റെ കാലുഷ്യം കൗമാരപ്രതിഭകളും കലാസ്വാദകരുമെല്ലാം കണ്ടുംകൊണ്ടുമറിഞ്ഞു. ഭയപ്പാടോടെ നിരത്തിലെത്തിയപ്പോള്‍ കണ്ടത് തട്ടുകടകള്‍ പോലും നിര്‍ബന്ധിച്ച് അടപ്പിക്കുന്ന സമരാനുകൂലികളെ. വേദിയില്‍ കലാമാമാങ്കം വര്‍ണ വിരുന്നൊരുക്കുമ്പോള്‍ പുറത്ത് അസഹിഷ്ണുതയുടെ പൊട്ടിത്തെറി ശബ്ദങ്ങളും ഭീതിയോടെ കേള്‍ക്കേണ്ടി വന്നു കലാപ്രതിഭകള്‍ക്ക്. രാവിലെ പ്രധാനവേദിക്കു വെളിയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച ഹര്‍ത്താലനുകൂലികളെ ഗ്രനേഡ് എറിഞ്ഞും ലാത്തിവീശിയും പോലിസ് വിരട്ടി. ഉച്ചയ്ക്ക് ശേഷവും നഗരത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. വിലാപയാത്രയ്ക്ക് പോലിസ് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രകോപിതരായവര്‍ വീണ്ടും രംഗത്തെത്തി. കലോല്‍സവ നഗരിക്ക് സമീപത്തെ പ്രധാന റോഡ് ഉപരോധിക്കാനും നീക്കമുണ്ടായി. പോലിസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലിനൊടുവില്‍ കലയാട്ടം കാണാനെത്തിയവര്‍ക്ക് മുന്നിലൂടെ വിലാപയാത്ര കടന്നുപോയി. എന്നാല്‍, കരുത്തിന്റെയും കര്‍മശേഷിയുടെയും കഥകളേറെ പറയാനുള്ള കണ്ണൂരില്‍ കലാകാരന്‍മാര്‍ കലാമേളയെ ഹര്‍ത്താലിനോട് സമരംചെയ്ത് വിജയിപ്പിച്ചു. അസഹിഷ്ണുതയ്ക്ക് മേല്‍ സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ എ പ്ലസ് ഗ്രേഡുമായി കഥ ഇന്നും തുടരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss