|    Jul 24 Mon, 2017 9:59 am
FLASH NEWS

കണ്ണൂരിനെ വയോജന സൗഹൃദമാക്കും; പകല്‍ വീടുകളെ സജീവമാക്കും

Published : 1st October 2016 | Posted By: Abbasali tf

കണ്ണൂര്‍: കണ്ണൂരിലെ വയോജന സൗഹൃദ ജില്ലയാക്കി മാറ്റുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് കെ വി സുമേഷ്. വയോജനങ്ങളില്‍പ്പെട്ട ഒരാള്‍ പോലും അവഗണിക്കപ്പെടാത്ത ജില്ലയായി കണ്ണൂരിനെ മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന വയോജന ആരോഗ്യ പാര്‍ക്കുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ നിന്ന് രണ്ട് വീതം വയോജനപ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയില്‍ നിലവിലുള്ള പകല്‍ വീടുകളെ സജീവമാക്കാനും അവയോടനുബന്ധിച്ച് വയോജന ആരോഗ്യ പാര്‍ക്കുകള്‍ ഒരുക്കാനുമായി ഒരു കോടി രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്. തുടക്കമെന്ന നിലയില്‍ ഓരോ പഞ്ചായത്തിലെയും ഒന്നിനെ മാതൃകാ പകല്‍ വീടാക്കി മാറ്റും. ഇവിടങ്ങളില്‍ റാമ്പുകള്‍, ആവശ്യമായ ഫര്‍ണിച്ചര്‍, വീല്‍ചെയറുകള്‍, വാട്ടര്‍ ബെഡുകള്‍, എയര്‍ ബെഡ്ഡുകള്‍, വയോജനസൗഹൃദ വ്യായാമ ഉപകര—ണങ്ങള്‍, ദിനപത്രങ്ങള്‍, ടിവി, വിനോദോപാധികള്‍ തുടങ്ങിയവ സജ്ജീകരിക്കും. വാട്ടര്‍/എയര്‍ ബെഡ് പോലുള്ള ഉപകരണങ്ങള്‍ ചുറ്റുവട്ടങ്ങളിലെ വീടുകളിലുള്ള കിടപ്പുരോഗികള്‍ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കും.മാസത്തില്‍ രണ്ടുതവണ അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം എന്നീ ചികില്‍സാരീതികള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള മെഡിക്കല്‍ ക്യാംപുകള്‍ പകല്‍ വീടുകളില്‍ സംഘടിപ്പിക്കും. പകല്‍വീടുകള്‍ സജീവമാക്കാനും മേല്‍നോട്ടത്തിനുമായി തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കും.  ഇതോടൊപ്പം ജില്ലയിലെ മുഴുവന്‍ അങ്കണവാടികളിലും വയോജനക്ലബ്ബുകള്‍ രൂപീകരിക്കും. സാമൂഹികനീതി വകുപ്പിനു കീഴിലുള്ള വൃദ്ധസദനത്തിലെ 80ഓളം അന്തോവാസികള്‍ക്ക് ആയുഷുമായി സഹകരിച്ച് യോഗ ക്ലാസു് സംഘടിപ്പിക്കും.     കൃഷി ചെയ്യാനുള്ള സൗകര്യം, പാലിയേറ്റീവ് സേവനം, കലാപരിപാടികള്‍, വിനോദയാത്രകള്‍ തുടങ്ങിയവ പകല്‍ വീടുകളുമായി ബന്ധപ്പെട്ട് ഒരുക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഒറ്റപ്പെടല്‍ ഇല്ലാതാക്കാനുള്ള വിവിധ പരിപാടികള്‍, ഓര്‍മക്കുറവ് മാറ്റിയെടുക്കാനുള്ള വഴികള്‍, ജീവിതശൈലീ രോഗങ്ങള്‍ക്കാവശ്യമായ ചികില്‍സാ സേവനങ്ങള്‍ തുടങ്ങിയവ ഇവിടെ ലഭ്യമാക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം സര്‍ക്കസ് കലാകാരന്‍ ജെമിനി ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അദ്ദേഹത്തെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി കെ സുരേഷ് ബാബു, കെ പി ജയബാലന്‍, ടി ടി റംല, അജിത് മാട്ടൂല്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക